രേണുക വേണു|
Last Modified വ്യാഴം, 6 ജനുവരി 2022 (08:55 IST)
വാണ്ടറേഴ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനമായ ഇന്ന് ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും നിര്‍ണായകം. 118-2 എന്ന നിലയില്‍ മൂന്നാം ദിനം കളി നിര്‍ത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 122 റണ്‍സ് കൂടി. മറുവശത്ത് ഇന്ത്യയ്ക്ക് വേണ്ടത് എട്ട് വിക്കറ്റുകള്‍ ! 122 റണ്‍സിനെ ദക്ഷിണാഫ്രിക്കയുടെ എട്ട് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആദ്യ സെഷനില്‍ ബാറ്റിങ് ദുഷ്‌കരമായതിനാല്‍ കരുതലോടെയായിരിക്കും ദക്ഷിണാഫ്രിക്ക കളിക്കുക. ഇന്ത്യയാകട്ടെ ആദ്യ സെഷനില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ പരമാവധി വിക്കറ്റുകള്‍ വീഴ്ത്താന്‍ ശ്രമിക്കുകയും ചെയ്യും.
നായകന്‍ ഡീന്‍ എല്‍ഗര്‍ 121 പന്തില്‍ 46 റണ്‍സുമായി ക്രീസിലുള്ളതാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ കാക്കുന്നത്. 37 പന്തില്‍ 11 റണ്‍സുമായി റാസി വാന്‍ഡേര്‍സനും ക്രീസിലുണ്ട്. ഏദന്‍ മാര്‍ക്രം (31), കീഗന്‍ പീറ്റേര്‍സണ്‍ (28) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ശര്‍ദുല്‍ താക്കൂറിനും രവിചന്ദ്രന്‍ അശ്വിനുമാണ് വിക്കറ്റുകള്‍.