കേരളം പാതാളം ? മഹാബലി കേരളം ഭരിച്ചു എന്നാണല്ലോ ഐതിഹ്യ കഥ . കേരളമായിരുന്നു പാതാളമെങ്കില്‍ മാവേലി ഭരിച്ച നാടേതായിരുന്നു?മാവേലി ഇന്ത്യ- പ്രത്യേകിച്ച് മധ്യ - തെക്കന്‍ ഇന്ത്യ - ഭരിച്ചിരുന്നു എന്നുവേണം അനുമാനിക്കാന്‍.
വാമനന് വേഷ പ്രച്ഛന്നനായി വരുമ്പോള്‍ മഹാബലി ഇന്നത്തെ ഗുജ-റാത്തിലും മധ്യപ്രദേശിലും മറ്റും ഉള്‍പ്പെടുന്ന നര്‍മ്മദാ നദീതീരത്ത് യജ്ഞം നടത്തുകയായിരുന്നു എന്ന് ഓര്‍ക്കുക.
തമിഴ്നാട്ടില്‍ മഹാബലിപുരം എന്ന പേരില്‍ ഒരു നാടുണ്ട്. ഇതെല്ലാം ആ പ്രദേശങ്ങളില്‍ മഹാബലിയെക്കുറിച്ച് അറിയാമായിരുന്നു എന്നതിന്റെ സൂചനകളാണ്.
പണ്ടു കാലത്ത് തെക്കേ ഇന്ത്യ മുഴുവനും ഓണം ആഘോഷിച്ചിരുന്നു. പൂക്കളവും പൊങ്കാലയും മറ്റും ആദിമദ്രാവിഡ സംസ്കാരത്തിന്റെ ഭാഗമാണ്.
ഓണം ക്ഷേത്രോത്സവം?
തമിഴ്നാട്ടില്‍ മധുരയില്‍ വാമനന്റെ ഓര്‍മ്മയ്ക്കായി ഏഴ് ദിവസത്തെ ആഘോഷം നടത്തിയിരുന്നു. അതിന് ഇന്നത്തെ ഓണാചാരങ്ങളുമായി വളരെ സാമ്യമുണ്ടായിരുന്നു. ശ്രാവണ പൗര്‍ണമി നാളിലായിരുന്നു ആഘോഷമെന്ന് മാത്രം.
ഓണത്തല്ലിന്റെ പേരില്‍ ചേരിപ്പോര് എന്നൊരു ആചാരവും മധുരയില്‍ ഉണ്ടായിരുന്നുവെന്ന് മാകുടി മരുതനാര്‍ എഴുതിയ മധുരൈ കാഞ്ചി എന്ന കാവ്യത്തില്‍ പരാമര്‍ശിക്കുന്നു.
ഓണം തമിഴ്നാട്ടിലും കേരളത്തിലും ക്ഷേത്രാചാരമായിരുന്നു. തൃക്കാക്കരയില്‍ മുമ്പ് 28 ദിവസത്തെ ഉത്സവമായിരുന്നു. കര്‍ക്കിടകത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ ആഘോഷമുണ്ടായിരുന്നു.
ഇത് പിന്നീട് ഇല്ലാതെയായി. കേരളത്തിലിത് പത്തു ദിവസത്തെ ഉത്സവമായി ചുരുങ്ങി. എങ്കിലും കര്‍ക്കിടകത്തിലെ ഓണം കുട്ടികളുടെ ഓണമായി പിള്ളേരോണമായി ആഘോഷിക്കാറുണ്ട്.
തിരുപ്പതി വാമനക്ഷേത്രം?
കേരളത്തിലെ തൃക്കാക്കര ക്ഷേത്രമെന്നപോലെ , ആന്ധ്രയിലെ തിരുപ്പതിയും വാമന ക്ഷേത്രമാണെന്നൊരു പക്ഷമുണ്ട്. തിരുപ്പതി, തൃക്കാല്‍ക്കര എന്നീ വാക്കുകളില്‍ പരാമര്‍ശിക്കുന്ന കാല് വാമനന്റെ കാല് ആവാനേതരമുള്ളൂ.
ഓണത്തിന്റെ വേരുകള്‍ പ്രാചീന അസിറിയയില്‍ ആയിരുന്നാലും , ഓണം തെക്കേ ഇന്ത്യയുടെ പൊതുവായ ആഘോഷമായിരുന്നാലും ശരി ഇന്ന് ഓണം കേരളീയരുടെ സ്വന്തമാണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല.
ക്ഷേത്രങ്ങളില്‍ നിന്ന് വീട്ടുമുറ്റങ്ങളില്‍ ഓണത്തെ കൊണ്ടു വന്ന മലയാളികള്‍ ഇന്നതിനെ തെരുവിലേക്കിറക്കി വിടുകയാണ്.