1979 ഏപ്രില്‍ നാലിന് ജനിച്ച ഹീത്ത് ലെജര്‍ 1999ലാണ് ഒരു നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഓസ്ട്രേലിയക്കാരനായ ഈ പയ്യന്‍ ഹോളിവുഡിലെ മികച്ച നടന്‍മാരുടെ പട്ടികയില്‍ മുന്‍ നിരയിലെത്തി.
നാടകഭ്രാന്തനായിരുന്ന ലെജര്‍ 1997ല്‍ ബ്ലാക്ക് റോക്ക് എന്ന ലോ ബജറ്റ് സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. പോസ്, റോര്‍, 10 തിങ്സ് ഐ ഹേറ്റ് എബൌട്ട് യു തുടങ്ങിയ ആദ്യകാല സിനിമകള്‍ ലെജറിന് കാര്യമായി ഗുണം ചെയ്തില്ല. എന്നാല്‍ ടൂ ഹാന്‍ഡ്സ്, യുദ്ധത്തിന്‍റെ കഥ പറയുന്ന ദി പേട്രിയറ്റ് തുടങ്ങിയ സിനിമകളിലൂടെ ഹീത്ത് ലെജര്‍ അഭിനയരംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു.
2000ത്തിന് ശേഷം ലെജറിന് നല്ല കാലമായിരുന്നു. അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ച നിലവാരം പുലര്‍ത്തി. ദി ഓര്‍ഡര്‍, മോണ്‍സ്റ്റര്‍ ബോള്‍, നെഡ് കെല്ലി, എ നൈറ്റ്സ് ടെയ്‌ല്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ലെജറിലെ അഭിനയപ്രതിഭയുടെ മാറ്റ് വിളിച്ചോതി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്‍റെ മുന്‍ഗാമികളായ മഹാരഥന്‍മാരുടെ വഴിയേയായിരുന്നു ലെജറിന്‍റെയും യാത്ര. മികച്ച കോമഡിച്ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തു വന്നു.
ദി ഫോര്‍ ഫെതേഴ്സ്, ലോര്‍ഡ്സ് ഓഫ് ഡോഗ്‌ടൌണ്‍, ദി ബ്രദേഴ്സ് ഗ്രിം, ബ്രോക്ക് ബാക്ക് മൌണ്ടന്‍, കാസനോവ, കാന്‍ഡി, ഐ ആം നോട്ട് ദെയര്‍ തുടങ്ങിയവയാണ് ഹീത്ത് ലെജറിന്‍റെ മികച്ച ചിത്രങ്ങള്‍.
ലെജറിനെ കേന്ദ്രകഥാപാത്രമാക്കി ഒട്ടേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങവേയാണ് എല്ലാവരിലും നടുക്കം സൃഷ്ടിച്ചു കൊണ്ട് അദ്ദേഹം യാത്രയായത്.