സര്‍ക്കാരിനു കളങ്കമായി ഡോക്ടര്‍മാരുടെ നീണ്ട സമരം

എം രാജു

Stethescope
WDWD
സര്‍ക്കാരുമായി ഇടഞ്ഞ് ഡോക്ടര്‍മാ‍ര്‍ നടത്തിയ സമരമാണ് 2007ല്‍ ഏറ്റവും ശ്രദ്ധ നേടിയ സമരം . ഇരു കൂട്ടരുടെയും പിടിവാശി മൂലം ആരോഗ്യവകുപ്പിന്‍റെ പല പദ്ധതികളും നടപ്പായില്ല.

ശമ്പളപരിഷക്കരണം നടപ്പാക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കാത്തതാണ് ഡോക്ടര്‍മാരെ സമരത്തിന് പ്രേരിപ്പിച്ചത്. ശബള പരിഷക്കരണത്തിനായി നിയോഗിച്ച കമ്മിറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ ഇവര്‍ നിസഹകരണ സമരവും ആരംഭിച്ചു.

ശബരിമല ഡ്യൂട്ടിയും നാഷണല്‍ റൂ‍റല്‍ ഹെല്‍ത്ത് മിഷന്‍റെ ഭാഗമായി ചെയ്ത് വന്നിരുന്ന അധിക ജോലിയും ഡോക്ടര്‍മാര്‍ പൂര്‍ണമായും ബഹിഷ്ക്കരിച്ചു. പലതവണ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ശമ്പള കമ്മീഷനെ മറികടന്ന് ശമ്പളം വര്‍ദ്ധിപ്പിക്കാനാവില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നിന്നത് ഡോക്ടര്‍മാരെ കൂടുതല്‍ പ്രകോപിപ്പിച്ചു.

പേവാ‍ര്‍ഡ് ഡ്യുട്ടി വരെ ബഹിഷ്ക്കരിച്ച ഡോക്ടര്‍മാര്‍ വി.ആര്‍.എസിനും അപേക്ഷ നല്‍കി. 77 സീനിയര്‍ ഡോക്ടര്‍മാരാണ് വി.ആര്‍.എസിന്‌ അപേക്ഷ നല്‍കിയത്. കൂടാതെ 168 ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജി സന്നദ്ധതയും പ്രഖ്യാപിച്ചു. എന്നാല്‍ രാജിക്കത്ത് സ്വീകരിക്കാമെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.എന്നാല്‍ രോഗികളെ നോക്കുന്നതില്‍ നിന്നും ഡൊക്ടര്‍മാര്‍ പിന്മാറിയില്ല

സമരം നീണ്ടതോടെ ഒത്തു തീര്‍പ്പിനായി സര്‍ക്കാര്‍ പല പദ്ധതികളും പ്രഖ്യാപിച്ചു. ശബളസ്കെയില്‍ പരിഷ്ക്കരിക്കാതെയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തത്. എന്‍‌ട്രി കേഡറില്‍ ഡോക്ടര്‍മാര്‍ക്ക് 20,000 രൂപ ശമ്പളം ലഭിക്കുന്ന പാക്കേജിന് ധന, ആരോഗ്യമന്ത്രാലയം രൂപം നല്‍കിയെങ്കിലും അത് അംഗീകരിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ല.

ഇതിനിടെ ശബരിമല ഡ്യൂട്ടിക്കെത്താത്ത മുപ്പത് ഡോക്ടര്‍മാരെ സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്യുകയും ചെയ്തു. സര്‍ക്കാരും ഡോക്ടര്‍മാരും തമ്മിലുള്ള തര്‍ക്കം നീണ്ടതോടെ ഹൈക്കോടതിയും പ്രശ്നത്തില്‍ ഇടപെട്ടു. എത്രയും പെട്ടെന്ന് സമരം പിന്‍‌വലിക്കണമെന്ന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ഇതേ തുടര്‍ന്ന് രണ്ട് ഉപാധികള്‍ ഡോക്ടര്‍മാരുടെ സംഘടന മുന്നോട്ട് വച്ചു. സമരം നടത്തിയതുമൂലം സസ്പെന്‍ഷനിലായ എല്ലാ ഡോക്ടര്‍മാരുടെയും സസ്പെന്‍ഷന്‍ റദ്ദാക്കുക, ഡോക്ടര്‍മാരുടെ ശമ്പളം കൂട്ടുക എന്നീ രണ്ട് കാര്യങ്ങളാണ് സംഘടന വച്ചത്. ഇതില്‍ സസ്പെന്‍ഷന്‍ പിന്‍‌വലിക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

M. RAJU|
ശമ്പള വര്‍ദ്ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ എത്രയും പെട്ടെന്ന് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതോടെ സമരം പിന്‍‌വലിക്കാന്‍ ഡോക്ടര്‍മാര്‍ തയാറാവുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഉറപ്പില്‍ നിന്നു പിന്നോട്ടു പോയാല്‍ സമരം വീണ്ടും ഉണ്ടാവും എന്നതാണ് സ്ഥിതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :