റംസാന്‍ പിറന്നു. ഇനി നോമ്പുകാലം

WEBDUNIA|
അനുഗ്രഹത്തിന്‍റെ പുണ്യകവാടങ്ങള്‍ തുറന്ന് റംസാന്‍ പിറന്നു.മുസ്ലീങ്ങള്‍ക്ക് നോമ്പുകാലം.

സത്യവിശ്വാസികള്‍ക്ക് സല്‍ക്കര്‍മ്മങ്ങളുടെ വസന്തോത്സവം. മനുഷ്യ സമൂഹത്തിന്‍റെ അഞ്ചിലൊന്നു വരുന്ന മുസ്ളീംങ്ങളുടെ ജീവിത ചിട്ടകള്‍ ഇന്നു മുതല്‍ മാറുകയാണ് .

പൂര്‍വ്വ ചക്രവാളത്തില്‍ പ്രഭാതത്തിന്‍റെ വെള്ളിരേഖ പ്രത്യക്ഷപ്പെട്ടാല്‍ അന്നപാനാദികളില്ല. ശാരീരിക ബന്ധങ്ങളില്ല. തെറ്റായ വാക്കും പ്രവര്‍ത്തിയുമില്ല. തികഞ്ഞ ശ്രദ്ധയാണെല്ലാറ്റിലും, പൂര്‍ണ സൂക്ഷ്മതയാണെങ്ങും.

കണ്ണും കാതും ഹൃദയവുമെല്ലാം പൂര്‍ണ നിയന്ത്രിതം. വാക്കും നോക്കും പോക്കുമൊക്കെ സൃഷ്ടാവിന്‍റെ ആജ്ഞകള്‍ക്കു വിധേയം.

പാപമോചനത്തിന്‍റെ മാസമായ റംസാന്‍ പ്രവാചകസന്ദേശങ്ങള്‍ പാലിച്ച് കഠിന വ്രതം ചെയ്യാനുള്ള അവസരമാണ്.

ലോകത്തിന്‍റെ പല ഭാഗത്തും ഒക് റ്റോബര്‍ 4 ന് വ്രതം തുടങ്ങിക്കഴിഞ്ഞു; കേരളത്തില്‍ ഒക് റ്റോബര്‍ 5 ന് ആണ് നോമ്പ് തുടങ്ങുന്നത്

ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസം

വിശുദ്ധ ഖുര്‍ ആന്‍ അവതരിപ്പിക്കുക വഴി മനുഷ്യര്‍ക്ക് ആന്തരികവെളിച്ചം നല്‍കിയ അല്ലാഹുവിന് നന്ദി സൂചകമായാണ് വ്രതമനുഷ്ഠിക്കുന്നത്. റംസാന്‍ മാസത്തിലാണല്ലോ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായത്.

ഖുറാന്‍ പാരായണം ചെയ്തും , ഉംറ നിര്‍വ്വഹിച്ചും, ദാനധര്‍മ്മങ്ങള്‍ നടത്തിയും വിശ്വാസസമൂഹം പാപപരിഹാരത്തിനായി പള്ളികളില്‍ ദിനരാത്രങ്ങള്‍ ചെലവഴിക്കും. മക്കയും മദീനയും നോമ്പുകാലത്ത് വിശ്വാസികളുടെ സംഗമഭൂമിയായി മാറും.

ഇന്ത്യ, ഈജിപ്ത്, ഇറാന്‍, സുഡാന്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മക്ക, മദീന പള്ളികളില്‍ തമ്പടിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :