ഒടുവില്‍ ആ രഹസ്യം മറ നിങ്ങിയപ്പോള്‍

PTI
അന്‍പത്തിയൊമ്പതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യയില്‍ പ്രധാനപ്പെട്ട ഒരു രഹസ്യം മറ നീങ്ങി പുറത്തു വന്നിരിക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനപകടത്തിലാണ് മരിച്ചതെന്ന്. ഇതോടെ നേതാജി വിമാനപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ സന്ന്യാസിയായി കറങ്ങിയിരുന്നുവെന്ന കെട്ടുകഥകള്‍ പൊളിഞ്ഞിരിക്കുകയാണ്

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട രേഖകളാണ് ഇത് വ്യക്തമാക്കിയത്.
തായ്‌പേയില്‍ നിന്ന് ഫോര്‍മോസയിലേക്ക് സുഭാഷ് ചന്ദ്രബോസ് യാത്ര തിരിച്ച വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന വിവരം നേതാജിയുടെ കൂട്ടുകാരനായ ഹബീബ് ഉര്‍ റഹ്‌മാനില്‍ നിന്നാണ് ലഭിച്ചത്.

അദ്ദേഹം ഈ വിവരം രണ്ടാം ലോകമഹായുദ്ധ കാലത്ത് രഹസ്യാന്വേഷണ പ്രവര്‍ത്തനം നടത്തിയിരുന്ന അമേരിക്കന്‍ സംഘടനയായ കൌണ്ടര്‍ ഇന്‍റജിലന്‍സ് കോര്‍പ്പ്‌സിനോട് പറഞ്ഞത്. 1945 ഓഗസ്റ്റ് 18നാണ് സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടത്.

‘വിമാനത്തില്‍ സുഭാഷ് ചന്ദ്രബോസിന്‍റെ സീറ്റിന് സമീപത്ത് ഒരു ഇന്ധന ടാങ്ക് ഉണ്ടായിരുന്നു. വിമാനം പൊട്ടിത്തെറിച്ചപ്പോള്‍ ടാങ്ക് തകര്‍ന്ന് ഇന്ധനം സുഭാഷ് ചന്ദ്രബോസിന്‍റെ വസ്ത്രത്തിലായി‘;ആഭ്യന്തര മന്ത്രാലയത്തിന്‍റെ കൈവശമുള്ള കൌണ്ടര്‍ ഇന്‍റജിലന്‍സ് രേഖ പറയുന്നു. ഇതു മൂലം മാരകമായി പൊള്ളലേറ്റ് സുഭാഷ് ചന്ദ്രബോസ് മരിച്ചുവെന്നാണ് നിഗമനം.

ഡല്‍ഹി ആസ്ഥാനമായിട്ടുള്ള സംഘടനയായ ‘മിഷന്‍ നേതാജി‘ സുഭാഷ് ചന്ദ്രബോസിന്‍റെ മരണ കാരണം വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവര അവകാശ നിയമ പ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാ‍ലയം ഈ രേഖകളുടെ പകര്‍പ്പുകള്‍ അവര്‍ക്ക് നല്‍കുകയായിരുന്നു.

1897 ജനുവരി 23 നാണ് സുഭാഷ് ചന്ദ്രബോസ് ജനിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുത്തുവെങ്കിലും മഹാത്മഗാന്ധിയുമായിട്ടുള്ള അഭിപ്രായ വ്യത്യാസം മൂലം അദ്ദേഹം രാജിവെച്ചു. തുടര്‍ന്ന് അദ്ദേഹം ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് രൂപീകരിച്ചു.

രണ്ടാം ലോകമഹായുദ്ധ സമയത്ത് അദ്ദേഹം ബ്രിട്ടീഷ്ക്കാര്‍ക്ക് എതിരെ പോരാട്ടം നടത്തുന്നതിന് സഹായം തേടി. സോവിയറ്റ് യൂണിയന്‍, ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്ക് സഞ്ചരിച്ചു. ജപ്പാന്‍ സഹായത്തോടെ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപികരിച്ചു. അതേസമയം രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനും, ജര്‍മ്മനിക്കുമേറ്റ തോല്‍‌വി നേതാജിയുടെ മോഹങ്ങള്‍ തകര്‍ത്തു.

WEBDUNIA|
1945 ല്‍ ഓഗസ്റ്റ് 18 ന് തായ്‌പ്പേയില്‍ ഒരു വിമാനവും തകര്‍ന്നില്ലെന്ന് സുഭാഷ് ചന്ദ്രബോസിന്‍റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന മുഖര്‍ജി കമ്മീഷനെ അറിയിച്ചിരുന്നു. നേതാജിയെ ബ്രിട്ടീഷ് ചാരന്‍‌മാര്‍ വധിച്ചുവെന്ന വാദവും നിലനില്‍ക്കുന്നുണ്ട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :