പാലം കടന്നതിനു ശേഷവും നാരായണാ...

ദുര്‍ബല്‍ കുമാര്‍

WEBDUNIA|
PRO
നാരായണനെ അങ്ങനെ തള്ളിക്കളയാന്‍ വരട്ടേ. ഇനിയുള്ള ഒരുവര്‍ഷക്കാലം നാരായണജപം നടത്തിത്തന്നെ കഴിയേണ്ടിവരും. മുഖ്യമന്ത്രിക്ക് പാര്‍ട്ടി സഖാക്കള്‍ നല്‍കിയ നിര്‍ദ്ദേശമാണിത്. ‘പിന്നേ, എന്‍റെ പട്ടി വിളിക്കും’ എന്ന് പറഞ്ഞതിനു ശേഷം അപ്പോള്‍ തന്നെ നവ്യാനായരെ ഫോണില്‍ വിളിക്കുന്ന ദിലീപിനെപ്പോലെ(ചിത്രം - കല്യാണരാമന്‍) വി എസ് സഖാവ് അത് അനുസരിക്കുകയും ചെയ്യും എന്ന് ഉറപ്പ്.

പോളിറ്റ്ബ്യൂറോയിലെ പണി പോയതിനു ശേഷം പൂച്ചയെപ്പോലെ പതുങ്ങിയാണ് മുഖ്യമന്ത്രി സഖാവ് നടന്നിരുന്നത്. അച്ചടക്കത്തിന്‍റെ വാള്‍ തൂങ്ങുന്ന ഭാഗത്തേക്കേ പോകില്ല. ‘ഞാനും എന്‍റെ പാര്‍ട്ടിയും..” എന്ന് പ്രസംഗത്തിലുടനീളം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. പിണറായി സഖാവ് പറയുന്നതിനപ്പുറം പോകില്ല. ജോസഫിനെ പുറത്താക്കണമെന്ന് പിണറായി സഖാവ് പറഞ്ഞു, മുഖ്യമന്ത്രി സഖാവ് കണ്ണും‌പൂട്ടി അനുസരിച്ചു.

എന്നാല്‍ സി പി നാരായണന്‍റെ കാര്യത്തില്‍ മാത്രം, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, ഉറച്ച നിലപാടാണ് തനിക്കുള്ളതെന്ന് വി എസ് ആവര്‍ത്തിച്ചു. നാരായണനെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തീരുമാനിക്കുന്ന പാര്‍ട്ടിയോഗത്തില്‍ വി എസും പങ്കെടുത്തിരുന്നു. അപ്പോള്‍ അതിനെതിരെ ‘കമാ...’ എന്ന് മിണ്ടിയില്ല. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ് ആലോചിച്ചപ്പോള്‍ മനസിലായി, നാരായണനൊപ്പം കുറച്ചു ബുദ്ധിമുട്ടുണ്ട്. തന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകുന്നയാള്‍ തനിക്കുകൂടി സ്വീകാര്യനായിരിക്കണമെന്ന് ഒരു കാച്ചങ്ങുകാച്ചി.

ഇതുതന്നെയാണ് പാര്‍ട്ടിയും ചോദിക്കുന്നത്. ആദ്യം എതിര്‍ക്കാതിരുന്ന വി എസ് പിന്നീട് നാരായണന്‍റെ നിയമനത്തെ എതിര്‍ക്കുന്നതെന്തിനാണ്. പാലം കടക്കുവോളം നാരായണാ എന്നു പറയുന്നതുപോലെ. മറ്റാരുടേയോ വാക്കുകേട്ടാണ് നാരായണനെ വേണ്ടെന്ന് വി എസ് പറയുന്നതെന്നാണ് പാര്‍ട്ടി സംസ്ഥാന സമിതിയില്‍ സഖാക്കള്‍ തുറന്നടിച്ചത്. എത്ര കയ്ക്കുന്നുണ്ടെങ്കിലും നാരായണനെ സഹിച്ചേ പറ്റൂ എന്ന് മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശവും നല്‍കി.

മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാന്‍ അധികാരമുള്ള പാര്‍ട്ടിക്ക് അദ്ദേഹത്തിന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും ബാക്കി സ്റ്റാഫിനെയും തീരുമാനിക്കാനും കഴിയുമെന്നാണ് പാര്‍ട്ടി പറയുന്നത്. വി എസിന്‍റെ മനസിലുള്ളത് പാര്‍ട്ടിക്കറിയാം. മേഴ്സിക്കുട്ടിയമ്മ, ജോസഫൈന്‍, ചന്ദ്രന്‍‌പിള്ള തുടങ്ങി തന്‍റെ അടുത്ത ആളുകളിലൊരാളെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം. എന്നാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറി മുഖ്യമന്ത്രിയുടെ വിശ്വസ്തരില്‍ ഒരാളാകുന്നതിന്‍റെ ബുദ്ധിമുട്ട് പാര്‍ട്ടിക്ക് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ നാരായണന്‍റെ കാര്യത്തില്‍ ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്നാണ് പാര്‍ട്ടിനയം.

എന്തായാലും സി പി നാരായണന്‍ തന്നെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകും. തനിക്ക് പറ്റില്ലെന്ന് നാരായണന്‍ പറഞ്ഞാല്‍ പോലും മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. ഇനി വല്ല അടുക്കളക്കാരെയോ അരിവയ്പ്പുകാരെയോ നിയമിക്കുന്ന കാര്യത്തില്‍ മാത്രം മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാം. പരിഗണിക്കേണ്ടതാണെങ്കില്‍ പരിഗണിക്കും. ഇതൊരു വ്യത്യസ്തമായ പാര്‍ട്ടിയാണ് സഖാവേ...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :