ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ അതിപ്രധാനമായ ഉത്സവമാണ് കുംഭമാസത്തിലെ പൊങ്കാല. ദ്രാവിഡ ജനതയുടെ ആചാരവിശേഷമാണ് പൊങ്കാലയെങ്കിലും കേരളത്തിന്‍റെ തെക്കന്‍ നാടുകളില്‍ മാത്രം ആദ്യകാലങ്ങളില്‍ പ്രചരിച്ചിരുന്ന പൊങ്കാല ക്രമേണ മറ്റു സ്ഥലങ്ങളില്‍ കൂടി വ്യപരിക്കുന്നതായിട്ടാണ് കണ്ടു വരുന്നത്.
കാര്‍ത്തിക നക്ഷത്രത്തില്‍ ആരംഭിക്കുന്ന ഉത്സവപരിപാടികള്‍ കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസം (9-ാം ദിവസം) നടക്കുന്ന പൊങ്കാലയോടും തുടര്‍ന്ന് കുരുതി തര്‍പ്പണത്തോടും കൂടി സമാപിക്കുന്നു.
കുംഭമാസത്തിലെ പൂരം നാളിലാണു അറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല. കാര്‍ത്തികനാളില്‍ പൊങ്കാലമഹോത്സവത്തിന് തുടക്കം കുറിക്കും. ആറ്റുകാലമ്മയ്ക്ക് ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ് പൊങ്കാല.
ഉത്സവത്തിന്‍റെ തുടക്കമായി ഭഗവതിയുടെ കൈയില്‍ ആദ്യം കാപ്പുകെട്ടും. തുടര്‍ന്ന് മേല്‍ശാന്തിയുടെ കൈയിലും. കാപ്പുകെട്ടി ദേവിയെ കുടിയിരുത്തി കഴിഞ്ഞാല്‍ ആറ്റുകാലില്‍ തുടര്‍ന്നുള്ള ഒമ്പതു ദിവസങ്ങളില്‍ കണ്ണകീ ചരിതം തോറ്റംപാട്ട്. കണ്ണകിയുടെ കണവനായ പാലകനെ തോറ്റുന്നത് ഒമ്പതാം ദിവസമാണ്. ഇതു കഴിഞ്ഞാണ് പൊങ്കാല.
പൂരം നാളിലെ ശുഭമുഹൂര്‍ത്തത്തില്‍ മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നു തെളിക്കുന്ന ദീപം തിടപ്പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ നിവേദ്യ അടുപ്പു കത്തിക്കുന്നു.
ഉണക്കലരിയും തേങ്ങയും ശര്‍ക്കരയും പുത്തന്‍ മണ്‍കലത്തില്‍ വെച്ചു തീപൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. പൊങ്കാലപ്പായസം കൂടാതെ വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി, പാലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം എന്നിവയെല്ലാം പൊങ്കാല അടുപ്പില്‍ വേവും.
വൈകുന്നേരം മേല്‍ശാന്തി പണ്ടാര അടുപ്പിലെ നിവേദ്യം തീര്‍ത്ഥം തളിച്ച് നിവേദിക്കുന്നു. ഈ സമയം അനേകം പൂജാരിമാര്‍ തീര്‍ത്ഥജലവുമായി നാനാഭാഗങ്ങളിലേക്കു നീങ്ങീ പൊങ്കാല എവിടെയുണ്ടോ അവിടെയൊക്കെ എത്തി തീര്‍ത്ഥം തളിച്ചു നേദിക്കാം.