പൊയ്ക തീര്‍ത്ഥാടന പദയാത്ര

തിരുവല്ല: | WEBDUNIA| Last Modified വ്യാഴം, 3 ജനുവരി 2008 (18:53 IST)


പ്രത്യക്ഷ രകഷാ ദൈവ സഭ (പി ആര്‍ ഡി എസ്) പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്‍റെ പത്നി വി ജാനമ്മയുടെ (അഭിവന്ദ്യ മാതാവ്) ദേഹവിയോഗ ഉപവാസ ധ്യാനയോഗത്തിന്‍റെ സമാപനം കുറിച്ചു കൊണ്ടുള്ള ‘പൊയ്‌ക തീര്‍ത്ഥാടന പദയാത്ര’ വെള്ളിയാഴ്ച നടക്കും. ഒരാഴ്ചയായി ആചരിച്ചു വരുന്ന ദേഹവിയോഗ ഉപവാസധ്യാന യോഗത്തിന്‍റെ പരിസമാപ്തിയാണിത്.

വെള്ള വസ്ത്ര ധാരികളായി പി ആര്‍ ഡി എസ്സിന്‍റെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നില്‍ പെടുന്ന കുളത്തൂര്‍ ദിവ്യമാതാ സ്മാരക മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ഭക്തി സാന്ദ്രമായ പദയാത്ര പി ആര്‍ ഡി എസ് കേന്ദ്രമായ ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗറില്‍ എത്തിച്ചേരും. ഡിസംബര്‍ 29 മുതല്‍ ജനുവരി 4 വരെ ഭക്തിയോടും വ്രതാനുഷ്ടാനങ്ങളോടും ശാഖാ മന്ദിരങ്ങളില്‍ നടത്തി വരുന്ന പ്രാര്‍ത്ഥനയുടെയും ആരാധനയുടെയും പരിസമാപ്തിയാണിത്.

പദയാത്ര ഇരവിപേരൂരില്‍ എത്തിച്ചേര്‍ന്നതിനു ശേഷം വിശുദ്ധ മണ്ഡപത്തില്‍ രാത്രി 11.55 ന് നടക്കുന്ന പ്രാര്‍ത്ഥനയോടു കൂടിയാണ് അവസാനിക്കുക. 1984 ജനുവരി 4 ന് അര്‍ദ്ധരാത്രിയിലായിരുന്നു അഭിവന്ദ്യമാതാവെന്നു ഭക്തിപൂര്‍വ്വം പി ആര്‍ ഡി എസ്സ് അനുയായികള്‍ വിളിക്കുന്ന വി ജാനമ്മയുടെ ദേഹവിയോഗം. അതിനു ശേഷം എല്ലാ വര്‍ഷവും പിആര്‍ഡിഎസ്സ് വിശ്വാസികള്‍ ഒരാഴ്ചക്കാലം ഈ ദിനങ്ങളെ ‘ഉപവാസ ദിനങ്ങള്‍’ എന്ന പേരില്‍ 23 വര്‍ഷമായി ആചരിച്ചു പോരുന്നു.

ശ്രീകുമാരഗുരുദേവനൊപ്പം തന്നെ പിആര്‍ഡിഎസ് വിശ്വാസികള്‍ വി ജാനമ്മയെയും ദൈവശക്തിയായി തന്നെയാണ് ആരാധിക്കുന്നത്. ലോകത്തുടനീളം ദൈവവും ആചാരാനുഷ്ടാനങ്ങളും നഷ്ടമായ അടിമ സന്തതികള്‍ക്ക് ദൈവം അമ്മയായി വന്നതാണ് വി ജാനമ്മയെന്നു പി ആര്‍ ഡി എസ് വിശ്വാസം. ഇതിനൊപ്പം തന്നെ ഗുരുദേവന്‍റെ മൂത്ത പുത്രന്‍ ബ്രഹ്മശ്രീ പിജെ ബേബി (ആചാ‍ര്യഗുരു), ഇളയ പുത്രന്‍ പി ജെ തങ്കപ്പന്‍ (വാഴ്ചയുഗാധിപന്‍) എന്നിവരുടെ ദേഹവിയോഗ ദിനങ്ങളും ഇതേ പ്രാധാന്യത്തോടെ ആചരിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :