ഗുരുഭൂതന്‍ നിറച്ചുതന്ന കെട്ടും തലയിലേറ്റി ശബരിമലയില്‍ പോവുമ്പോള്‍ ശരണം വിളിക്കാന്‍ ഭക്തിനിറഞ്ഞ ഒരു പ്രത്യേക താളമുണ്ട്. “സ്വാമിയെ കണ്ടാല്‍ മോക്ഷം കിട്ടും” എന്ന് എത്രതവണ ഈ ഭക്തന്‍ വിളിച്ചിരിക്കുന്നു. ഒരു കാര്യമുണ്ട്, ഭക്തമാനസരായി ഗുരുവായൂരും ശബരിമലയിലും പോയാല്‍ നന്ന്, അല്ലെങ്കില്‍ കിട്ടേണ്ടതു കിട്ടും!
എല്ലാ ഭക്തന്മാരുടെയും സാദാ ‘ചളുവാ’ പ്രവചനമാണ് ഇതെന്ന് കരുതിയാല്‍ തെറ്റി. ഇനിയും സംശയമുണ്ടെങ്കില്‍ സുധാകര മന്ത്രിപുംഗവനോട് ചോദിക്കൂ, അനുഭവ സാക്‍ഷ്യം അദ്ദ്യം പറഞ്ഞുതരും. സ്വാമിയെ കണ്ടാല്‍ എന്നുപറഞ്ഞാല്‍ “നാണക്കേടാവും” എന്ന് പറഞ്ഞ് പൂരിപ്പിക്കേണ്ട ഗതികേടാണ് ഇദ്ദ്യത്തിനിപ്പോള്‍!
പണ്ട്പണ്ടേ അതിയാന് അമ്പലത്തിലും പള്ളിയിലും ഒന്നും അത്ര വിശ്വാസം പോര. എന്തിനേറെ സ്വന്തം ബോര്‍ഡില്‍ പോലും കള്ളന്‍മാരാണെന്നാണ് ഈ തീപ്പൊരിയുടെ വാദം. പക്ഷേ എല്ലാത്തിനും ഒരവസാനം ഉണ്ടെന്ന് ‘പണ്ടാരാണ്ട്’ പറഞ്ഞ് എനിക്കും തനിക്കും അറിയാമല്ലോ.
നമ്മുടെ ഈ അഗ്നിനാളം ഗുരുവായൂര്‍ കൃഷ്ണന്‍റെ സവിധത്തിലും ചെന്നു. ഭക്തിയിലല്ലാ കേട്ടോ, ഒഫീഷ്യല്‍ സന്ദര്‍ശനം. ഒരു വൃദ്ധ സദനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് കൃഷ്ണനെ തെല്ലും മൈന്‍ഡാതെ തിരിച്ചു പോന്നു..കള്ളകൃഷണനല്ലേ ആള്, വിടുമോ!