റംസാന്‍ നിലാവ് നല്‍കുന്ന സന്ദേശം

റംസാന്‍ മാസത്തിലെ വ്രതം വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാദ്ധ്യതയാണ്. അല്ലാഹുവിനോടുള്ള നന്ദി സൂചകമായാണ് വിശ്വാസികള്‍ വ്രതാനുഷ്ഠാനം നടത്തുന്നത്.

കൊച്ചി| priyanka| Last Modified ബുധന്‍, 6 ജൂലൈ 2016 (11:08 IST)
സുബ്ഹി ബാങ്ക് മുതല്‍ മഗ്രിബ് ബാങ്ക് മുഴങ്ങുന്നത് വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച കഠിന വ്രതം. പെരുന്നാള്‍ ചന്ദ്രിക തെളിഞ്ഞതോടെ പുത്തനുടുപ്പണിഞ്ഞ് ജുമഅ പള്ളികളിലോ പ്രത്യേകം സജ്ജമാക്കപ്പെട്ട ഈദ്ഗാഹില്‍ വച്ചോ പ്രത്യേക നമസ്‌കാരം, അതിനുശേഷം ഇമാമിന്റെ പ്രഭാഷണം. എല്ലാത്തിനുമൊടുവില്‍ വിശേഷമായ പെരുന്നാള്‍ വിരുന്ന്.

വര്‍ഷത്തില്‍ ഒരു മാസം ഇസ്ലാമിക കലണ്ടറായ ഹിജ്‌റ വര്‍ഷ പ്രകാരം ഒമ്പതാം മാസമായ റമദാന്‍ മാസത്തിലാണ് വിശ്വാസികള്‍ വ്രതമാചരിക്കേണ്ടത്. റംസാന്‍ മാസത്തിലെ വ്രതം വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാദ്ധ്യതയാണ്. മെയ്യും മനസും പരമകാരുണ്ണികനായ അള്ളാഹുവില്‍ സമര്‍പ്പിച്ച് ഇസ്ലമിന്റെ പഞ്ചസ്തംഭങ്ങില്‍ നാലാമത്തേതായ റംസാന്‍ വ്രതാനുഷ്ഠാനം വിശ്വാസികള്‍ പിന്തുടരുന്നു. പ്രവാചകനായ മുഹമ്മദ് നബിയും വിശുദ്ധ ഖുര്‍ആനും വിശ്വാസികള്‍ക്ക് ലഭിച്ച കൂടിയാണ് റംസാന്‍. അതിനാല്‍ തന്നെ ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പരിശുദ്ധമായ മാസമാണിത്. ഖുര്‍ആനിലൂടെ മനുഷ്യര്‍ക്ക് ആന്തരികവെളിച്ചം നല്‍കിയ അല്ലാഹുവിനോടുള്ള നന്ദി സൂചകമായാണ് വിശ്വാസികള്‍ വ്രതാനുഷ്ഠാനം നടത്തുന്നത്.

റംസാന്‍ മാസത്തില്‍ പകല്‍ സമയം ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കുകയും സമകലവികാരങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ പാരായണവും ദാനധര്‍മ്മങ്ങളും കൊണ്ട് പകല്‍ കഴിഞ്ഞാല്‍ സന്ധ്യ നമസ്‌കാരത്തോടെ വ്രതം അവസാനിപ്പിച്ച് ഭക്ഷണം കഴിക്കുന്നു. ക്ഷമ, കര്‍ത്തവ്യ ബോധം, ഐഹിക വികാരങ്ങളിലുള്ള നിയന്ത്രണം ഇവയൊക്കെ റംസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമാണ്. ത്രാവീഹ് എന്ന് അറിയപ്പെടുന്ന ദൈര്‍ഘ്യമേറിയ നമസ്‌കാരം റംസാന്‍ മാസത്തിലാണ്. നോമ്പുകാരന്റെ ശീരാന്തര്‍ ഭാഗത്തേക്ക് എതെങ്കിലും വസ്തു കടക്കുക, സ്വബോധത്തോടെ ശുക്ല സ്ഖലനം ഉണ്ടാക്കുക, കളവ് പറയുക, തെറ്റായ കാര്യങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുമെന്ന് മുഹമ്മദ് നബി പ്രസ്താവിച്ചിരിക്കുന്നു.

റംസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ മനസിലെ നിരാശ ബോധത്തെ ഇല്ലാതാക്കാന്‍ നമ്മുക്കാവും. പരമകാരുണ്യവാനെ സ്തുതിച്ചു കൊണ്ട് ജീവിതത്തില്‍ എന്നും ഒരു തണലായി സര്‍വ്വേശ്വരന്‍ ഉണ്ടെന്നും മനസിലാക്കിയാല്‍ അവനില്‍ പ്രതീക്ഷകള്‍ തനിയെ വളര്‍ന്നു കൊള്ളും. നന്‍മയും സന്തോഷവും നിറഞ്ഞ ജീവിതം ലഭ്യമാവാന്‍ റംസാന്‍ വ്രതം ഏറെ സഹായകമാണ്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :