എങ്ങുമെത്താതെ 123; കാരാട്ട് മുന്നോട്ട്

PTI
ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യത്തെ തൃപ്തിപ്പെടുത്താനായി യുപി‌എ സര്‍ക്കാര്‍ നടത്തിയ 123 ആണവ സഹകരാര്‍ സഫലീകരിക്കാനുള്ള ശ്രമം സര്‍ക്കാരിനെ പലപ്പോഴും ഞാണിന്‍‌മേല്‍ നിര്‍ത്തിയ കാഴ്ച 2007 ലെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ കാണാന്‍ കഴിയും.

ആണവ കരാറിനെതിരെ വിമര്‍ശനവും അതേസമയം മിതത്വവും പാലിക്കാനായിരുന്നു ബിജെ‌പി നയിക്കുന്ന പ്രതിപക്ഷം ശ്രമിച്ചത്. എന്നാല്‍, കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ യുപി‌എയുടെ ഇടത് സഖ്യകക്ഷികള്‍ സര്‍ക്കാരിന്‍റെ കടുത്ത വിമര്‍ശകരായി മാറുകയായിരുന്നു.

ഇന്ത്യയുടെ രാഷ്ട്ര താല്‍‌പര്യം സംരക്ഷിക്കാത്ത രീതിയിലുള്ള കരാര്‍ തുടര്‍ന്നാല്‍ സര്‍ക്കാരിന് നല്‍കി വരുന്ന പിന്തുണ പിന്‍‌വലിക്കുമെന്ന് സിപി‌എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രഖ്യാപിച്ചതോടെ സര്‍ക്കാരിന് മുന്നോട്ട് പോവുന്നത് ദുര്‍ഘടമായി. തുടര്‍ന്ന് കാരാട്ടിന്‍റെ നേതൃത്വത്തില്‍ ആണവ വിമര്‍ശനം സജീവമായി.

എന്നാല്‍, പ്രധാന മന്ത്രി മന്‍‌മോഹന്‍ സിംഗ് ‘ആവശ്യമുള്ളവര്‍ക്ക് പിന്തുണ പിന്‍‌വലിക്കാം’ എന്നും ആണവ കരാറുമായി മുന്നോട്ട് പോവുമെന്നും തുറന്നടിച്ചത് ഇടത് സഖ്യത്തെ ഞെട്ടിച്ചു. തുടര്‍ന്ന് സോണിയ ഗാന്ധി ‘കൂട്ടുകക്ഷി ധര്‍മ്മ’ത്തെക്കുറിച്ച് നടത്തിയ പ്രസ്താവനകളാണ് ഇടതുപക്ഷത്തെ തണുപ്പിച്ചത്.

കരാറിനെ കുറിച്ച് പാര്‍ലമെന്‍റിന്‍റെ സംയുക്ത സമിതി ചര്‍ച്ച ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരുന്നത്. കരാറിനെ കുറിച്ച് പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യുന്ന കീഴ്വഴക്കം ഇല്ലെന്ന് ന്യായ വാദം ഉന്നയിച്ച് യുപി‌എ സര്‍ക്കാര്‍ ഈ ആവശ്യത്തെ പ്രതിരോധിച്ചു. എന്നാല്‍, പിന്നീട് കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള ഇടതു കക്ഷികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സര്‍ക്കാര്‍ വോട്ടെടുപ്പില്ലാത്ത ചര്‍ച്ചയ്ക്ക് വഴങ്ങി.

ആണവ ചര്‍ച്ചയില്‍ കേന്ദ്രം പാര്‍ലമെന്‍റില്‍ ഒറ്റപ്പെടുന്ന കാഴ്ചയ്ക്കും 2007 സാക്‍ഷ്യം വഹിച്ചു. അന്താരാഷ്ട്ര ആണവ ഏജന്‍സിയുമായി തുടര്‍ ചര്‍ച്ച നടത്താം എന്നാല്‍ ഉടമ്പടികളില്‍ ഒപ്പ് വയ്ക്കരുത് എന്ന ഇടത് തന്ത്രത്തിനും യുപി‌എ സമ്മതം മൂളി.

ഇടത് സമ്മര്‍ദ്ദം വര്‍ദ്ധിച്ചതോടെ യുപി‌എ സര്‍ക്കാരിന് ആണവ കരാറുമായി സ്വതന്ത്രമായി മുന്നോട്ടു പോവാന്‍ പറ്റാത്ത അവസ്ഥയിലായി. അതേസമയം ദേശീയ രാഷ്ട്രീയത്തില്‍ പ്രകാശ് കാരാട്ടിന് പ്രാമുഖ്യം നല്‍കിയ വര്‍ഷമായിരുന്നു ഇത്.

PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :