സൌദിയുമായി ഹജ്ജ് കരാറില്‍ ഇന്ത്യ ഒപ്പിട്ടു

Hjj
ന്യൂഡല്‍ഹി/കോഴിക്കോട്| WEBDUNIA|
PRO
PRO
സൗദി അറേബ്യയുമായുള്ള ഇക്കൊല്ലത്തെ ഹജ്ജ്‌ കരാര്‍ ഇന്ത്യ ഒപ്പിട്ടു. ഇതനുസരിച്ച് 1,70,000 പേര്‍ക്ക് ഇത്തവണ ഹജ്ജ് നിര്‍വഹിക്കാം. കഴിഞ്ഞ വര്‍ഷം 1,60,000 പേര്‍ക്കാണ് കരാര്‍ വേളയില്‍ അനുമതി നല്‍കിയിരുന്നത്. പിന്നീട് അധിക ക്വോട്ടയായി 10,000 പേര്‍ക്ക് കൂടി അവസരം നല്‍കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെ അധ്യക്ഷതയിലുള്ള ഉന്നതതലസംഘമാണ് കരാറില്‍ ഒപ്പിട്ടത്. ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി ഡോ. ബന്ദര്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ ഹംസ അസദ്‌ ഹാജറാണ് സൗദി അറേബ്യക്ക് വേണ്ടി ഒപ്പിട്ടത്. തീര്‍ത്ഥാടകര്‍ക്ക്‌ മെട്രോ റെയില്‍ സൗകര്യം അനുവദിക്കണമെന്ന് സൌദി അറേബ്യയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം 1,25,000 പേര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 45,491 പേര്‍ സ്വകാര്യ ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാര്‍ മുഖേനയുമാണ് സൗദിയിലെത്തിയത്. സ്വകാര്യ ഗ്രൂപ്പുകാരുടെ ക്വോട്ട ഇക്കൊല്ലവും കൂട്ടില്ല എന്നാണ് മന്ത്രി നല്‍കിയ സൂചന.

ഇതിനിടെ, സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവര്‍ക്കായി സാങ്കേതിക പരിശീലന ക്ളാസ് സംഘടിപ്പിക്കുന്നതിനും ഹാജിമാര്‍ക്കുള്ള നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനുമുള്ള മാസ്റ്റര്‍ ട്രെയിനര്‍മാരായും ജില്ലാ ട്രെയിനര്‍മാരായും പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പോകാന്‍ ലഭിച്ച അപേക്ഷകളില്‍ സൂക്ഷ്മ പരിശോധന തുടങ്ങിയിട്ടുണ്ട്. ഇതുവരെ, സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം അപേക്ഷകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഏപ്രില്‍ 16 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. 50,000 വരെ അപേക്ഷകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :