മഹായാഗശാലയൊരുങ്ങി, അനന്തപുരിയില്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല

vishnu| Last Updated: ബുധന്‍, 4 മാര്‍ച്ച് 2015 (18:20 IST)
കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമമധ്യത്തില്‍ പുണ്യഭൂമിയായി ആറ്റുകാല്‍, അനന്തപുരിക്ക്‌ ദിവ്യചൈതന്യം പൂകി നിലകൊള്ളുന്നു. ദക്ഷിണഭാരത്തിലെ ചിരാപുരാതനമായ ആറ്റുകാല്‍ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നാണ്‌ അറിയപ്പെടുന്നത്‌. ഇവിടെ സുഹാസിനിയായ ജഗദംബിക ആശ്രയിപ്പോര്‍ക്കഭയമരുളുന്ന സര്‍വ്വാഭീഷ്‌ടദായിനിയായി കുടികൊള്ളുന്നു. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ്‌ പൊങ്കാല മഹോത്സവം. കാര്‍ത്തിക നാളില്‍ ആരംഭിച്ച്‌ പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളില്‍ പ്രധാനം കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്‌.

ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ഒരു ആത്മസമര്‍പ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ മനസ്സിനുള്ളിലെ ആഗ്രഹങ്ങള്‍ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകര്‍ഷിക്കുന്നത്. പൊങ്കാലകലത്തിലെ മണ്ണ് അസ്ഥിരമായ ശരീരത്തിന്‍റെ പ്രതീകമാണ്. സ്വന്തം ശരീരം ദേവിക്കു സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം. അതായത് പ്രപഞ്ചത്തിന്‍റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്, അതില്‍ അരിയാകുന്ന മനസ്സ് തിളച്ച് അതിന്‍റെ അഹംബോധം നശിക്കുകയും, ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്‍റെ പായസമായി മാറുന്നു എന്നാണ്.

ആറ്റുകാല്‍ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം എത്തിനില്‍ക്കുന്നത്‌ മുല്ലവീട്ടില്‍ കാരണവരിലാണ്‌. ഒരു ദിവസം കിള്ളിയാറ്റില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ബാലിക വന്ന്‌ ആറിനക്കരെ ഒന്നു എത്തിക്കാമോയെന്നു ചോദിച്ചു. നല്ല ഒഴുക്കുണ്ടെങ്കിലും തന്റെ മുതുകില്‍ കയറ്റി ബാലികയെ മറുകരയില്‍ കൊണ്ടെത്തിച്ചു. തന്റെ വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം കൊടുത്ത്‌ ബാലികയെ വീട്ടില്‍ താമസിപ്പിക്കാമെന്ന്‌ വിചാരിച്ചെങ്കിലും ബാലിക അപ്രത്യക്ഷയായി. അന്ന്‌ രാത്രിയില്‍ കാരണവര്‍ കണ്ട സ്വപ്‌നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ടു. ''നിന്റെ മുന്നില്‍ ബാലികാ രൂപത്തില്‍ ഞാന്‍ വന്നപ്പോള്‍ നീ അറിഞ്ഞില്ല. ഞാന്‍ അടയാളപ്പെടുത്തുന്ന സ്‌ഥലത്ത്‌ ക്ഷേത്രം പണിത്‌ എന്നെ കുടിയിരുത്തണം. അങ്ങനെയെങ്കില്‍ ഈ സ്‌ഥലത്തിന്‌ മേല്‍ക്കുമേല്‍ അഭിവൃദ്ധിയുണ്ടാകും.

പിറ്റേദിവസം രാവിലെ കാവിലെത്തിയ കാരണവര്‍ ശൂലത്താല്‍ അടയാളപ്പെടുത്തിയ മൂന്നു രേഖകള്‍ കണ്ടു. പിറ്റേന്ന്‌ അവിടെ കോവിലുണ്ടാക്കി ദേവിയെ കുടിയിരുത്തി. കൊടുങ്ങല്ലൂരില്‍ വാഴുന്ന പാര്‍വ്വതീദേവിയുടെ അവതാരമായ കണ്ണകീദേവിയായിരുന്നു ആ ബാലികയെന്നാണ്‌ വിശ്വാസം. കൂടാതെ സ്‌ത്രീയുടെ പൊങ്കാലസമര്‍പ്പണം തന്റെ ഭര്‍ത്താവായ പിനാകിയെ ലഭിക്കാന്‍ ദാക്ഷായണി നടത്തിയ തപസ്സിനോടും താരതമ്യം ചെയ്യാം. സൂര്യന്‌ അഭിമുഖമായി നിന്ന്‌ സൂര്യതാപം ഏറ്റുകൊണ്ട്‌ വായു മാത്രം ഭക്ഷിച്ച്‌ ഒറ്റക്കാലില്‍ പഞ്ചാഗ്നി മധ്യത്തില്‍ തപസ് അനുഷ്‌ഠിച്ച പാര്‍വതീദേവി തന്റെ അഭീഷ്‌ടസിദ്ധി കൈവരിക്കുന്നതു വരെ ആ നിലയില്‍ തുടര്‍ന്നുവെന്നാണ്‌ പുരാണങ്ങള്‍ പറയുന്നത്‌.

മഹിഷാസുരവധത്തിനു ശേഷം ഭക്‌തജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ദേവിയെ സ്‌ത്രീജനങ്ങള്‍ പൊങ്കാലനിവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്നു കരുതുന്നവരുമുണ്ട്‌. തന്റെ നേത്രാഗ്നിയില്‍ മധുരാനഗരത്തെ ചുട്ടെരിപ്പിച്ച കണ്ണകിയെ സാന്ത്വനപ്പെടുത്തുന്നതിന്‌ സ്‌ത്രീകള്‍ നിവേദ്യം അര്‍പ്പിക്കുന്നുവെന്നതും ഒരു സങ്കല്‌പമാണ്‌. ഇതുപോലെ സര്‍വ്വാഭീഷ്‌ടദായനിയായ ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ വ്രതശുദ്ധിയോടെ തപസ്സനുഷ്‌ഠിച്ച്‌ അഭീഷ്‌ടസിദ്ധി കൈവരിക്കാന്‍ വേണ്ടിയാണ്‌ സ്‌ത്രീകള്‍ പൊങ്കാലയിടുന്നതെന്നാണ്‌ മറ്റൊരു സങ്കല്‌പം.

ഉണക്കലരിയും തേങ്ങയും ശര്‍ക്കരയും പുത്തന്‍ മണ്‍കലത്തില്‍ വെച്ചു തീ പൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. പൊങ്കാലപ്പായസം കൂടാതെ വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി, പാലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം എന്നിവയെല്ലാം പൊങ്കാല അടുപ്പില്‍ വേവും. ജലം, അഗ്നി, മണ്‍കലം എന്നിവയും പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളാണ്‌. കഠിനമായ സൂര്യതാപം കൊണ്ട്‌ ചുട്ടുപൊള്ളുന്ന വെറും തറയില്‍ അടുപ്പും കൂട്ടി അതില്‍ മണ്‍കലം വെച്ച് ശുദ്ധജലത്തില്‍ പൊങ്കാലപ്പായസം തയ്യാറാക്കുന്നു. ആ പായസം തയ്യാറാക്കുന്ന വേളയില്‍ പഞ്ചഭൂതങ്ങളുടെ സംയോഗമാണ്‌ നടക്കുന്നത്‌. ആ സംയോഗത്തില്‍ സ്‌ത്രീകള്‍ തങ്ങളുടെ ശരീരമാണ്‌ ദേവിക്ക്‌ ആദ്യമായി സമര്‍പ്പിക്കുന്നത്‌. തുടര്‍ന്ന്‌ മനസ്സ്‌ ഏകാഗ്രമാക്കി ഈശ്വരാര്‍പ്പണമായി പായസം തയാറാക്കുന്നു.

പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തില്‍ രണ്ടുനേരം കുളിച്ച്, മത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാന്‍ പാടൂള്ളൂ എന്നായിട്ടുണ്ട്). പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക. കാരണം പൊങ്കാല ഇടുവാന്‍ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.

പൊങ്കാല അടുപ്പിന് സമീപം ഗണപതിക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്ക്കണം. പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടേണ്ടത്. പൂരം നാളിലെ ശുഭമുഹൂര്‍ത്തത്തില്‍ മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നു തെളിക്കുന്ന ദീപം തിടപ്പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ നിവേദ്യ അടുപ്പു കത്തിക്കുന്നു. പിന്നീട് കീഴ്ശാന്തി ദീപം പുറത്തേക്കാനയിച്ച പാട്ടുപുരയുടെ മുന്നിലെ പണ്ടാര അടുപ്പു കത്തിക്കുന്നു. കതിനകളും ചെണ്ടമേളവും കുരവയും ആകാശത്തിലുയരുമ്പോള്‍ നിരന്നിരിക്കുന്ന പതിനായിരക്കണക്കിന് അടുപ്പുകളില്‍ തീനാളങ്ങളുയരും.

ഇത് ക്ഷേത്രത്തിനു മുന്‍പിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പില്‍ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളില്‍ തീ കത്തിക്കാന്‍ പാടുള്ളൂ. പൊങ്കാല അടുപ്പില്‍ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയ്യാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. വൈകുന്നേരം മേല്‍ശാന്തി പണ്ടാര അടുപ്പിലെ നിവേദ്യം തീര്‍ത്ഥം തളിച്ച് നിവേദിക്കുന്നു. ഈ സമയം അനേകം പൂജാരിമാര്‍ തീര്‍ത്ഥജലവുമായി നാനാഭാഗങ്ങളിലേക്കു നീങ്ങി പൊങ്കാല എവിടെയുണ്ടോ അവിടെയൊക്കെ എത്തി തീര്‍ത്ഥം തളിച്ചു നേദിക്കും.

വ്രതശുദ്ധിയോടെ പൊങ്കാലയിടുമ്പോള്‍ ശരീരത്തിനും മനസ്സിനും കിട്ടുന്ന ഉണര്‍വ്‌ പ്രത്യേകതയാണ്‌. കുളികഴിഞ്ഞ്‌ ശുദ്ധിയോടെ ഈറന്‍ വസ്‌ത്രം അല്ലെങ്കില്‍ പുതുവസ്‌ത്രം ധരിച്ച്‌ സൂര്യന്‌ അഭിമുഖമായി നിന്ന്‌ പൊങ്കാലയിടുമ്പോള്‍ സൂര്യന്റെ പ്രത്യേക രശ്‌മികളാണ്‌ ശരീരത്തിലേക്ക്‌ പ്രവഹിക്കുന്നത്‌. ഈ രീതിയില്‍ സൂര്യതാപം അടിക്കുമ്പോള്‍ ശരീരത്തിലെ വിഷാംശം നീങ്ങിക്കിട്ടാന്‍ സാധിക്കുമെന്നാണ്‌ ആയുര്‍വേദ വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നത്‌.

പ്രധാന വഴിപാടായ ഈ പൊങ്കാല പായസത്തിന്‌ പുറമേ വെള്ളച്ചോറ്‌, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി എന്ന അട, പയറും അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന മണ്ടപ്പുട്ട് എന്നിവയും പൊങ്കാലദിനം തയാറാക്കുന്ന നിവേദ്യങ്ങളാണ്‌. വിട്ടുമാറാത്ത തലവേദനയുള്ളവര്‍ രോഗശാന്തിക്കായി നടത്തുന്ന വഴിപാടാണ്‌ മണ്ടപ്പുട്ട്‌. അഭീഷ്‌ടസിദ്ധിക്കുള്ളതാണ്‌ വെള്ളച്ചോറ്‌. അരി, ശര്‍ക്കര, തേന്‍, പാല്‍, പഴം, കല്‍ക്കണ്ടം, അണ്ടിപ്പരിപ്പ്‌, പഞ്ചസാര എന്നിവ ചേര്‍ത്തുണ്ടാക്കുന്ന നവരസപ്പായസം കാര്യസിദ്ധിക്കായി സ്‌ത്രീകള്‍ പ്രത്യേകം അര്‍പ്പിക്കുന്ന പൊങ്കാലയാണ്‌. അരി, തേങ്ങ, നെയ്യ്‌, ശര്‍ക്കര, അണ്ടിപ്പരിപ്പ്‌ എന്നിവ ചേര്‍ത്തു തയാറാക്കുന്നതാണ്‌ പഞ്ചസാരപ്പായസം.

