ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പ്രവാസികള്‍ക്കും വോട്ടവകാശമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.
പ്രവാസികള്‍ക്കും തപാല്‍ വോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് ഡോ. വി പി ഷംസീര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.
ഹര്‍ജിയില്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. നോട്ടീസിനുള്ള മറുപടിയിലാണ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി വോട്ട് ചെയ്യാനുള്ള സൌകര്യം ഈ തെരഞ്ഞെടുപ്പില്‍ തന്നെ നടപ്പാക്കാന്‍ സാധിക്കുമോയെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.
പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 20 (എ) വകുപ്പ് ഭേദഗതി ചെയ്യേണ്ടി വരും. നിയമ ഭേദഗതി കൊണ്ടുവരേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നതിനാല്‍ പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാന്‍ കഴിയില്ല.
ഓണ്‍ലൈന്‍ വോട്ടിന്റെ സാധ്യതകള്‍ പഠിക്കാന്‍ കമ്മീഷന്‍ സമിതിയെ നിയോഗിക്കും. 11,000 ത്തിലധികം പ്രവാസികള്‍ വോട്ടിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തില്‍ ഉള്ള പ്രവാസി വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ വോട്ട് രേഖപ്പെടുത്തുന്നതില്‍ തടസമില്ലെന്നും കമ്മീഷന്‍ അറിയിച്ചു.
ആസാമിലും തൃപുരയിലും ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയതിനാല്‍ ഓണ്‍ലൈന്‍ വോട്ടിന്റെ കാര്യത്തില്‍ നിരവധി ബുദ്ധിമുട്ടുകളുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. സാധ്യതാ പഠനത്തിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കൂ എന്നാണ് അവര്‍ പറയുന്നത്.