മനുഷ്യ ശരീരവുമായി ബന്ധപ്പെട്ട സകാതിനാണ് ഫിത്‌ര്‍ സകാത്തെന്ന് പറയുന്നത്. ശാരീരിക, ആത്മീയ ശുദ്ധീകരണമാണ് ഈ സകാത്ത് നല്‍കുന്നതിലൂടെ നടക്കുന്നത്. റമസാനിലെ ഏറ്റവും ഒടുവിലത്തെയും ശവ്വാലില്‍ ഏറ്റവും ആദ്യത്തെയും നിമിഷങ്ങളില്‍ ജീവിച്ചിരിക്കുന്ന വ്യക്തിയില്‍ നിര്‍ബന്ധമാക്കപ്പെട്ട ദാനധര്‍മമാണിത്.
ഫിത്‌ര്‍ സകാത്ത് നോമ്പുകാരനെ എല്ലാവിധ അനാവശ്യങ്ങളില്‍ നിന്നും അശ്ലീലങ്ങളില്‍ നിന്നും ശു ദ്ധീകരിക്കുന്നുവെന്ന് അടിസ്ഥാനയോഗ്യമായ ഹദീസിലുണ്ട്. നിസ്കാരത്തില്‍ സഹ്‌വിന്‍റെ സുജൂദിനോടാണ് നോമ്പിനുള്ള ഫിഫിത്‌ര്‍ സകാത്തിനെ ഉപമിച്ചിരിക്കുന്നത്. ഇത് നോമ്പിന്‍റെ ന്യൂനതകള്‍ പരിഹരിക്കുമെന്നാണ് വിശ്വാസം.
അനുയോജ്യമായ വീട്, ആവശ്യമായ പരിചാരകന്‍, പെരുന്നാള്‍ ദിവസത്തിന്‍റെ രാപ്പകലുകളില്‍ തനിക്കും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കുമുള്ള ഭക്ഷണം, വസ്ത്രം തുടങ്ങിയ ചെലവുകള്‍ക്കുള്ള തുകയും കടവും കഴിച്ച് വല്ല സമ്പത്തും ബാക്കിയുള്ള വ്യക്തി സ്വശരീരത്തിന് വേണ്ടിയും താന്‍ ചെലവു കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കു വേണ്ടിയും ഫിത്‌ര്‍ സകാത് നല്‍കല്‍ നിര്‍ബന്ധമാണ്.
ഫിത്‌ര്‍ സകാത് നിര്‍ബന്ധമാകാന്‍ അപാരമായ സമ്പത്ത് ആവശ്യമില്ലെന്ന് ഇതോടെ വ്യക്തമാകുകയാണ്. സ കാത് സ്വീകരിക്കുന്നവര്‍ തന്നെ പലപ്പോഴും കൊടുക്കാനും ബാധ്യസ്ഥരായേക്കും. പലരില്‍ നിന്നായി സകാത് കാലേക്കൂട്ടി ലഭിക്കുകയും പ്രസ്തുത വസ്തുക്കള്‍, മേല്‍ ആവശ്യങ്ങള്‍ കഴിച്ച് ബാക്കി വരികയും ചെയ്താല്‍ അവനും സകാത് കൊടുക്കാന്‍ ബാധ്യസ്ഥനാണ്.