സാധാരണഗതിയില്‍ അല്‍പ്പശി ഉത്സവ ആറാട്ടിന് പത്മനാഭസ്വാമിക്കൊപ്പം തിരുവല്ലത്തെ പരശുരാമസ്വാമിയും ഉണ്ടാവും. എന്നാല്‍ പൈങ്കുനി ഉത്സവ ആറാട്ടിന് പത്മനാഭസ്വാമിക്ക് കൂട്ടായി ശ്രീവരാഹം ക്ഷേത്രത്തിലെ വരാഹമൂര്‍ത്തിയാണ് എത്തുന്നത്.
ശ്രീപത്മനാഭസ്വാമി, ശ്രീകൃഷ്ണന്‍, ശ്രീനരസിംഹസ്വാമി എന്നിവരുടെ വിഗ്രഹങ്ങളാണ് ആറാട്ടിന് എഴുന്നള്ളിക്കുന്നത്. ആറാട്ട് ഘോഷയാത്രയില്‍ ഭഗവാന് അകമ്പടിയായി മഹാരാജാവ്, വിവിധ അധികാരികള്‍, ക്ഷേത്രത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍, കുതിരപ്പട്ടാളം, വാദ്യഘോഷങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും.
ആറാട്ട് ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് ഭഗവാനും പരിവാരങ്ങളും ആറാട്ടിനായി ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് എഴുന്നള്ളുന്നത്.
പടിഞ്ഞാറേ നട, പടിഞ്ഞാറേ കോട്ട വഴി പുറത്തേക്ക് പോകുന്ന ആറാട്ട് എഴുന്നള്ളത്ത് ഈഞ്ചക്കല്‍, വള്ളക്കടവ് വഴി ശംഖുമുഖം കടപ്പുറത്തെത്തും. ഏഴുമണിയോടെ ശംഖുമുഖം കടലില്‍ ഭഗവാന്‍റെ തിരു ആറാട്ട് നടക്കും. ആചാരപ്രകാരമുള്ള ഭഗവാന്‍റെ ആറാട്ടിന് ശേഷം ഒമ്പത് മണിയോടെ എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരികെയെത്തും.