അപ്പോഴെല്ലാം പറഞ്ഞപോലെ, ‘കാരി’ മുഖ്യപ്രതി!

ദുര്‍ബല്‍ കുമാര്‍

WEBDUNIA| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2009 (13:37 IST)
PRO
ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും ‘പിടിച്ചതോടെ’ മുത്തൂറ്റ് പോള്‍ കേസിന് നമ്മള്‍ തിരശ്ശീലയിടാന്‍ പോകുകയാണ്. പോളിന്റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടിച്ച് കഴിവ് തെളിയിച്ചവരാണ് നമ്മുടെ പൊലീസ്. പ്രതിയെയും കത്തിയും പ്രദര്‍ശിപ്പിച്ചുകൊണ്ട് കൊലപാതകം നടന്ന കഥ ഐജി വിന്‍സന്‍ പോള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അഭിനയിച്ച് കാണിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി വരെ ഈ ‘തിരക്കഥാഭിനയ’ത്തെ പുകഴ്ത്തുകയുണ്ടായി.

ഐജി വിന്‍സന്‍ പോള്‍ പത്രസമ്മേളനത്തില്‍ ഉരുവിട്ട ആ നല്ല ‘തിക്ക്’ ആണെന്നും ഒട്ടും വെള്ളം ചേര്‍ക്കേണ്ടതില്ലെന്നും ഓംപ്രകാശും പുത്തന്‍പാലം രാജേഷും പാളയങ്കോട്ടയില്‍ നിന്നുള്ള വഴിമധ്യേ നമ്മെ ധരിപ്പിച്ചുകഴിഞ്ഞു. ‘ഇങ്ങനെയൊക്കെ തന്നെയല്ലേ സാറേ പറയേണ്ടത്’ എന്ന് വാര്‍ത്താസമ്മേളനത്തിനിടയില്‍ നമ്മുടെ പൊലീസുകാരോട് കാരി സതീശ് ചോദിച്ചത് മാത്രം അല്‍പ്പം ക്ഷീണമുണ്ടാക്കി എങ്കിലും പോള്‍ വധത്തിന്റെ തിരക്കഥ ‘അങ്ങിനെയൊക്കെ മതി’ എന്നാണ് നമ്മള്‍ തീരുമാനിച്ചിരിക്കുന്നത്.

പൊലീസ് പറഞ്ഞ് പണിയിച്ചതാണ് കാരി സതീശന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത കത്തിയെന്ന് വെളിപ്പെടുത്തല്‍ ഉണ്ടാവട്ടെ. താന്‍ പോളിനെ കണ്ടിട്ടുപോലുമില്ല എന്ന് കാരി തുറന്ന് പറയട്ടെ. ആരും പോള്‍ സഞ്ചരിച്ചിരുന്ന എന്‍ഡവര്‍ കാറിനെ പിന്തുടര്‍ന്നത് കണ്ടില്ലെന്ന് ബൈക്ക് യാത്രക്കാരന്‍ മൊഴി നല്‍കട്ടെ. ഇതൊക്കെ ആര് ‘മൈന്‍ഡ്’ ചെയ്യാനാണ്?! നമ്മള്‍ തീരുമാനിച്ചു കഴിഞ്ഞു - മുഖ്യപ്രതി ‘യെവന്‍’ തന്നെ - കാരി സതീശ്. ഇനിയിപ്പൊ താനാണ് പോളിനെ കൊന്നതെന്ന് ഓംപ്രകാശ് സമ്മതിച്ചാലും മുഖ്യപ്രതി യെവന്‍ തന്നെ.

പൂനെയിലും മറ്റുമായി ജോലിക്കാര്യങ്ങള്‍ക്ക് വേണ്ടി അലയുന്ന ഒരു പാവം പ്രാരാബ്ധക്കാരനാണ് ഓംപ്രകാശെന്നും ക്ഷയരോഗം ബാധിച്ച് വല്ലാത്ത അവസ്ഥയിലാണ് പുത്തന്‍പാലം രാജേഷെന്നും ഇരുവരുടെയും അഭിഭാഷകര്‍ നമ്മളോട് വെളിപ്പെടുത്തിക്കഴിഞ്ഞു. സത്യത്തില്‍ അവര്‍ക്കിരുവര്‍ക്കും സര്‍ക്കാര്‍ ചെലവില്‍ എന്തെങ്കിലും സഹായം ചെയ്തുകൊടുക്കുകയാണ് വേണ്ടത്. പ്രാരാബ്ധക്കാരനും ക്ഷയരോഗിയുമൊക്കെ എങ്ങനെയൊരു കൊലപാതകം ചെയ്യാനാണ്? അപ്പോള്‍ പിന്നെ വച്ച് താമസിപ്പിക്കേണ്ടതില്ല. കുറ്റപത്രം സമര്‍പ്പിക്കുക തന്നെ.

കോടികളുടെ ആസ്തിയുള്ള മുത്തൂറ്റ് സ്ഥാപനത്തിന്റെ ഉടമയുടെ പുത്രനാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പെട്ടെന്ന് തന്നെ കാര്യങ്ങള്‍ ‘കൈകാര്യം’ ചെയ്തില്ലെങ്കില്‍ പിടിവിട്ടുപോകുകയും ‘സിബിഐ’ ഇടപെടുകയും ചെയ്യും. പാര്‍ട്ടി സെക്രട്ടറിയെ വേറൊരു കേസില്‍ ‘സിബിഐ’ വെള്ളംകുടിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ആ അനുഭവം വച്ച് നോക്കുമ്പോള്‍ മേലിടത്തില്‍ നിന്ന് എന്തെങ്കിലും കരുണ കിട്ടുമെന്ന് പ്രതീക്ഷിക്കാനും വയ്യ. അതിനാല്‍, എത്രയും പെട്ടെന്ന് കേസന്വേഷണം അവസാനിപ്പിക്കുക തന്നെ, കുറ്റപത്രം സമര്‍പ്പിക്കുക തന്നെ.

ഈ മാധ്യമങ്ങളെക്കൊണ്ട് തോറ്റിട്ടുണ്ട്. പോള്‍ മരിച്ചപ്പോള്‍ പോയത് മുത്തൂറ്റ് കുടുംബക്കാര്‍ക്കാണ്. അവര്‍ക്കൊട്ട് പരാതിയുമില്ലതാനും. ‘ചീഞ്ഞത് ചികഞ്ഞാല്‍ നമ്മളും നാറും’ എന്ന പൊതുതത്വം അറിയാവുന്നതിനാല്‍, ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം എന്തൊക്കെയോ കാട്ടിക്കൂട്ടിയെന്ന് വരുത്തി, അവരുടെ ഭാഗം വൃത്തിയായി അഭിനയിച്ച് നമ്മെ സഹായിച്ചു. ഇതൊക്കെയായിട്ടും മാധ്യമങ്ങളുടെ 'കലിപ്പ്' തീരുന്നില്ല. തുടക്കത്തില്‍ എഴുതി അവതരിപ്പിച്ച ‘തിരക്കഥ’ തന്നെ വലിയ ഏതെങ്കിലും ഏമാനെക്കൊണ്ട് അഭിനയിപ്പിച്ച് ഇവറ്റയുടെ വായടപ്പിച്ചാല്‍ എല്ലാം മംഗളം, ശുഭം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :