കുട്ടികളെ ‘മണി’ ചീത്തയാക്കുമോ ? എല്ലാ അമ്മമാരും ഇക്കാര്യങ്ങള്‍ അറിഞ്ഞേ പറ്റൂ !

കുട്ടിയെ ‘മണി’ ചീത്തയാക്കുമോ ?

Parenting tips , pocket money , children , കുട്ടി , കുട്ടികള്‍ , പോക്കറ്റ് മണി , മാതൃത്വം
സജിത്ത്| Last Modified ശനി, 18 നവം‌ബര്‍ 2017 (14:17 IST)
“ഈ കുട്ടിയെക്കൊണ്ടു തോറ്റു. ഈ മാസം ആദ്യം പോക്കറ്റ് മണി നല്‍കിയതാണ്. അത് പൊടിച്ച ശേഷം വീണ്ടും ഇതാ പുതിയ ആവശ്യവുമായി കൈയ്യും നീട്ടി എത്തിയിരിക്കുന്നു, ഇതു നടപ്പില്ല,” വീടുകളില്‍ അമ്മമാരും കുട്ടികളും തമ്മില്‍ സാധാരണ നടക്കുന്ന ഒരു വഴക്കിന്‍റെ തുടക്കം ഇങ്ങനെയാവാം. പോക്കറ്റ് മണിയാണ് ഇവിടെ പ്രശ്നം. പോക്കറ്റ് മണിയെ കുറിച്ച് രക്ഷകര്‍ത്താക്കള്‍ക്കിടയില്‍ ഏകാഭിപ്രായമില്ല.

പോക്കറ്റ് മണി നല്‍കിയാല്‍ കുട്ടികള്‍ ദുര്‍ചെലവ് നടത്തുമെന്ന് ഒരുപക്ഷം കരുതുമ്പോള്‍ ഇത് ആവശ്യമാണെന്നാണ് മറുപക്ഷം അവകാശപ്പെടുന്നത്. കുട്ടികള്‍ക്ക് പണം നല്‍കിയാല്‍ അവര്‍ ചീത്തയാവുമോ. പണം നല്‍കിയാല്‍ അവര്‍ അത് ദുര്‍വിനിയോഗം ചെയ്ത് ദുര്‍ന്നടപ്പുകാരായി മാറുമെന്ന് നമുക്കിടയില്‍ പ്രബലമായ ഒരു വിശ്വാസം തന്നെയുണ്ട്. എന്നാ‍ല്‍ ഇത് ശരിയാണോ?

പണം ദുര്‍വിനിയോഗം ചെയ്യുന്നത് ചീത്ത ശീലം തന്നെയാണ്. എന്നാല്‍, ഇക്കാരണത്താല്‍ കുട്ടികള്‍ക്ക് പോക്കറ്റ് മണി അനുവദിക്കാതിരിക്കരുത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുട്ടികളുടെ ആവശ്യങ്ങള്‍ക്കായി പോക്കറ്റ് മണി നിശ്ചയിക്കുന്നത് അവരിലും ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. എന്നാല്‍, പോക്കറ്റ് മണി എത്രത്തോളം നല്‍കണമെന്നത് രക്ഷകര്‍ത്താക്കളുടെ തീരുമാനം.

വളരെ കുറച്ച് പോക്കറ്റ് മണി നല്‍കിയിട്ട് കണ്ണുമടച്ച് ഇരിക്കണമെന്നല്ല ഇതിനര്‍ത്ഥം. പോക്കറ്റ് മണി ചെലവഴിച്ച ശേഷം മോഹിപ്പിക്കുന്ന എന്തെങ്കിലും കണ്ണില്‍ പെട്ട് മകനോ മകളോ അത് വാങ്ങാനുള്ള ശുപാര്‍ശയുമായി അടുത്ത് വരുമ്പോള്‍ ഏകപക്ഷീയമായി കാര്യങ്ങള്‍ അവസാനിപ്പിക്കുന്നതു ശരിയല്ല. മക്കളുടെ ആവശ്യം കേട്ട ശേഷം അത് ന്യായമെങ്കില്‍ അവരോടൊപ്പം കൂടുക തന്നെയാണ് ഉത്തമം.

പോക്കറ്റ് മണി മാസത്തിലോ ആഴ്ചകളിലോ ആവാം. കുട്ടികള്‍ക്ക് ആഴ്ചകളിലായി നല്‍കുന്നതായിരിക്കും നല്ലത്. ഇത്തരത്തില്‍ കിട്ടുന്ന തുക ശരിയായ രീതിയില്‍ വിനിയോഗിക്കുന്നതിലൂടെ അവര്‍ പണം കൈകാര്യം ചെയ്യാനുള്ള ആദ്യപാഠങ്ങള്‍ പഠിക്കുന്നു. തെറ്റുകുറ്റങ്ങള്‍ വരികയാണെങ്കില്‍ രക്ഷകര്‍ത്താക്കളുടെ സംരക്ഷണയില്‍ തന്നെ അത് തിരുത്താനുള്ള അവസരവും ലഭിക്കുന്നു.

പണം ചെലവഴിക്കേണ്ടത് എങ്ങനെയെന്നും സമ്പാദിക്കേണ്ടത് എങ്ങനെയെന്നും പോക്കറ്റ് മണി ശരിയായി വിനിയോഗിക്കുന്നതിലൂടെ കുട്ടികള്‍ക്ക് പഠിക്കാനാവും. കൂടാതെ, സമ്പാദ്യ ശീലത്തിന്‍റെ ആദ്യ പാഠങ്ങളും അവര്‍ക്ക് ഇങ്ങനെ ലഭ്യമാവും. ഇനി തീരുമാനിക്കൂ, പോക്കറ്റ് മണി ആവശ്യമാണോ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :