മലദേവനായ കറുപ്പാ സ്വാമിയുടെ നടയില്‍ തിരിതെളിയിച്ചാണ് രണ്ടാം ദിവസം യത്ര തുടങ്ങുക. ആനച്ചൂരുള്ള ഈറ്റക്കാടുകള്‍ കടന്ന് പൊങ്കാലപ്പാറയിലെത്തുന്നു. പൂക്കള്‍ നിറഞ്ഞ സസ്യലതാദികളുടെ വൈവിദ്ധ്യവും സമൃദ്ധിയും ആരുടെയും മനം കുളിര്‍പ്പിച്ചേക്കും. അഗസ്ത്യാര്‍കൂടത്തെ കൈലാസത്തോട് ഉപമിക്കുന്ന തീര്‍ത്ഥാടകര്‍ ഈ താഴ്വാരത്തെ തടാകത്തിനെ "മാനസസരോവര്‍' എന്നും വിളിക്കുന്നു.
അഗസ്ത്യഗീതയില്‍ നിന്ന് ഉത്ഭവിച്ച് തമിഴകത്തേക്ക് ഒഴുകുന്ന "താമ്രപര്‍ണ്ണി' തീര്‍ക്കുന്നതാണ് ഈ തടാകം. ഇവിടെ മുങ്ങിക്കുളിച്ച് പൂജയ്ക്കുള്ള തീര്‍ത്ഥവും ശേഖരിച്ചാണ് യാത്ര തുടരുക.
ഇവിടെ മുതലുള്ള യാത്ര വര്‍ണ്ണനാതീതമാണ്. ഓരോ നിമിഷവും മിന്നിമായുന്ന പ്രകൃതിയുടെ ഉദാത്തഭാവങ്ങള്‍. വീശിയടിക്കുന്ന തണുത്ത കാറ്റും അടുത്തു നില്‍ക്കുന്നവരെ പോലും മറയ്ക്കുന്ന കോടമഞ്ഞും, ഭീതിയും സാഹസികതയും പകര്‍ന്നു തരുന്ന ഇരുണ്ട കാനനപാത പിന്നിട്ട് അഗസ്ത്യശൃംഖത്തിലെത്തുമ്പോള്‍ സ്വര്‍ഗ്ഗം തന്നെ മുന്നില്‍ കാണുകയായി. പച്ച പുതച്ച മലനിരകളം അതി സുന്ദരമായ പ്രകൃതി ദൃശ്യങ്ങളും, പേപ്പാറ - നെയ്യാര്‍ ജലസംഭരണികളും അവിടെയെത്തിച്ചേരുന്ന നദികളും.
തീര്‍ത്ഥാടകന് അഗസ്ത്യനെ സ്വയം പൂജിക്കാനുള്ള അസുലഭ സൗഭാഗ്യവും ഇവിടെ കിട്ടും. പിന്നെ അഗസ്ത്യനെയും പ്രകൃതിയെയും വന്ദിച്ച് മലയിറക്കമാണ്.
1869 മീറ്റര്‍ ഉയരമുള്ള അഗസ്ത്യമുനി ഉയരത്തില്‍ കേരളത്തിലെ രണ്ടാം സ്ഥാനക്കാരനാണ്. വനം വകുപ്പിന്‍റെ അനുമതിയോടെയേ ഇവിടെ പ്രവേശനമുള്ളൂ.
നെയ്യാര്‍ഡാം-കൊമ്പൈ-മീന്‍മുട്ടി-ഉണ്ണിക്കടവ് വഴിയും അതിരുമലയിലെത്താം. എന്നാല്‍ ഈ പാത അതി ദുര്‍ഘടമാണ്. തമിഴകത്ത് നിന്ന് മൂങ്ങന്‍തുറൈ റിസര്‍വ് വനത്തിലൂടെയും അംബാസമുദ്രം - കളക്കാട് - ഇഞ്ചിക്കുന്ന് വഴിയും ഇവിടെ തീര്‍ത്ഥാടകരെത്തുന്നു.