കിടക്കുന്ന കൂട്ടില്‍ വിസര്‍ജിക്കുന്ന ജീവിയെ പോലെയാണ് വി എസ് എന്നു അഴീക്കോട് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് സംസ്ഥാനത്ത് പുതിയ വിവാദത്തിന് തിരി കൊളുത്തി. ഇതിനു മറുപടിയായി വി എസ്, കിടക്കുന്നിടത്ത് വിസര്‍ജ്ജിക്കുന്ന ജീവി പട്ടിയാണെന്നും തന്നെ പട്ടിയോട് ഉപമിച്ച അഴീക്കോടിന് മറുപടി നല്കാന് തന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും പറഞ്ഞു.
ഇതിനു മറുപടിയായി എതിര്‍ക്കുന്നവരെ പല്ലും നഖവും ഉപയോഗിച്ച് നേരിടുന്ന ഹിംസ്രജന്തുവിനെ പോലെയാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് എന്ന് സുകുമാര്‍ അഴീക്കോടും തിരിച്ചടിച്ചതോടെ വിവാദം കൊഴുത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തോല്‍വിയെക്കുറിച്ച് പറഞ്ഞ സമയത്ത് വി എസ് ചിരിച്ചത് പാര്‍ട്ടിയിലും, സംസ്ഥാനത്ത് മുഴുവനുമായും വിമര്‍ശനത്തിന് വിധേയമായിരുന്നു. തെരഞ്ഞെടുപ്പു ഫലം അറിഞ്ഞു കൊണ്ട് വി എസ് ചിരിച്ച ചിരി വഞ്ചനയുടേതാണെന്നും, അശ്ലീല ചിരിയാണെന്നും അഴീക്കോട് ആക്ഷേപിച്ചിരുന്നു.
സെബാസ്റ്റിയന് പോളിന്റെ ഒളിയമ്പുകള്‍
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനു ചുറ്റും ഉപജാപകവൃന്ദം പ്രവര്‍ത്തിക്കുന്നുവെന്ന് ഡോ സെബാസ്റ്റിയന് പോള്‍ പറഞ്ഞതും വിവാദമായി. ഉപജാപകസംഘമാണ് പിണറായിയെയും പാര്‍ട്ടിയെയും തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ഇന്ദിരാഗാന്ധി മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച അതേ ശൈലിയിലാണ് പിണറായിയും പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നത്. പൊതുസമൂഹത്തെ പാര്‍ട്ടിയോടൊപ്പം നിര്‍ത്താന്‍ സഹായിക്കുന്ന കണ്ണികളെ ഓരോന്നായി പാര്‍ട്ടി മുറിച്ചു മാറ്റുകയാണെന്നും സെബാസ്റ്റിയന് പോള്‍ ആരോപിച്ചു. ഒടുവില്‍ പോള്‍ തന്നെ ഇത്തരത്തില്‍ പറയേണ്ടിവനന്തില് തനിക്ക് ഖേദമുണ്ടെന്ന് വ്യക്തമാക്കിയതോടെ വിവാദം കെട്ടടങ്ങി.
ലവ് ജിഹാദ് കോടതി തടഞ്ഞു
സംസ്ഥാനത്ത് പ്രണയം നടിച്ച് മതം മാറ്റുന്നതുമായി (ലവ് ജിഹാദ്) ബന്ധപ്പെട്ടുള്ള രണ്ടു കേസുകളിന്മേലുള്ള അന്വേഷണം ഹൈക്കോടതി തടഞ്ഞു. സംസ്ഥാന പൊലീസിനു നിക്ഷിപ്ത താല്പര്യമാണ് ഉള്ളതെന്ന് കേസന്വേഷണം തടഞ്ഞു കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം, പ്രണയത്തിന്റെ പേരില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 4000 പെണ്‍കുട്ടികളെയെങ്കിലും സംസ്ഥാനത്ത് മതം മാറ്റിയതായി ഹൈക്കോടതി നിരീക്ഷിച്ചു. പ്രണയത്തിന്റെ പേരില്‍ സംസ്ഥാനത്ത് മതം മാറ്റാനുള്ള സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
വ്യാജ ഇ-മെയില്‍ വിവാദം
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അപകീര്ത്തിപെടുത്താന് വ്യാജ ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചത് സംസ്ഥാനത്ത് സൈബര്‍ വിവാദം ഉയര്‍ത്തിവിട്ടു. ഖത്തറില്‍ ജോലിയുള്ള പത്തനംതിട്ട സ്വദേശിയാണ് പ്രതിയെന്ന് പോലീസ് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തി. പിണറായി വിജയന്റെ വീട് എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റൊരാളുടെ വീടിന്റെ ചിത്രമെടുത്ത് ഇയാള്‍ അടിക്കുറിപ്പുകളോടെ അയയ്ക്കുകയായിരുന്നു.