ഈ പുല്‍ക്കൂട് കണ്ടാല്‍ മനസ് നിറയും; ഇങ്ങനെയാകണം പുല്‍ക്കൂട്

ഈ പുല്‍ക്കൂട് കണ്ടാല്‍ മനസ് നിറയും

 christmas crib , christmas , ക്രിസ്‌തുമസ്  , പുല്‍ക്കൂട് , പുല്‍ക്കൂട് അലങ്കരിക്കാം
jibin| Last Updated: ബുധന്‍, 21 ഡിസം‌ബര്‍ 2016 (19:59 IST)
ക്രിസ്‌തുമസ് എന്നു കേള്‍ക്കുമ്പോഴെ മനസില്‍ നിറയുന്ന രൂപമാണ് അതിമാനോഹരമായി അലങ്കരിച്ച പുല്‍ക്കൂട്. കണ്‍ ചിമ്മുന്ന നക്ഷത്രങ്ങളും വർണവിളക്കുകളും ഗില്‍റ്റഡ് പേപ്പറുകള്‍ നിറഞ്ഞ ഒരു പുല്‍ക്കൂട്. ഇതിനൊപ്പം ഒരു ട്രീ കൂടിയുണ്ടെങ്കില്‍ വേറെ എന്തുവേണം. ട്രീ നിറയെ ബോളുകള്‍, ക്രിബുകള്‍, ലൈറ്റുകള്‍ നക്ഷത്രങ്ങള്‍, മണികള്‍, ബലൂണുകള്‍ എന്നിവ നിറയുമ്പോള്‍ ട്രീക്കൊപ്പം നമ്മുടെ മനസും നിറയും.

പുല്‍ക്കൂട് എങ്ങനെ അലങ്കരിക്കാം ?:-

പഴയപോലെയല്ല ഇന്ന് കാര്യങ്ങള്‍, ക്രിസ്‌തുമസ് വിപണിയില്‍ ചൈനീസ് ആധിപത്യമാണ്. കുടുംബാംഗങ്ങൾ ഒരുമിച്ചു കൂടൊരുക്കുന്നതാണ് ഭംഗിയെങ്കിലും എല്ലാവരും തിരക്കായതിനാല്‍ അത് നടക്കില്ല. ലൈറ്റുകള്‍ മുതല്‍ ബലൂണുകള്‍ വരെ ചൈനീസ് കമ്പനികള്‍ വിപണിയില്‍ എത്തിക്കും. പുല്‍ക്കൂട് ഉണ്ടാക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് രൂപങ്ങളുടെ വലുപ്പമാണ്.
വൈക്കോലിന് പകരം വാട്ടർപ്രൂഫ്‌ കൂടുകൾ ലഭ്യമാണെങ്കിലും മുളകളും വൈക്കോല്‍ കൊണ്ടും നിര്‍മ്മിക്കുന്ന കൂടുകള്‍ക്കാണ് ഭംഗി.

പുല്‍ക്കൂട്ടില്‍ വയ്‌ക്കേണ്ട രൂപങ്ങളുടെ വലുപ്പം അനുസരിച്ച് കൂടുകള്‍ വലുതും ചെറുതുമായി നിര്‍മിക്കാം. മുറ്റം അധികമില്ലാത്ത വീടാണെങ്കില്‍ പോര്‍ച്ചിലോ വീടിനോട് ചേര്‍ന്നോ കൂട് നിര്‍മിക്കാം. പോര്‍ച്ചിലാണ് നിര്‍മിക്കുന്നതെങ്കില്‍ ആദ്യം ഒരു ഷീറ്റ് വിരിച്ചശേഷം അതില്‍ വേണം നിര്‍മിക്കാന്‍. തറയില്‍ പോറലേല്‍ക്കാതിരിക്കാന്‍ ഇത് സഹായിക്കും. അറക്കപ്പൊടി (തടി മില്ലില്‍ നിന്ന് ലഭിക്കുന്ന തടിയുടെ പൊടി), കടലോരത്തെ മണ്ണ്, പച്ച പുല്ല് എന്നിവ ഉപയോഗിക്കുന്നത് കൂടിന് അഴക് സമ്മാനിക്കും. പാടത്തും പുഴയുടെ തീരത്തു കാണുന്ന ചെറിയ പുല്ലുകള്‍ മണ്ണോടെ വെട്ടിയെടുത്ത് പുല്‍ക്കൂടിന് സമീപത്ത് വച്ചാല്‍ പുല്‍‌ത്തകിടിക്ക് സമമാകും.

പുല്‍ക്കൂടിനോട് ചേര്‍ത്തു ട്രീ നിര്‍മിക്കുന്നത് മനോഹരമായിരിക്കും. ബോളുകള്‍, മണികള്‍, ഗില്‍റ്റഡ് പേപ്പര്‍, നക്ഷത്രം, ലൈറ്റുകള്‍, മണികള്‍, ബലൂണുകള്‍ എന്നിവ പുല്‍ക്കൂടിനോട് ചേര്‍ത്ത് അലങ്കരിക്കാം. വൈക്കോല്‍ കൂടുതലായി ഉപയോഗിച്ചു നിര്‍മിക്കുന്ന കൂടിന് മനോഹാരിത വര്‍ദ്ധിക്കും. ട്രീ നിറയെ മിന്നുന്ന ലൈറ്റുകള്‍ ഇടണം. കൂടിന് സമീപത്തായി മരങ്ങള്‍ ഉണ്ടെങ്കില്‍ അതിലും ഇത്തരത്തിലുള്ള ലൈറ്റുകള്‍ ഇടാവുന്നതാണ്. ബലൂണുകളില്‍ അതികം എയര്‍ നിറയ്‌ക്കരുത്. സൂര്യപ്രകാശവും ട്രീയിലെ ലൈറ്റുകളുടെ അധികം ചൂട് ഏല്‍ക്കുന്നിടത്തും ബലൂണുകള്‍ വയ്‌ക്കരുത്.

എത്രയോ വര്‍ണങ്ങളിലും വൈവിധ്യം നിറഞ്ഞ രീതിയിലുമുള്ള നക്ഷത്രങ്ങളാണ് വാങ്ങാന്‍ കിട്ടുന്നത്. അതില്‍ വൈദ്യുത ബള്‍ബുകള്‍ തെളിഞ്ഞുനില്‍ക്കുമ്പോഴുള്ള ഭംഗി പറയേണ്ടതുമില്ല. നക്ഷത്രങ്ങള്‍ക്കുള്ളില്‍ ബള്‍ബ് ഇടുമ്പോള്‍ അതില്‍ കളര്‍ പ്ലാസ്‌റ്റിക് പൊതിഞ്ഞാല്‍ തെളിയുമ്പോള്‍ വ്യത്യസ്ഥമായ കളര്‍ ലഭിക്കും. ചൈനീസ് അലങ്കാര വസ്‌തുക്കളില്‍ മിക്കതും
ഒരു പ്രാവശ്യം മാത്രമെ ഉപയോഗിക്കാന്‍ സാധിക്കൂ. ഇതിനാല്‍ ഇവ വാങ്ങുമ്പോള്‍ അധികം വില ഇല്ലാത്തത് വാങ്ങുന്നതായിരിക്കും ഉചിതം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :