പൂരങ്ങളുടെ പൂരം

KBJWD
തൃശൂര്‍ പൂരത്തെ പൂരങ്ങളുടെ പൂരമായാണ് കണക്കാക്കുന്നത്. ആലവട്ടവും വെണ്‍ചാമരവും അലങ്കാരങ്ങളാക്കിയ ഗജവീരന്‍‌മാരും പഞ്ചവാദ്യവുമെല്ലാം സൃഷ്ടിക്കുന്ന ഒരു മായിക പ്രപഞ്ചത്തിലേക്കാണ് പൂര പ്രേമികള്‍ ചെന്നിറങ്ങുന്നത്. പൂരത്തിനു ദിവസങ്ങള്‍ക്ക് മുന്നേ തൃശൂര്‍ പട്ടണമാകെ പൂരത്തിരക്കുകളില്‍ മുങ്ങുന്നു.

മേടമാസത്തിലാണ് പൂരം നടക്കുന്നത്. എല്ലാ മതവിഭാഗങ്ങളും ഒരുപോലെ ആഘോഷിക്കുന്നതിനാല്‍ ഈ ആചാരത്തിന്‍റെ മഹത്വമേറുന്നു. മുപ്പത്തിയാറു മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഈ മാരത്തണ്‍ ഉത്സവം സ്വദേശികളെയും വിദേശികളെയും ഒരേപോലെ ആകര്‍ഷിക്കുന്നു.

തൃശൂര്‍ പൂരത്തിന്‍റെ പിറവിക്കു പിന്നില്‍ ഒരു ചരിത്രമുണ്ട്. നേരത്തെ തൃശൂരിലെ ഏറ്റവും വലിയ പൂരമെന്ന് ഖ്യാതി കേട്ടത് ആറാട്ടുപുഴയിലേതായിരുന്നു. ടൌണില്‍ നിന്ന് 12 കിലോമീറ്റര്‍ തെക്ക് മാറിയുള്ള ഈ ക്ഷേത്രത്തിലെ പൂരത്തിന് തൃശൂരിലെ എല്ലാ ക്ഷേത്രങ്ങളും ഭാഗഭാക്കായിരുന്നു. പെരുവനം ഭാഗത്തേക്കുള്ള പ്രവേശനം ബ്രാഹ്മണ മേധാവികള്‍ തടഞ്ഞതോടെ ഇതിന് അവസാനമായി.

ശക്തന്‍ തമ്പുരാന്‍ എന്ന രാമവര്‍മ്മ (1751-1805) അധികാരമേറ്റതോടെ കാര്യങ്ങള്‍ മാറി. നിരാശയിലാണ്ട എല്ലാ ക്ഷേത്രങ്ങളെയും തമ്പുരാന്‍ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിച്ചു. അങ്ങനെ, തിരുവമ്പാടിയും പാറമേക്കാവും പ്രധാനികളായി ചെറുപൂരങ്ങളുടെ തുടിപ്പോടെ തൃശൂര്‍പൂരം പിറവികൊണ്ടു.

വടക്കുംനാഥന് ഉപചാര്‍മര്‍പ്പിക്കാനായി 10 ക്ഷേത്രങ്ങളിലെ ദേവതകളാണ് എത്തുന്നത്. തിരുവമ്പാടി, പാറമേക്കാവ്, കണിമംഗലം, കാരമുക്ക്, ചൂരക്കാട്ടുകര, ലാലൂര്‍, അയ്യന്തോള്‍, നെയ്തിലക്കാവും ചെമ്പുക്കാവും, പനമുക്കമ്പള്ളി എന്നീ ക്ഷേത്രങ്ങളില്‍ നിന്നുള്ള പൂരങ്ങളുടെ സംഗമമാണ് തൃശൂര്‍ പൂരം.
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :