പേരന്‍റിംഗ് എന്ത് ?

WEBDUNIA|

1) കുട്ടികളുടെ ശരിയായ വികസനത്തിനും, പരിപലനത്തിനും മാതാപിതാക്കളുടെയും, കുഞ്ഞുമായി നേരിട്ട് ഇടപെടുന്നവരുടെയും കടമകളാണ് പേരന്‍റിംഗ് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്.

2) ശിശുപരിപാലനത്തിന് പൊതുവായി നിര്‍ദ്ദേശിക്കാവുന്ന ഒരു മാര്‍"മോ, രീതിയോ ഉണ്ടാക്കിയെടുക്കാന്‍ സാദ്ധ്യമല്ല.

3) സ്ഥലകാല സംസ്കാര വ്യത്യാസങ്ങളനുസരിച്ച് വ്യത്യസ്ത സമൂഹങ്ങളില്‍ വിഭിന്നങ്ങളായ ശിശുപരിപാലന രീതികള്‍ നിലവിലുണ്ട്.

4) അതിനാല്‍ ഓരോ സംസ്കാരത്തിനും യോജിച്ചതും, ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതുമായ ശിശുപരിപാലന രീതികള്‍ പുഷ്ടിപ്പെടുത്തി പ്രായോഗികമാക്കുകയാണ് ഏറ്റവും അഭികാമ്യം.

5) കുട്ടികളുമായി ഇടപഴകുന്ന എല്ലാപേരും പൊതുവായി ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

6) ഓരോ പ്രായവും സാഹചര്യവും അനുസരിച്ച് കുട്ടിക്ക് പലതരം ആവശ്യങ്ങളുണ്ട്. ഈ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ടത് നമ്മുടെ കടമയാണ്.

7) കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനത്തില്‍ അതീവ ശ്രദ്ധ ഉണ്ടായി രിക്കണം.

8) പല രക്ഷിതാക്കളും മനസ്സില്‍ സ്നേഹം ഒളിച്ചുവയ്ക്കുന്നവരാണ്. എന്നാല്‍ പ്രകടിപ്പിക്കുന്ന സ്നേഹമാണ് കുട്ടിക്ക് ആവശ്യം. അതിനാല്‍ കുട്ടിയെ സ്നേഹിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യണം.

9) ജോലിത്തിരക്കും മറ്റ് അസൗകര്യങ്ങളും കാരണം കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ പല മാതാപിതാക്കള്‍ക്കും കഴിയാറില്ല. എന്നാല്‍ ചെറിയ കുട്ടികളോടൊപ്പം ഉപകാരപ്രദമായ രീതിയില്‍ സമയം ചെലവഴിക്കുന്നത് കുട്ടിയുടെ വികസനത്തിന് സഹായകരമായിരിക്കും.

10) ഓരോ കുട്ടിയും ഓരോ വ്യക്തിയാണ്. അതുകൊണ്ടുതന്നെ എല്ലാ കുട്ടികളും വ്യത്യസ്തരുമായിരിക്കും. അതിനാല്‍ കുട്ടിയെ അറിഞ്ഞ് പഠനത്തിനും വികസനത്തിനും വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുവാന്‍ നാം പരിശ്രമിക്കണം.

11) കുട്ടികള്‍ക്ക് പ്രാപ്തിയുണ്ടാകണമെങ്കില്‍ അവര്‍ക്ക് പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും, വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുമുള്ള അവസരങ്ങള്‍ ഉണ്ടാകണം. ഈ അവസരങ്ങള്‍ ഉണ്ടാക്കികൊടുക്കുവാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം.

12) കുട്ടികളെ മനസ്സിലാക്കുവാന്‍ അവനെ / അവളെ സുസൂക്ഷ്മം നിരീക്ഷിക്കുക. കുട്ടികളുടെ വ്യത്യസ്തമായ ഓരോ പെരുമാറ്റത്തിനും വ്യക്തമായ അര്‍ത്ഥവും വ്യാപ്തിയും ഉണ്ട്. അത് ഉള്‍ക്കൊള്ളൂവാനും അവയ്ക്ക് പരിഹാരം ഉണ്ടാക്കുവാനും നമുക്ക് കഴിയണം.

13) അംഗീകാരവും പ്രശംസയും കുട്ടിയുടെ വളര്‍ച്ചയുടെ ചവിട്ടുപടികളാണ്. കുട്ടികളുടെ എല്ലാ നേട്ടങ്ങളേയും, കഴിവുകളേയും അംഗീകരിക്കുകയും പ്രശംസിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

14) മൂല്യബോധമാണ് ഉത്തമ ജീവിതത്തിന്‍റെ അടിത്തറ. അതിനാല്‍ ചെറുപ്പത്തിലേ തന്നെ ധാര്‍മ്മിക ബോധവും, അഹിംസയും, സഹകരണവും, സന്തുലിതസ്വഭാവവും വളര്‍ത്തിയെടുക്കണം.

15) ആത്മവിശ്വാസവും, ആത്മാഭിമാനവും വികസനത്തെ ത്വരിതപ്പെടുത്തുന്ന വ്യക്തിത്വ ഗുണങ്ങളാണ്. അതിനാല്‍ കുട്ടികളില്‍ ഈ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കണം.

16) കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വിവിധ നിയമങ്ങള്‍ നിലവിലുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതും, അവരോട് ക്രൂരത കാണിക്കുന്നതും, അതിന് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതും കുറ്റകരമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :