ബോയ്‌ല്‍ - ചെറിയകാര്യങ്ങളുടെ തമ്പുരാന്‍

WEBDUNIA| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2009 (17:06 IST)
ചെറിയ ആശയങ്ങളില്‍ നിന്ന് വലിയ സ്വപ്നങ്ങള്‍ നെയ്തെടുക്കാനാണ് സ്ലംഡോഗ് മില്യണയറിലൂടെ ഓക്സറിലെ എറ്റവും മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ഡാനി ബോയ്‌ലിന് എപ്പോഴും ഇഷ്ടം. ചെറിയ ചെറിയ കാര്യങ്ങളിലൂടെ വലിയ വലിയ കാര്യങ്ങള്‍ പറയുകയെന്നത് ബോയ്‌ലിന്‍റെ ചിത്രങ്ങളുടെ ശൈലിയായിരുന്നു. സ്ലംഡോഗ് മില്യണയറിലും ബോയ്‌ല്‍ പറഞ്ഞത് വലിയ കാര്യമാണെന്ന് ലോകം അംഗീകരിച്ചിരിക്കുന്നു. മികച്ച സംവിധായകനും ചിത്രത്തിനും ഉള്‍പ്പടെ എട്ട് ഓസ്കറുകളാണ് ചിത്രം വാരിക്കൂട്ടിയത്.

ബ്രിട്ടണിലെ വെയില്‍‌സ് സര്‍വകലാശാലയില്‍ നിന്ന് നാടകവും ഇംഗ്ലീഷും പഠിച്ച ബോയ്‌ല്‍ 1982 മുതല്‍ 87 വരെ ലണ്ടനിലെ റോയല്‍ കോര്‍ട്ട് തിയറ്ററില്‍ സഹസംവിധായകനാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് ബ്രിട്ടീഷ് ടെലിവിഷനിലും ബോയ്‌ല്‍ പ്രവര്‍ത്തിച്ചു.

1994ലാണ് ചെറിയ ബജറ്റിലുള്ള തന്‍റെ ആദ്യ ചിത്രവുമായി ബോയ്‌ല്‍ എത്തുന്നത്. ‘ഷാലോ ഗ്രേവ്‘ എന്ന ഈ ചിത്രം ഒരു ക്രൈം ത്രില്ലറായിരുന്നു. ഇവാന്‍ മക്ഗ്രെഗറുടെ മികവുറ്റ അഭിനയം കൊണ്ടാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ 1996ല്‍ ഇര്‍വിന്‍ വെല്‍‌ഷിന്‍റെ നോവലിനെ ആസ്പദമാക്കി ബോയ്‌ല്‍ എടുത്ത ‘ട്രെയിന്‍‌സ്പോട്ടിംഗ്‘ എന്ന ചിത്രമായിരുന്നു അദ്ദേഹത്തെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടു വന്നത്.

ബ്രിട്ടീഷ് സിനിമയില്‍ പുതിയ പന്ഥാവ് തെളിച്ച ചിത്രമായാണ് ‘ട്രെയിന്‍‌സ്പോട്ടിംഗ്‘ വിശഷിപ്പിക്കപ്പെടുന്നത്. ഹെറോയിന് അടിമപ്പെട്ട എഡിന്‍ബറോയിലെ ഒരു സംഘത്തിന്‍റെ കഥ പറയുന്ന ചിത്രത്തിലും മക്ഗ്രെഗര്‍ തന്നെയായിരുന്നു നായകന്‍.

1997ല്‍ ആദ്യ ഹോളിവുഡ് ചിത്രം ചെയ്യാനുള്ള വാഗ്ദാ‍നം നിരസിച്ച ബോയ്‌ല്‍ ‘എ ലൈഫ്‌ലെസ് ഓര്‍ഡിനറി’ എന്ന ലോ ബജറ്റ് ചിത്രം ചെയ്യാനാണ് പോയത്. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബോയ്‌ല്‍ അടുത്ത ചിത്രവുമായി എത്തിയത്.

അലക്സ് ഗാര്‍ലന്‍ഡിന്‍റെ പ്രശസ്ത നോവല്‍ ദ ബീച്ചിന്‍റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്. ബോയ്‌ലും തന്‍റെ ഇഷ്ട നടന്‍ മക്ഗ്രെഗറും തമ്മിലുള്ള അകല്‍ച്ചയ്ക്ക് ആരംഭം കുറിച്ച സിനിമയെന്ന നിലയിലാണ് ബീച്ച് ഇപ്പോഴും ഓര്‍മിക്കപ്പെടുന്നത്. ആദ്യം മക്ഗ്രെഗറെ നായകനാക്കാനായിരുന്നു ബോയ്‌ലിന് താല്‍പ്പര്യമെങ്കിലും ബോക്സോഫിസ് വിജയം കൂടി കണക്കിലെടുത്ത് ലിയാനാര്‍ഡൊ ഡി കാപ്രിയോയെ നായകനാക്കാനായിരുന്നു നിര്‍മാണ കമ്പനിയുടെ തീരുമാനം. മക്ഗ്രെഗറും ബോയ്‌ലും തമ്മില്‍ അന്ന് തുടങ്ങിയ അകല്‍ച്ച ഇപ്പോഴും തുടരുന്നു.

2002ല്‍ എലിയന്‍ ലവ് ട്രയാം‌ഗിള്‍ ചെയ്ത ബോയ്‌ല്‍ ‘28 ഡേയ്സ് ലേറ്റര്‍’ എന്ന ചിത്രത്തില്ലൂടെ വീണ്ടും ചെറിയ ബജറ്റ് ചിത്രത്തിലേക്ക് തിരിച്ചുപോക്ക് നടത്തി. 2004ല്‍ പുറത്തിറങ്ങിയ മില്യണ്‍സ്, 2007ല്‍ സണ്‍ഷൈന്‍ എന്നിവയും സംവിധായകനെന്ന നിലയില്‍ ബോയ്‌ലിന്‍റെ കൈയ്യൊപ്പ് പതിഞ്ഞവയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :