ഗരുഢവാഹന എഴുന്നെള്ളത്തും കണ്ഡവന ദഹനവും കൊണ്ടാടുന്ന ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം

parthasarathy temple , aranmula parthasarathy temple , ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം , പാര്‍ത്ഥസാരഥി ക്ഷേത്രം
സജിത്ത്| Last Modified ബുധന്‍, 1 നവം‌ബര്‍ 2017 (15:07 IST)
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്‍മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം. പാര്‍ത്ഥസാരഥിയായ കൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. പത്തനംതിട്ട ജില്ലയിലെ ആറന്‍മുളയില്‍ വിശുദ്ധനദിയായ പമ്പയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാണ്ഡവരില്‍ ഒരാളായ അര്‍ജുനനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം.

യുദ്ധക്കളത്തില്‍ നിരായുധനായ കര്‍ണ്ണനെ കൊന്നതിലുള്ള പാപഭാരം തീര്‍ക്കാനാണത്രെ അര്‍ജുനന്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. മറ്റൊരു ഐതിഹ്യത്തില്‍ പറയുന്നത് ഈ ക്ഷേത്രം ആദ്യം പണിതത് ശമ്പരിമലയ്ക്കടുത്ത നിലയ്ക്കലിലായിരുന്നു എന്നാണ്. അവിടെ നിന്ന് പിന്നീട് വിഗ്രഹം ആറ് മുളക്കഷ്ണങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ചങ്ങാടത്തില്‍ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങനെയാണത്രെ ആറ് മുളക്കഷ്ണങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ ഈ സ്ഥലത്തിന് ആറന്‍മുള എന്ന പേര് വന്നത്.

എല്ലാ വര്‍ഷവും ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറന്‍മുള വള്ളം കളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരന്‍മാര്‍ വരച്ച നിരവധി ചുമര്‍ചിത്രങ്ങളും ക്ഷേത്രത്തില്‍ കാണാം.

കേരളീയ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് ഒരു നല്ല ഉദാഹരണമാണ് ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം. ഇവിടത്തെ പാര്‍ത്ഥസാരഥി വിഗ്രഹത്തിന് ആ‍റടി പൊക്കമുണ്ട്. ക്ഷേത്രത്തിന്‍റെ ചുമരുകളെല്ലാം പതിനെട്ടാം നൂറ്റാണ്ടില്‍ വരച്ച മനോഹരമായ ചിത്രങ്ങളാല്‍ അലങ്കൃതമാണ്. ക്ഷേത്രത്തില്‍ പുറം ചുമരിന്‍റെ നാല് വശങ്ങളിലായി നാല് ഗോപുരങ്ങളുണ്ട്. കിഴക്കന്‍ ഗോപുരത്തിലേക്ക് പതിനെട്ട് പടികളാണുള്ളത്. വടക്കന്‍ ഗോപുരത്തില്‍ നിന്ന് പമ്പ നദിയിലേക്കിറങ്ങാന്‍ 57 പടികളാണുള്ളത്.

വിഗ്രഹ പ്രതിഷ്ഠയുടെ വാര്‍ഷികമായി വര്‍ഷത്തിലൊരിക്കല്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവ പരിപാടികള്‍ ക്ഷേത്രത്തില്‍ ആഘോഷിക്കാറുണ്ട്. മലയാളം കലണ്ടറിലെ മീന മാസത്തിലാണ് ഈ ഉല്‍സവം ആഘോഷിക്കാറ്.

കേരളത്തിന്‍റെ പ്രധാന ഉല്‍സവമായ ഓണത്തിന്‍റെ സമയത്ത് നടക്കുന്ന ആറന്‍മുള വള്ളം കളി ക്ഷേത്രത്തെ ഏറെ പ്രസിദ്ധമാക്കുന്നു. അരിയും മറ്റ് സാധനങ്ങളും വഞ്ചിയില്‍ കയറ്റി അടുത്ത ഗ്രാമമായ മങ്ങാടിലേക്ക് കൊണ്ടുപോയിരുന്ന പഴയ ആചാരത്തില്‍ നിന്നാണ് വള്ളം കളിയുടെ തുടക്കം. ഈ ആചാരം ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്. കൊടിയേറ്റത്തോടെ തുടങ്ങുന്ന ആഘോഷ പരിപാടികള്‍ പമ്പയിലെ ആറാട്ടോടെ സമീപിക്കുന്നു.

ഉല്‍സവത്തിലെ ഒരു പ്രധാന ചടങ്ങാണ് ഗരുഢവാഹന എഴുന്നെള്ളത്ത്. ഗരുഢ മലയില്‍ നിന്ന് പാര്‍ത്ഥസാരഥി വിഗ്രഹം ആനകളുടെ അകമ്പടിയോടെ പമ്പാ തീരത്തേക്ക് ആനയിക്കുന്ന ചടങ്ങാണിത്. ഉല്‍സവ സമയത്ത് ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ് വള്ള സദ്യ.

ക്ഷേത്രത്തിലെ മറ്റൊരു ഉല്‍സവമാണ് കണ്ഡവന ദഹനം. ധനുമാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. ക്ഷേത്രത്തിന് മുമ്പില്‍ ഉണങ്ങിയ ചെടികള്‍, ഇലകള്‍, ചുള്ളിക്കമ്പുകള്‍ എന്നിവ ഉപയോഗിച്ച് ഒരു കാടിന്‍റെ പ്രതിരൂപമുണ്ടാക്കുന്നു. തുടര്‍ന്ന് ഇത് കത്തിക്കും. മഹാഭാരതത്തിലെ കണ്ഡവനത്തിലെ തീയിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ശ്രീകൃഷ്ണന്‍റെ ജന്മദിനമായ അഷ്ടമിരോഹിണിയും ക്ഷേത്രത്തില്‍ ആഘോഷിക്കാറുണ്ട്.

എങ്ങനെ എത്തിപ്പെടാം

റോഡ് മാര്‍ഗം: ജില്ലാ ആസ്ഥാനമായ പത്തനം തിട്ടയില്‍ നിന്ന് വളരെ എളുപ്പത്തില്‍ ബസ് മാര്‍ഗം ഇവിടെ എത്തിച്ചേരാം. 16 കിലോമീറ്ററാണ് ഇങ്ങോട്ടുള്ളത്.

റെയില്‍: ചെങ്ങന്നൂരാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. റോഡ് മാര്‍ഗം 14 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം.

വ്യോമ മാര്‍ഗം: 110 കിലോമീറ്റര്‍ അകലെയുള്ള കൊച്ചി എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്ത വിമാനത്താവളം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :