ഈ ദിവസം പതിവുള്ള ദര്‍ശനത്തിനു ശേഷം തന്പുരാനും പരിവാരങ്ങളും സന്നിധാനത്തേക്ക് താമസം മാറ്റുന്നു. കളമെഴുത്തു പാട്ടിനും ഗുരുതിക്കും ഹാജരായി തന്പുരാന്‍ കര്‍മ്മികള്‍ക്ക് ദക്ഷിണ നല്‍കും.
അത്താഴപ്പൂജ കഴിഞ്ഞാല്‍ ആരെയും പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്താന്‍ അനുവദിക്കില്ല.
മകരമാസം 7 (ഒന്പതാം ദിവസം)
അഭിഷേകം കഴിഞ്ഞാല്‍ ഈ ദിവസം ഗണപതിഹോമം, ഉഷനിവേദ്യം എന്നിവ മാത്രമേ ഉണ്ടാകൂ. അതിനുശേഷം ശ്രീകോവിലിനുള്ളില്‍ മേല്‍ശാന്തി വിഗ്രഹത്തെ ശിരോവസ്ത്രം അണിയിച്ച് അന്പും വില്ലും നല്‍കി തന്പുരാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരുക്കുന്നു.
ഒരുക്കം പൂര്‍ത്തിയായലുടന്‍ തന്പുരാനെ കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിക്കുന്ന മേല്‍ശാന്തി ശ്രീകോവിലിനുള്ളിലെ എല്ലാ ദീപങ്ങളും കൊളുത്തുന്നു. എന്നിട്ട് അദ്ദേഹം ഇടതു കൈയില്‍ നീരാജനവും കത്തിച്ചു പിടിച്ച് ശ്രീകോവിലിന്‍റെ കതകിന് മറഞ്ഞു കാത്തു നില്‍ക്കും.
ഈ സമയത്ത് പതിനെട്ടാം പടിക്കു മുകളില്‍ തന്പുരാനൊഴികെ മറ്റാരും നില്‍ക്കാന്‍ പാടില്ല. തുടര്‍ന്നു തന്പുരാന്‍ ശ്രീകോവിലിന്‍റെ മുന്നിലെത്തി അയ്യപ്പനുമായി കൂടിക്കാഴ്ച നടത്തും. തന്പുരാന്‍ കൈ കൂപ്പി വിട ചോദിക്കുന്നതോടെ കൂടിക്കാഴ്ച അവസാനിക്കുന്നു. മേല്‍ശാന്തി ഉടന്‍ കതകിന് പിന്നില്‍ നിന്ന് മുന്നോട്ടു വന്ന് വിഗ്രഹത്തിലെ ശിരോ വസ്ത്രവും അന്പും വില്ലും മാറ്റി ഭസ്മാഭിഷേകം നടത്തി രുദ്രാക്ഷമാലയും ദണ്ഡും അണിയിച്ച് അയ്യപ്പനെ ധ്യാനനിരതരൂപമാക്കുന്നു.
അടുത്തപടിയായി തന്പുരാന്‍റെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പിറകോട്ട് നടന്ന് ശ്രീകോവിലിനുള്ളിലെ വിളക്കുകള്‍ ഒന്നൊന്നായി അണയ്ക്കുന്നു. അവസാനം ഒരു ചെറിയ വിളക്കില്‍ തിരി പകര്‍ന്ന ശേഷം തന്പുരാനോട് ശ്രീകോവില്‍ അടയ്ക്കുവാനുള്ള അനുവാദം ചോദിക്കുന്നു.
അനുവാദം കിട്ടിയാലുടന്‍ കര്‍പ്പൂരദീപം കൊളുത്തി മേല്‍ ശാന്തി നടയടച്ച് താക്കോല്‍ തന്പുരാനെ ഏല്‍പ്പിക്കുന്നു. ഏറ്റവും മുന്നില്‍ ഉടവാളും പരിചയുമായി കുറുപ്പും അതിനു പിന്നില്‍ നീരാഞ്ജനവുമായി മേല്‍ശാന്തിയും അതിനു പിന്നില്‍ തന്പുരാനും എന്ന രീതിയില്‍ എല്ലാവരും ക്ഷേത്രം വലം വയ്ക്കുന്നു.
പടിയിറങ്ങുന്നതിനു മുന്പ് ഉടയ്ക്കാനുള്ള നാളികേരം മേല്‍ശാന്തി തന്പുരാനെ ഏല്‍പ്പിക്കുന്നു. കുറുപ്പും മേല്‍ശാന്തിയും പടിയിറങ്ങിയതിനുശേഷം തന്പുരാന്‍ നാളികേരം ഉടച്ച് പതിനെട്ടാംപടി അടച്ച് താഴേക്കിറങ്ങുന്നു. താഴെ എത്തിയ ശേഷം മേല്‍ശാന്തിയും തന്പുരാനും പടിഞ്ഞാറോട്ട് ദര്‍ശനമായി സാഷ്ടാംഗം നമസ്ക്കരിക്കുന്നു.
തുടര്‍ന്ന് തന്പുരാന്‍ പടിഞ്ഞാറോട്ടും മേല്‍ശാന്തി കിഴക്കോട്ടും മുഖാമുഖം തിരിഞ്ഞു നില്‍ക്കും. ഈ സമയത്ത് ഒരു വര്‍ഷത്തെ വരവു ചെലവു മിച്ചമെന്ന സങ്കല്പത്തില്‍ പണക്കിഴി മേല്‍ശാന്തി തന്പുരാനെ ഏല്‍പ്പിക്കുന്നു.
ഇതിനു ശേഷം അടുത്ത വര്‍ഷം വരെ മാസപൂജ നടത്തുന്നതിന് ശ്രീകോവിലിന്‍റെ താക്കോല്‍ തന്പുരാന്‍ മേല്‍ശാന്തിയെ തിരിച്ചേല്‍പ്പിക്കുന്നു. ഒട്ടും താമസിയാതെ തന്പുരാനും പരിവാരങ്ങളും സന്നിധാനത്തില്‍ നിന്ന് മടക്കയാത്ര ആരംഭിക്കുന്നു. പന്പയില്‍ ചെന്ന് തിരുവാഭരണവും പല്ലക്കുമായി നിലയ്ക്കല്‍ വഴി അന്നു തന്നെ ളാഹ എസ്റ്റേറ്റിലെത്തി രാത്രി വിശ്രമിക്കുന്നു