ഇന്ന് ചെട്ടികുളങ്ങര കുംഭഭരണി

മാവേലിക്കര:| WEBDUNIA|
2006 മാര്‍ച്ച് 4
ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം ഇന്ന്. ഉത്സവം പ്രമാണിച്ച് ഇന്നു മുഴുവന്‍ സമയവും ക്ഷേത്രനട തുറന്നിരിക്കും. ദേവിയെ ആവാഹിച്ച ജീവത ഓരോ കെട്ടുകാഴ്ചയും സന്ദര്‍ശിക്കുന്നതോടെ ദേവീനാമങ്ങളാല്‍ അന്തരീക്ഷം ഭക്തിസാന്ദ്രമാകും.

മാര്‍ച്ച് 4 ന് ശനിയാഴ്ചസന്ധ്യയോടെ കെട്ടുകാഴ്ചകള്‍ ക്ഷേത്രമൈതാനിയില്‍ ദൃശ്യവിസ്മയം ഒരുക്കും. പതിമൂന്നുകരകളുടെയും പ്രാതിനിധ്യമുള്ള ശ്രീദേവീവിലാസം ഹിന്ദുമത കണ്‍വന്‍ഷനാണ് ഉത്സവത്തിനു മേല്‍നോട്ടം വഹിക്കുന്നത്.

കരകൗശല കൗതുകങ്ങളും വര്‍ണ്ണാഭങ്ങളുമായ കെട്ടുകാഴ്ചകള്‍ക്ക് പുകള്‍പെറ്റതാണ്ചെട്ടികുളങ്ങര ഭരണി മഹോത്സവം. ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളില്‍ നിന്നെത്തുന്ന കുതിരകള്‍, തേരുകള്‍, ഭീമന്‍, ഹനുമാന്‍, പഞ്ചാലി എന്നിവയാണ് കെട്ടുകാഴ്ചകള്‍. ശിവരാത്രി നാളില്‍ തുടങ്ങിയതാണ് ഇതിനുള്ള ഒരുക്കങ്ങള്‍.

വൈകിട്ട് പതിമൂന്നു കരകളില്‍ നിന്നുള്ള അംബരചുംബികളായകെട്ടുകാഴ്ചകള്‍ ക്ഷേത്രനടയില്‍ എത്തി ദര്‍ശനം നടത്തിയ ശേഷം കിഴക്കുവശമുള്ള വയലില്‍ മുറപ്രകാരം ഇറക്കിവയ്ക്കും. ആറു കരക്കാര്‍ കുതിരകളും അഞ്ച് കരക്കാര്‍ തേരുകളും രണ്ടു കരക്കാര്‍ ഭീമസേനന്‍, ഹനുമാന്‍, പാഞ്ചാലി എന്നിവരുടെ രൂപങ്ങളുമാണു കെട്ടുകാഴ്ചയായി ക്ഷേത്രത്തില്‍ എത്തിക്കുന്നത്.

നരബലിയുടെ പ്രതീകാത്മകചടങ്ങായ കുത്തിയോട്ടം ശനിയാഴ്ച രാവിലെ തുടങ്ങിആചാരപ്പെരുമയും അനുഷ്ഠാനവിശുദ്ധിയും ഒത്തുചേരുന്ന കുംഭഭരണിയോടനുബന്ധിച്ച് വമ്പിച്ച വാണിഭങ്ങളും നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :