ശില്‍പ്പ ചാതുര്യത്താല്‍ മനോഹരമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കര്‍ണ്ണാടകത്തിലെ ഉഡുപ്പി ജില്ലയില്‍ സൌപര്‍ണ്ണികാ നദീ തീരത്താണ്. ക്ഷേത്ര ശാസ്ത്ര വിധി പ്രകാരം നിര്‍മ്മിച്ചിരിക്കുന്ന ഈ ദേവീ സന്നിധി മനോഹര രൂപ ഭംഗിയാല്‍ സമ്പന്നമാണ്. വിജയദശമി ദിനത്തില്‍ കുരുന്നുകളുടെ വിദ്യാരംഭത്തിന് ഈ ക്ഷേത്ര സന്നിധി ഏറെ ശുഭകരമാണെന്ന് വിശ്വാസം. കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടങ്ങാനുള്ള നല്ല മുഹൂര്‍ത്തമായി വിജയ ദശമി ദിനത്തെയും ഐശ്വര്യമുള്ള സ്ഥലമായി ഈ ക്ഷേത്രത്തെയും വിലയിരുത്തുന്നു. ഇവിടുത്തെ ദേവിയുടെ ശക്തിയില്‍ വിശ്വസിച്ച് ദേവീ പൂജയ്ക്കും വിദ്യാരംഭത്തിനുമായി ഇന്ത്യയുടെ നാനാ ഭാഗത്തു നിന്നും ധാരാളം ആള്ക്കാര് ഇവിടേക്ക് എത്തുന്നു.
PRO
പുരാണം
സന്യാസിവര്യനായ കോലമഹര്ഷിയില് നിന്നാണ് കൊല്ലൂര്‍ അല്ലെങ്കില്‍ കോലപുര എന്ന നാമം ഉദ്ഭവിച്ചത്. രാക്ഷസ്സനായ കാമാസുരന്റെ ശല്യത്തില്‍ നിന്നും മോചനം ലഭിക്കാന്‍ മഹാലക്ഷ്മിയെ തപസ്സ് അനുഷ്ടിച്ച് പ്രത്യക്ഷപ്പെടുത്തിയത് ഈ മഹര്‍ഷിയാണെന്നാണ് വിശ്വാസം. സ്ത്രീ ഒഴികെ ഹരിയാലും ഹരനാലും മരണമുണ്ടാകില്ലെന്ന വരം ശിവനില്‍ നിന്നും കാമാസുരന് നേടിയെടുത്തു.
അമരത്വം (മരണമില്ലാത്ത അവസ്ഥ) നേടിയ കാമാസുരന് ദേവന്മാര്ക്കു സ്ഥിരം ശല്യക്കാരനായി മാറിയതിനെ തുടര്‍ന്ന് കോല മഹര്‍ഷി നടത്തിയ തപസ്സില്‍ സന്തുഷ്ടയായ ദേവി കാമാസുരനെ മൂകനാക്കിമാറ്റി. അതിനു ശേഷമാണത്രേ കാമാസുരനെ മൂകാസുരന് എന്നു പറയുന്നത്. എന്നാല്‍ ഇതിലും പാഠം പഠിക്കാത്ത മൂകാസുരന് ശല്യം വീണ്ടും തുടര്‍ന്നപ്പോള്‍ ദേവി സ്വന്തം സൈന്യത്തോടൊപ്പം എത്തി രാക്ഷസനെ വധിക്കുകയായിരുന്നു.