സത്യങ്ങളോട് എന്നും 'നോ' പറഞ്ഞ് ബിജെപി? മെർസൽ ഒരു അഗ്നിപരീക്ഷണം!

ബിജെപിയോട് 'കടക്ക് പുറത്ത്' പറഞ്ഞ് പ്രേക്ഷകർ

aparna| Last Modified ശനി, 23 ഡിസം‌ബര്‍ 2017 (14:33 IST)
ഏറെ ചർച്ച ചെയ്യപ്പെട്ടതും വിവാദമായതുമായ വിഷയമാണ് സിനിമ. 2017ലെ ഏറ്റവും ഹിറ്റുകളിൽ ഒന്നായി മെർസൽ ഉയർന്നപ്പോൾ അറിയാതെ എങ്കിലും അതിനു ബിജെപിയും ഒരു കാരണമായിട്ടുണ്ട്. അറ്റ്ലിയുടെ സംവിധായനത്തിൽ ഇളയദളപതി വിജയ് അഭിനയിച്ച മെർസൽ റിലീസിനു മുൻപും വിവാദത്തിൽ പെട്ടിരുന്നു.

കേന്ദ്ര സർക്കാർ അഭിമാനത്തോടെ അവതരിപ്പിച്ച ചരക്ക്, സേവന നികുതിക്ക് (ജിഎസ്ടി) എതിരായി സിനിമയിലുള്ള പരാമർശങ്ങൾ ബിജെപിയെ പ്രകോപിപ്പിച്ചതോടെയാണ് മെർസൽ വിവാദം ആളിക്കത്തിയത്. സിനിമയെ സിനിമയായി കാണൂ എന്നായിരുന്നു അന്ന് വിജയ് പ്രതികരിച്ചത്.

മെര്‍സലിന് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകരും പ്രമുഖരും രംഗത്തെത്തിയതോടെ പടക്കളത്തിൽ ബിജെപി ഒറ്റപ്പെട്ടു. സത്യം പറയുന്നതിനെ ബിജെപി ഭയന്നു. അവർ അതിനെ എതിർത്തു. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയയും മോശമായി ചിത്രീകരിച്ച രംഗങ്ങൾ നീക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. പക്ഷേ, ആവശ്യം വെറും ആവശ്യമായി തന്നെ പോയെന്ന് വേണം പറയാൻ.

ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണു നേരിടേണ്ടതെന്ന് കമല്‍ഹാസനും വിമര്‍ശനങ്ങളെ നിശബ്ദമാക്കുകയല്ല വേണ്ടതെന്നു സംവിധായകന്‍ പാ രഞ്ജിതും ട്വിറ്ററിൽ കുറിച്ചു.
ഇത് ജനാധിപത്യമാണ്. നമുക്ക് എല്ലാവർക്കും അഭിപ്രായ സ്വതന്ത്ര്യമുണ്ട്. ഒരു വട്ടം സെൻസർ ചെയ്ത സിനിമ വീണ്ടും സെൻസർ ചെയ്യണമെന്നു പറയാൻ ആർക്കും അവകാശമില്ലെന്ന് വിശാൽ പറഞ്ഞു. വിവാദങ്ങളോട് പക്ഷേ പ്രേക്ഷകർ പറഞ്ഞത് 'കടക്ക് പുറത്ത്' എന്നായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :