പിടിപ്പുകേട്: കുട്ടിച്ചോറായ ശബരിമല ഭരണം

എം രാജു

Sabarimala
KBJWD
ദക്ഷിണേന്ത്യയിലെ സുപ്രധാനമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയില്‍ മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തിലുള്ള കയ്പേറിയ അനുഭവങ്ങളാണ് 2007ലെ മണ്ഡലകാലം സമ്മാനിച്ചത്.

കല്ലും മുള്ളും ചവിട്ടി അയ്യപ്പ ദര്‍ശനം നടത്തുന്നതിനേക്കാള്‍ കടുത്ത പീഡനങ്ങളാണ് പമ്പ മുതല്‍ സന്നിധാനം വരെ ഭക്തര്‍ അനുഭവിച്ചത്. എല്ലാ മേഖലയിലും തീര്‍ത്ഥാടര്‍ക്ക് അവജ്ഞയും അവഗണനയുമാണ് നേരിടേണ്ടി വന്നത്. പൊരി വെയിലത്ത് മല കയറുന്ന ഭക്തര്‍ക്ക് അല്പം നേരം ഇരുന്ന് വിശ്രമിക്കാനുള്ള കേന്ദ്രങ്ങള്‍ വളരെ കുറവായിരുന്നു.

ഇടയ്ക്ക് അല്പം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാല്‍ ആശ്രയിക്കാന്‍ ഡോക്ടര്‍മാരുമില്ല. ഇതെല്ലാം സഹിച്ച് മലകയറി ശരം കുത്തിയിലെത്തിക്കഴിഞ്ഞാല്‍ അനന്തമായ കാത്തു നില്‍പ്പാണ്. ആറും ഏഴും മണിക്കൂര്‍ നേരം കാത്തു നിന്നതിന് ശേഷമാണ് അയ്യപ്പദര്‍ശനത്തിന് സാധ്യമാവുക.

കാത്ത് നില്‍പ്പിനിടയില്‍ അല്‍പ്പം ഒന്ന് ഇരിക്കാമെന്ന് വച്ചാ‍ല്‍ അതിനും സൌകര്യം ഇല്ല. എല്ലാം സഹിച്ച് അയ്യപ്പദര്‍ശനവും കഴിഞ്ഞാല്‍ പിന്നീട് അരവണ പ്രസാദം വാങ്ങാനുള്ള തിരക്കാണ്. അന്തമില്ലാതെ നീളുന്ന ക്യൂവില്‍ ആറും ഏഴും മണിക്കൂര്‍ കാത്ത് നിന്നാല്‍ ഒന്നോ രണ്ടോ ടിന്‍ അരവണ കിട്ടും.

പലപ്പോഴും അരവണ വിതരണം നിലയ്ക്കുകയും ചെയ്തു. ഇത്തവണ ഭക്തര്‍ കൊണ്ടു വന്ന പാത്രങ്ങളിലും അരവണ വിതരണം ചെയ്തു. 12 മണിക്കൂറുകളോളം ക്യൂവില്‍ നിന്നിട്ടും അരവണ ലഭിക്കാതെ മടങ്ങിപ്പോയവരും നിരവധി. ചിലര്‍ സന്നിധാനത്ത് അധികൃതര്‍ക്കെതിരെ മുദ്രാവാക്യം വിളികള്‍ മുഴക്കി.

അരവണക്ഷാമം തുടരുകയാണെങ്കില്‍ രൂക്ഷമായ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പും ഉണ്ടായി. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇക്കുറി ശബരിമല തീ‍ര്‍ത്ഥാടനത്തെ ഏറെ ദുഷ്കരമാക്കിയത്. ദേവസ്വം ബോര്‍ഡും വകുപ്പ് മന്ത്രിയും തമ്മിലുള്ള തര്‍ക്കവും ഒരു കാരണമാണ്.

M. RAJU|
ഏതായാലും മണ്ഡലകാലം അവസാനിക്കാറായപ്പോള്‍ അരവണ ക്ഷാമം പരിഹരിക്കാനായി അരവണ ഉത്പാദനം കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത് അയ്യപ്പ ഭക്തര്‍ക്ക് ആശ്വാസമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :