ശബരിമല ശ്രീധര്‍മ്മ ശാസ്താവിനു ചാര്‍ത്താനുള്ളതിരുവാഭരണം ഈ സുദിനത്തില്‍ അതിരാവിലെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പന്തളം അയ്യപ്പക്ഷേത്രസന്നിധിയില്‍ ഭക്തജനദര്‍ശനത്തിനായി കൊണ്ടുവന്ന് എഴുന്നള്ളുന്നു.
വലിയ തന്പുരാനെ ക്ഷേത്രനടയില്‍ വച്ചു തന്നെ സ്വീകരിച്ച് കിഴക്കെ ഇടവഴിയില്‍കൂടി അകത്തേക്ക് ആനയിക്കുന്നു.
ദര്‍ശനത്തിനു ശേഷം അദ്ദേഹം ശ്രീകോവിലിന്‍റെ തെക്കു ഭാഗത്തായി പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ ഇരുന്ന് ഭക്തജനങ്ങള്‍ക്ക് വിഭൂതി നല്‍കി അനുഗ്രഹിക്കുന്നു. പത്തര മണിയോടെ രാജപ്രതിനിധിയായി നിയോഗിക്കപ്പെട്ട ഇളയതന്പുരാന്‍ എത്തും. അദ്ദേഹവും ഇതേ ചടങ്ങുകളോടു കൂടി ദര്‍ശനം നടത്തി വലിയ തന്പുരാന്‍റെ ഇടതുവശത്തായി നില്‍ക്കുന്നു.
പന്ത്രണ്ടര മണിയ്ക്ക് ഉച്ചപൂജയ്ക്കായി നട അടയ്ക്കും. നട തുറന്നാലുടന്‍ അയ്യപ്പനെയും പീഠത്തില്‍ പ്രത്യേകമായി വച്ച ഉടവാളിനെയും തിരുവാഭരണത്തെയും മേല്‍ശാന്തി നീരാഞ്ജനമുഴിയും. തീര്‍ത്ഥവും പ്രസാദവും നല്‍കിയ ശേഷം അദ്ദേഹം ഉടവാള്‍ വലിയ തന്പുരാനെ ഏല്‍പ്പിക്കുന്നു. വലിയ തന്പുരാന്‍ ഉടവാള്‍ രാജപ്രതിനിധിയായ ഇളയ തന്പുരാനെ ഏല്‍പിച്ച് യാത്രാനുമതി നല്‍കുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടു കൂടി രാജകുടുംബാംഗങ്ങള്‍ തിരുവാഭരണം ഇരുവശത്തും പിടിച്ച് പൊക്കിയെടുത്ത് പ്രദക്ഷിണമായി കിഴക്കെ ഇടനാഴിയിലൂടെ ക്ഷേത്രകവാടത്തില്‍ കൊണ്ടുവരുന്നു. തിരുവാഭരണവും മറ്റ് പേടകങ്ങളും അവിടെ നിന്നും വാഹകര്‍ ശിരസ്സിലേറ്റി പ്രദക്ഷിണമായി മേടക്കല്ലിറങ്ങി കൈപ്പുഴ ക്ഷേത്രം വഴി കുളനട ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുന്നു.
പ്രതിനിധിയായി നിയോഗിക്കപ്പെട്ട ഇളയ തന്പുരാന്‍ എല്ലാ രാജകീയപ്രൗഡിയും പ്രജാക്ഷേമ തല്‍പ്പരതയും ഉള്‍ക്കൊള്ളുന്ന തന്പുരാനാണ്. അദ്ദേഹമാണ് ഭഗവാന്‍റെ തിരുവാഭരണം കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ഏക വ്യക്തി. അതുകൊണ്ട് തിരുവാഭരണത്തോടൊപ്പം തന്പുരാനും കിഴക്കെ നടയില്‍ നിന്ന് പുറപ്പെടും.
ക്ഷേത്രപ്രദക്ഷിണം കഴിഞ്ഞ് അദ്ദേഹം മേടക്കല്ലു വഴി നടുവിലെ മാളിക മുറ്റത്തു തയാറാക്കിയ പല്ലക്കിനടുത്തെത്തി ഉടവാള്‍ കുറുപ്പിനെ ഏല്‍പ്പിക്കുന്നു. കുറുപ്പ് ഉടവാളും പരിചയുമായി മുന്‍പിലും ഇളയതന്പുരാന്‍ പല്ലക്കില്‍ പിന്നിലുമായി വടക്കേമുറി കൊട്ടാരത്തിലേക്ക് എഴുന്നെള്ളുന്നു.
തന്പുരാന്‍ കൊട്ടാരത്തിലെത്തി വിധിപ്രകാരം കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച ശേഷം പരിവാരങ്ങളെയും കൂട്ടി കൊട്ടാരവളപ്പില്‍ പതിനെട്ടു പടികളും ഇറങ്ങി പരന്പരാഗതപാതയിലൂടെ കുളനട ക്ഷേത്രത്തിന്‍റെ തെക്കു ഭാഗത്തെത്തുന്നു.
അവിടെ അദ്ദേഹത്തെ കാത്തുകിടക്കുന്ന പല്ലക്കില്‍ ഉപവിഷ്ടനാകുന്നു. കുളനട ക്ഷേത്രം വരെ ഇനി അദ്ദേഹം പല്ലക്കിലായിരിക്കും യാത്ര ചെയ്യുന്നത്. കുളനട ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണ പേടകങ്ങളുടെ വാഹകരും അവരുടെ പിന്നിലെ ഉടവാളും പരിചയുമായി കുറുപ്പും അതിനു പിന്നാലെ കാല്‍നടയായി തന്പുരാനും. ഈ മുറയ്ക്ക് ശബരിമല ശ്രീ അയ്യപ്പസ്വാമി ദര്‍ശനത്തിനായുള്ള യാത്ര ആരംഭിക്കുന്നു.
ഉള്ളന്നൂര്‍, ആറന്മുള, പൊന്നിന്‍തോട്ടം, ചെറുകോല്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനു ശേഷം അന്ന് രാത്രി എട്ടുമണിയോടുകൂടി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ എത്തുന്നു.
ഈ യാത്രയ്ക്കിടയ്ക്ക് ഉള്ളന്നൂര്‍ കവല, കിടങ്ങന്നൂര്‍ കവല, കോഴഞ്ചേരി തെക്കെ കവല, പന്പാടി മണ്ണ് തുടങ്ങിയ ഇടങ്ങളില്‍ ഭക്തജനങ്ങള്‍ തിരുവാഭരണത്തിനും തന്പുരാനും സ്വീകരണം നല്‍കുന്നു.
അയിരൂര്‍ പുതിയ കാവ് ക്ഷേത്രത്തിലെത്തി സ്നാനാദി കര്‍മ്മങ്ങള്‍ക്കു ശേഷം തന്പുരാന്‍ തിരുവാഭരണദര്‍ശനത്തിനായി കാത്തുനില്‍ക്കുന്ന ഭക്തന്മാര്‍ക്ക് വിഭൂതി നല്‍കി അനുഗ്രഹിക്കുന്നു. പൂജാരിയുടെ ആതിഥ്യം സ്വീകരിച്ച് പരിവാരങ്ങളോടൊപ്പം ക്ഷേത്രത്തില്‍ തന്നെ വിശ്രമിക്കുന്നു.