ഐശ്വര്യത്തിന്‍റെ കാര്‍ത്തിക പൊന്‍വിളക്ക്

WEBDUNIA|
കേരളത്തില്‍ ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക. ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്‍റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്ന ദിനമാണിത്.

കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്. കുമാരനല്ലൂര്‍ കാര്‍ത്ത്യായനീദേവിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും ചക്കുളംദേവീക്ഷേത്രത്തിലെ പൊങ്കാലമഹോത്സവം ഈ ദിവസമാണ് നടക്കുന്നത്.

വൃശ്ഛികമാസത്തിലെ തൃക്കാര്‍ത്തികനാളില്‍ നടത്താറുള്ള ഹൈന്ദവാഘോഷമാണ് കാര്‍ത്തിക വിളക്ക്. തമിഴ്നാട്ടിലാണിതു പ്രധാനമെങ്കിലും കേരളത്തിലെ ചില ഭാഗങ്ങളിലും ഇത് ആഘോഷിക്കാറുണ്ട്. ക്ഷേത്രച്ചുവരുകളിലും വീടുകളിലും അന്നു സന്ധ്യയ്ക്ക് നിരയായി മണ്‍ചെരാതുകള്‍ കൊളുത്താറുണ്ട്.

അനവധി ദീപങ്ങള്‍ ഒന്നിച്ചു കത്തുമ്പോഴുണ്ടാകുന്ന ശോഭയും പ്രകാശവും അനവദ്യമായൊരു ദൃശ്യമാണ്. നെല്‍പ്പാടങ്ങളില്‍ ഓലച്ചൂട്ടു കത്തിച്ച് നിവേദ്യം കഴിക്കുകയും പിന്നീട് കുട്ടികള്‍ ചൂട്ടുമെടുത്ത് ആഘോഷപൂര്‍വം 'അരികോരരികോരരികോരെ' എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടുപോകുകയും ചെയ്യുന്ന ചടങ്ങ് ദക്ഷിണ കേരളത്തില്‍ വൃശ്ഛികത്തിലെ കാര്‍ത്തിക നാളില്‍ നടത്തുന്നു.

സുബ്രഹ്മണ്യന്‍റെ ജന്മദിനമാണ് വൃശ്ഛികമാസത്തിലെ കാര്‍ത്തിക . ശിവക്ഷേത്രങ്ങളിലും സുബ്രഹ്മണ്യക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷങ്ങളും വഴിപാടുകളും നടത്തുന്നു. വിളക്കുവെപ്പ്, മലര്‍പ്പൊരി നിവേദ്യം, എഴുന്നെള്ളിപ്പ് തുടങ്ങിയവയാണു പ്രധാനം.

വൈക്കത്തഷ്ടമിപോലെ കുമാരനല്ലൂര്‍ തൃക്കാര്‍ത്തികയും കേരളത്തിലെ ഏറെ പ്രസിദ്ധമായ ഒരാഘോഷമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :