ഈ പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്കൊരു ലക്ഷ്യമുണ്ടോ ? എങ്കില്‍ ഇതായിരിക്കണം അത് !

സജിത്ത്| Last Updated: വ്യാഴം, 28 ഡിസം‌ബര്‍ 2017 (18:11 IST)
ഒരുപാടു പ്രതീക്ഷകളുമായി ഒരു പുതുവര്‍ഷം കൂടി ആഗതമാകുകയാണ്. ആഘോഷങ്ങള്‍ക്കൊപ്പം തന്നെ നല്ല നല്ല ശീലങ്ങള്‍ ആരംഭിക്കാനും പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിനുമുള്ള ഒരവസരം കൂടിയാണ് ഈ പുതുവര്‍ഷം. നമ്മുടെ ആരോഗ്യത്തെക്കുറിച്ചും അല്പം മുന്‍കരുതല്‍ എടുക്കുന്നത് പുതുവര്‍ഷത്തില്‍ നല്ലതാണ്. ആഹാരരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയും വ്യായാമ ശീലങ്ങള്‍ ആരംഭിച്ചും വരും വര്‍ഷത്തില്‍ അല്പം സ്മാര്‍ട്ടാവുകയും ചെയ്യാം.

നേരത്തെ എഴുന്നേല്‍ക്കുക:-

നേരം പുലര്‍ന്നാലും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ മടിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ നേരത്തെ എഴുന്നേല്‍ക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും ഒരുപോലെ നല്ലതാണ്. നേരത്തെ എഴുന്നേല്‍ക്കുന്നവരുടെ ചുറുചുറുക്ക് അവരുടെ ജീവിതത്തിലും പ്രവൃത്തികളിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ നേരത്ത കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നത് ഒരു ശീലമാക്കുക.

അമിതവണ്ണം കുറക്കുക:-

അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പുതുവര്‍ഷത്തില്‍ എടുക്കാവുന്ന ആദ്യത്തെ പ്രതിജ്ഞയാണ് വണ്ണം കുറയ്ക്കും എന്നത്. അതോടൊപ്പം അമിതവണ്ണമില്ലാത്തവരാകട്ടെ ചിട്ടയായ ആഹാരരീതി പിന്തുടരുമെന്ന തീരുമാനവും എടുക്കണം. എന്നാല്‍ ഇതിനായി ഒരുങ്ങുന്നതിനുമുമ്പ് ഒരു കാര്യം ശ്രദ്ധിക്കണം, വ്യക്തമായ പ്ലാനിങ്ങില്ലാതെ എടുത്തുചാടി ഒരു ഡയറ്റിങിന് ഒരുങ്ങുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്നതാണ് അത്.

വ്യായാമം ശീലമാക്കുക:-

പ്രഭാതത്തിലെ ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള നടത്തം ശീലമാക്കുക. അതുപോലെ
മിതമായ വേഗത്തില്‍ മാത്രമേ വ്യായാമം ചെയ്യാന്‍ പാടുള്ളൂ. കുറച്ചുസമയം വാം-അപ്പ് ചെയ്ത് ശരീരം ചൂടായതിനു ശേഷം മാത്രമേ വ്യായാമത്തിനൊരുങ്ങാവൂ. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണെങ്കില്‍ ഡോക്ടറുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രമേ വ്യായാമവും മറ്റും ചെയ്യാന്‍ പാടുള്ളൂ. തല നല്ലപോലെ ഉയര്‍ത്തിപ്പിടിച്ച്, കൈകള്‍ നന്നായി വീശി, ഒപ്പമുള്ളയാളോട് സംസാരിച്ചുകൊണ്ട് നടക്കാന്‍ കഴിയുന്ന വേഗത്തില്‍ ദിവസവും മുപ്പതു മുതല്‍ നാല്പത് മിനിറ്റെങ്കിലും നടക്കണം.

പുകവലിയും കുടിയും നിര്‍ത്തണം:-

ദുശ്ശീലങ്ങളെ അകറ്റി നിര്‍ത്തുക എന്ന തീരുമാനം നമുക്കേവര്‍ക്കും എടുക്കാവുന്നതാണ്. മദ്യപാനം, പുകവലി, അലസത എന്നിങ്ങനെയുള്ള ശീലങ്ങളെ പതുക്കെ അകറ്റിനിര്‍ത്തുകയും മധുരപാനീയങ്ങളോടുളള പ്രിയം, ഏറെ നേരം ടിവിയ്ക്കോ കമ്പ്യൂട്ടറിനോ മുന്നിലോ ചെലവഴിക്കുക എന്നിങ്ങനെയുള്ള ജീവിതത്തില്‍ മാറ്റിയെടുക്കണമെന്ന് തോന്നുന്ന എല്ലാ ശീലങ്ങളെയും മാറ്റുമെന്ന തീരുമാനവുമെടുക്കാവുന്നതാണ്.

ധാരാളം വെള്ളം കുടിക്കുക:-

ഒരു ദിവസം പരമാവധി എട്ട് ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം. രാവിലെ ഉണര്‍ന്ന്‌ എഴുന്നേറ്റ ഉടന്‍ തന്നെ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുന്നത്‌ കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനത്തെ സുഗമമാക്കാന്‍ സാധിക്കും. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. കഴിവതും വീട്ടില്‍ നിന്നു ലഭിക്കുന്ന ചക്ക, പപ്പായ, മാങ്ങ, പൈനാപ്പിള്‍, മാതളം എന്നിങ്ങനെയുള്ള പഴങ്ങള്‍ കഴിക്കുന്നത്‌ ശീലമാക്കുകയും ചെയ്യുക.

പുതിയ ലക്ഷ്യങ്ങള്‍ മുന്നോട്ട് വെക്കുക:-

പുതുവര്‍ഷത്തില്‍ പുതിയ ലക്ഷ്യങ്ങളും മുന്നോട്ടു വെക്കണം. വിദ്യാര്‍ത്ഥികളാണെങ്കില്‍ പഠനത്തില്‍ ഇനിയും മികവ് പുലര്‍ത്തുമെന്നും ഉദ്യോഗസ്ഥരാണെങ്കില്‍ തങ്ങളുടെ കരിയറില്‍ വളരെ മികച്ച നേട്ടങ്ങള്‍ നേടിയെടുക്കുമെന്നുമുള്ള തീരുമാനങ്ങളും എടുക്കാവുന്നതാണ്. തീരുമാനങ്ങള്‍ എടുക്കുന്നതോടൊപ്പം കൃത്യമായ ഇടവേളകളില്‍ നമ്മള്‍ എടുത്ത തീരുമാനങ്ങള്‍ വിലയിരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

പോസിറ്റീവായി മാത്രം ചിന്തിക്കുക:-

പുതുവര്‍ഷത്തില്‍ ശരീരത്തെ പോലെ മനസ്സിനും അല്പം മാറ്റമൊക്കെ ആവശ്യമാണ്. കഴിയുന്നതും മാനസിക സമ്മര്‍ദ്ദം അകറ്റി നിര്‍ത്താന്‍ ശ്രമിക്കേണ്ടതാണ്. പോസിറ്റീവായി മാത്രം ചിന്തിക്കുക. ഇതിനായി യോഗ, മെഡിറ്റേഷന്‍, ഉല്ലാസയാത്രകള്‍ എന്നിവയും പ്ലാന്‍ ചെയ്യാവുന്നതാണ്. കൂടാ‍തെ നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിലൂടേയും മറ്റുളളവരെ സഹായിക്കുന്നതിലൂടേയും മനസ്സിന് ഏറെ ആശ്വാസം ലഭിക്കുകയും ചെയ്യും.

ആരോഗ്യകരമായ സൌഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുക:-

ജീവിതത്തില്‍ വളരെ അനിവാര്യമായ ഒന്നാണ് ആരോഗ്യകരമായ സൌഹൃദങ്ങള്‍. ഉറ്റ മിത്രങ്ങളേയും ബന്ധുക്കളേയും ഇടയ്ക്ക് സന്ദര്‍ശിക്കുന്നതും അവരോടൊത്തുള്ള ഒത്തുചേരലുകളും മികച്ച സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സഹായകമാണ്. മികച്ച ജീവിത വിജയം കൈവരിക്കുന്നതിന് സാമ്പത്തിക ഭദ്രത അത്യാവശ്യമാണ്. ഇത് നമ്മുടെ മനസ്സിനെ സമ്മര്‍ദ്ദങ്ങളില്‍ നിന്നകറ്റാനും മികച്ച മാനസികാരോഗ്യം നിലനിര്‍ത്തുവാനും സഹായകവുമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :