ഓസീസിന് ജയം 222 റണ്‍സ് അകലെ

PROPRO
ഓസീസ് ബൌളിംഗിനെതിരെ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് നായകന്‍ ജയവര്‍ദ്ധനെയ്‌ക്കും മദ്ധ്യനിരക്കാരന്‍ തിലകരത്‌നെ ദില്‍‌‌ഷനും അറിയാമായിരുന്നു. തുടക്കത്തിലെ പതര്‍ച്ചയെ ഭംഗിയായി മറികടന്ന ഇരുവരും ദ്വീപ് ടീമിനെ മാന്യമായ സ്കോറില്‍ എത്തിച്ചു. എന്നിരുന്നാലും ഓസീസിന് എതിരെ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക് കാര്യങ്ങള്‍ വേണ്ട വിധം ക്രമീകരിക്കാനായില്ല.

രണ്ടു പേരും അര്‍ദ്ധ ശതകം കണ്ടെത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ 222 റണ്‍സിന് പുറത്തായി. ദില്‍‌ഷന്‍റെ 62 റണ്‍സും ജയവര്‍ദ്ധനെയുടെ 50 റണ്‍സുമായിരുന്നു ശ്രീലങ്കയ്ക്ക് തുണയായത്. തിടുക്കം കാട്ടി മുന്‍നിരക്കാര്‍ വിക്കറ്റ് തുലച്ചപ്പോള്‍ ഇരുവരും സമചിത്തതയോടെയാണ് ഇന്നിംഗ്‌സിന്‍റെ ജീവന്‍ നീട്ടിയെടുത്തത്.

61 റണ്‍സിന് 4 വിക്കറ്റുകള്‍ വീണിടത്തു നിന്നായിരുന്നു ഇവരുടെ പോരാട്ടം തുടങ്ങിയത്. 66 പന്തുകളില്‍ നാല് ബൌണ്ടറികള്‍ ജയവര്‍ദ്ധനെ കണ്ടെത്തിയപ്പോള്‍ 72 പന്തുകളില്‍ മൂന്ന് ബൌണ്ടറികള്‍ മാത്രമാണ് ദില്‍‌ഷന്‍ അടിച്ചത്. നേരത്തെ കംഗാരുക്കളുടെ ബൌളിംഗ് ആക്രമണം ചെറുക്കാനാ‍കാതെ ശ്രീലങ്കന്‍ മുന്‍ നിരക്കാര്‍ ഒന്നൊന്നായി കൂടാരം കയറി. ആദ്യം പുറത്തായത് ഓപ്പണര്‍ പെരേരയായിരുന്നു. അഞ്ച് റണ്‍സിന് ലീയുടെ പന്ത് വിക്കറ്റിനു മുന്നില്‍ കുരുക്കി.

രണ്ടാമത് സംഗക്കാര 11 റണ്‍സിന് ജോണ്‍‌സന്‍റെ പന്തില്‍ ഹസിക്ക് പിടി നല്‍കി. ഓസ്ട്രേലിയന്‍ മണ്ണില്‍ അവസാന ഏകദിനം കളിക്കുന്ന ജയസൂര്യ 23 റണ്‍സ് എടുത്ത് ബ്രാക്കന്‍റെ പന്തില്‍ ഹസിയുടെ കയ്യിലെത്തി. രണ്ട് റണ്‍സ് എടുത്ത കപുഗദുരയെ ഹോപ്‌സ് ഗില്‍ക്രിസ്റ്റിന്‍റെ കയ്യില്‍ എത്തിച്ചു. അതിനു ശേഷമായിരുന്നു ദില്‍‌ഷനും ജയവര്‍ദ്ധനെയും തമ്മിലുള്ള നിര്‍ണ്ണായക കൂട്ട് കെട്ട് ഉണ്ടായത്.

പിന്നീട് വന്നവരില്‍ 35 റണ്‍സ് എടുത്ത് നതന്‍ ബ്രാക്കന്‍റെ പന്തില്‍ മിച്ചല്‍ ജോണ്‍സന്‍റെ പിടിയില്‍ പെട്ട ചമരസില്‍‌വ ഒഴികെ ഉള്ളവര്‍ക്കൊന്നും കാര്യമായി പൊരുതാനായില്ല. കുലശേഖര (14),ലസിത് മലിംഗ(പൂജ്യം), മുരളീധരന്‍ (ഒന്ന്), അമരസിംഗെ (അഞ്ച്) എന്നിങ്ങനെയായിരുന്നു വലറ്റത്തെ സ്കോറുകള്‍. നതന്‍ ബ്രാക്കന്‍ നാലും ബ്രെറ്റ് ലീ രണ്ടും മിച്ചല്‍ ജോണ്‍സണ്‍, ജയിംസ് ഹോപ്‌സ്, ബ്രാഡ് ഹോഗ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

മെല്‍ബണ്‍:| WEBDUNIA|
സ്കോര്‍ബോര്‍ഡ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :