തിരുവിഴ മഹാദേവ ക്ഷേത്രം

ആലപ്പുഴ| WEBDUNIA|

കൈവിഷം കളയാന്‍

ഇവിടുത്തെ കൈവിഷം ഛര്‍ദ്ധിപ്പിക്കല്‍ വളരെ പ്രസിദ്ധമാണ്‌. ദൂരദേശങ്ങളില്‍ നിന്നുംപോലും ധാരാളം ആള്‍ക്കാര്‍ ഇതിനായി ഇവിടെ എത്താറുണ്ട്‌. ദോഷങ്ങളും കഷ്ടകാലങ്ങളും നീങ്ങാനാണ്‌ ഈ വഴിപാട്‌ നടത്തുന്നത്‌.

മരുന്നു സേവിക്കുന്നവര്‍ ചില പ്രത്യേക ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്‌. മരുന്ന്‌ സേവിക്കുന്നതിന്‌ മൂന്നു ദിവസം മുമ്പ്‌ ഒരു ലഹരിപദാര്‍ത്ഥവും ഉപയോഗിക്കരുത്‌. ഗര്‍ഭിണികളും ഹൃദ്രോഗമുള്ളവരും മറ്റും ഈ മരുന്ന്‌ കഴിക്കാന്‍ പാടില്ല. മരുന്ന്‌ കഴിക്കാനെത്തുന്നവരുടെ കൂടെ നിര്‍ബന്ധമായും രക്ഷിതാക്കള്‍ ഉണ്ടായിരിക്കണം.

മരുന്ന്‌ കഴിക്കുന്നവര്‍ തലേദിവസം ദീപാരാധനയ്ക്ക്‌ മുമ്പ്‌ ക്ഷേത്രത്തിലെത്തിച്ചേരണം. രാത്രിയിലെ നാഗയക്ഷി ഗുരുതിയില്‍ പങ്കെടുത്ത്‌ പ്രസാദം കഴിച്ചിരിക്കണം.

പിറ്റേദിവസം പന്തീരടിപ്പൂജയ്ക്ക്‌ ശേഷമാണ്‌ മേല്‍ശാന്തി മരുന്ന്‌ കൊടുക്കുന്നത്‌. മരുന്ന്‌ കഴിച്ച്‌ ക്ഷേത്രം പ്രദക്ഷിണം നടത്തുമ്പോ കൈവിഷം ഛര്‍ദ്ദിച്ചു പോകും. പിന്നീട്‌ ക്ഷേത്രത്തിലെ പടച്ചോറ്‌ കഴിക്കുകയും വേണം.

ഛര്‍ദ്ദിപ്പിക്കുന്നതിന്‌ വേണ്ട മരുന്നുണ്ടാക്കുന്നത്‌ ക്ഷേത്രത്തില്‍ തന്നെ വളരുന്ന ഒരു കാട്ടുചെടിയില്‍ നിന്നാണ്‌. ഇതിന്‍റെ നീര്‌ ദേവന് നേദിച്ച പാലില്‍ ചേര്‍ത്ത്‌ കിണ്ടിയില്‍ ഒഴിച്ചാണ്‌ നല്‍കുന്നത്‌. മരുന്നുണ്ടാക്കുന്നത്‌ ക്ഷേത്രത്തിനടുത്തുള്ള പാലോടത്തു കുടുംബക്കാരാണ്‌.

ഈ ചടങ്ങ്‌ ആരംഭിച്ചതിനെപ്പറ്റി വ്യക്തമായ ഐതിഹ്യങ്ങളൊന്നുമില്ല. വില്വമംഗലം സ്വാമിയാരാണ്‌ ഇത്‌ ആരംഭിച്ചതെന്നും അതല്ല ക്ഷേത്രം പണ്ട്‌ ബുദ്ധഭിക്ഷുക്കളുടേതായിരുന്നുവെന്നും അവരാണ്‌ ഈ ചടങ്ങ്‌ തുടങ്ങിയതെന്നുമുളള അഭിപ്രായ ഭേദങ്ങളുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :