പരാശരമുനിക്ക് കാളീ എന്ന മുക്കുവ കന്യകയില്‍ ജനിച്ച പുത്രനാണ് വേദവ്യാസന്‍. മഹാഭാരതത്തില്‍ ഇദ്ദേഹത്തിന്‍റെ ജനനവുമായി ബന്ധപ്പെടുത്തി അനേകം കഥകളും ഉപകഥകളും കാണപ്പെടുന്നു.
അദ്ദേഹത്തിന്‍റെ അമ്മയായ കാളിയുടെ ജനനം വിവരിക്കുന്നതും ഇത്തരമൊരു കഥയിലൂടെയാണ്.
കാളിന്ദീ തീരത്ത് താമസിച്ചിരുന്ന മുക്കുവന്‍റെ വലയില്‍ ഒരിക്കല്‍ ഒരു വലിയ മത്സ്യം അകപ്പെട്ടു. അതിനെ മുറിച്ചപ്പോള്‍ വയറ്റില്‍ നിന്നും രണ്ടു കുഞ്ഞുങ്ങളെ കിട്ടി. ഒരാണും ഒരു പെണ്ണും.
ഇതില്‍ ആണ്‍കുട്ടിയെ ചേദീ രാജാവായ വസു ഏറ്റെടുക്കുകയും പെണ്‍കുഞ്ഞിനെ മുക്കുവനു നല്‍കുകയും ചെയ്തു. ആ കുഞ്ഞാണ് കാളി. അവള്‍ക്ക് മത്സ്യഗന്ധമുള്ളതിനാല്‍ മത്സ്യഗന്ധി എന്നും പേരുണ്ടായി.
കാളി അച്ഛനെ സഹായിക്കാനായി കടത്ത് ജോലി ഏറ്റെടുക്കാറുണ്ടായിരുന്നു. അന്നൊരിക്കല്‍ കടത്ത് കടക്കുന്നതിനായി പരാശരമുനി ആ വഴിക്കു വന്നു. "വിഷ്ണുവിന്‍റെ' അംശമായി പരിശുദ്ധനായി മൂന്നു ലോകത്തും കീര്‍ത്തിക്കപ്പെട്ടവനായി അതിവിദ്വാനായി ലോകാചാര്യനായി ഒരു പുത്രന്‍ നിനക്ക് ജനിക്കും. അവന്‍ വേദത്തെ പകുക്കുന്നവനും ലോകാരാധ്യനുമായിത്തീരുമെന്ന് അനുഗ്രഹിച്ചു.
അപ്രകാരം ജനിച്ച മകനാണ് വ്യാസന്‍. മുനിയുടെ അനുഗ്രഹത്താല്‍ മത്സ്യഗന്ധിയുടെ മത്സ്യഗന്ധം മാറുകയും കസ്തൂരി ഗന്ധം ഉണ്ടാകുകയും ചെയ്തു. കാളിന്ദീ മധ്യത്തിലെ ദ്വീപില്‍ ജനിച്ചതിനാല്‍ ദ്വൈപാനന്‍ എന്നും കറുത്ത നിറമായതിനാല്‍ കൃഷ്ണന്‍ എന്നും പേരുണ്ടായി.
ചന്ദ്രവംശം രാജാവായ ശന്തനു മഹാരാജാവ് വ്യാസന്‍റെ മാതാവായ കാളി (സത്യവതി)യെ വിവാഹം കഴ വഴിയാണ് ഹസ്തിനപുരവുമായി അദ്ദേഹത്തിന് ബന്ധം ഉണ്ടാകുന്നത്.
ശന്തനുവിന് സത്യവതിയിലുണ്ടായ ചിത്രാംഗദനും വിചിത്രവീര്യനും വളരെ ചെറുപ്പത്തില്‍ തന്നെ മരിച്ചതിനാല്‍ വംശം അന്യം നിന്നുപോകുന്നത് തടയാന്‍ അമ്മയുടെ ആവശ്യപ്രകാരമാണ് വ്യാസന്‍ ഹസ്തിനപുരത്തെത്തുന്നത്.
സത്യവതിയുടെ നിര്‍ദ്ദേശപ്രകാരം വ്യാസനില്‍ നിന്നും അംബികയ്ക്കും അംബാലികയ്ക്കും ജനിച്ച പുത്രന്മാരാണ് ധൃതരാഷ്ട്രരും പാണ്ഡുവും.ഇവരിലൂടെയാണ് മഹാഭാരതം കഥക്ക് നിദാനമായ സംഭവങ്ങള്‍ ഉണ്ടാവുന്നത്.