ഉത്സവകാലത്തില്‍ എല്ലാ ദിവസവും പകല്‍ ദേവീ കീര്‍ത്തനങ്ങളും ഭജനയും രാത്രിയില്‍ ക്ഷേത്രകലകളും നാടന്‍ കലകളും അരങ്ങേറും. ഉത്സവം ആരംഭിക്കുന്നത്‌ കണ്ണകീചരിതം പാടി കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ്‌. കൊടുങ്ങല്ലൂരമ്മയെ എഴുന്നള്ളിച്ച്‌ ആറ്റുകാല്‍ ക്ഷേത്രത്തില്‍ കൊണ്ടുവരുന്നതു മുതല്‍ പാണ്ഡ്യരാജാവിന്റെ വധം വരെയുള്ള ഭാഗങ്ങളാണ്‌ പൊങ്കാലയ്ക്ക്‌ മുമ്പായി പാടിത്തീര്‍ക്കുന്നത്‌. പൊങ്കാല ദിവസം നടക്കുന്ന വഴിപാടുകളാണ്‌ ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. മഹിഷാസുരനുമായുള്ള ദേവിയുടെ യുദ്ധത്തില്‍ മുറിവേറ്റ ഭടന്മാരെയാണ്‌ കുത്തിയോട്ട ബാലന്മാരായി സങ്കല്‍പിക്കുന്നത്‌.

മൂന്നാം ഉത്സവനാള്‍ മുതല്‍ ബാലന്മാര്‍ കുത്തിയോട്ടവ്രതം ആരംഭിക്കുന്നു. അന്നുരാവിലെ പള്ളിപലകയില്‍ ഏഴ്‌ ഒറ്റ രൂപയുടെ നാണയത്തുട്ടകള്‍ വച്ച്‌ പ്രാര്‍ത്ഥിച്ച്‌ മേല്‍ശാന്തിയില്‍ നിന്നും പ്രസാദം വാങ്ങി വ്രതം തുടങ്ങും. ഏഴുനാള്‍ നീണ്ടു നില്‍ക്കുന്ന ഈ വ്രതത്തില്‍ ദേവിയുടെ തിരുനടയില്‍ ആയിരത്തെട്ട്‌ നമസ്ക്കാരങ്ങളും നടത്തണം. ഈ സമയത്ത്‌ അവരുടെ താമസം ക്ഷേത്രത്തിലായിരിക്കും. ദേവിയെ എഴുന്നള്ളിക്കുമ്പോള്‍ അകമ്പടി സേവിക്കുന്നതും കുത്തിയോട്ടക്കാരാണ്‌. പൊങ്കാല കഴിയുന്നതോടെ കുത്തിയോട്ട ബാലന്മാര്‍ ചൂരല്‍കുത്തിയെഴുന്നെള്ളിപ്പിന്‌ ഒരുങ്ങുന്നു. കമനീയമായ ആഭരണങ്ങളും ആടകളും അണിഞ്ഞ്‌ രാജകുമാരനെപ്പോലെ കീരിടവും അണിഞ്ഞ്‌ ഭഗവതിയെ അകമ്പടി സേവിക്കുന്നു. ചെറിയ ചൂരല്‍ കൊളുത്തുകള്‍ ബാലന്മാരുടെ നെഞ്ചിന്റെ ഇരുവശങ്ങളിലുമായി കോര്‍ക്കുന്നു. എഴുന്നെള്ളത്ത്‌ തിരികെ ക്ഷേത്രത്തില്‍ എത്തി ചൂരല്‍ അഴിക്കുമ്പോഴേ വ്രതം അവസാനിക്കൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :