മഹാബലി തമ്പുരാന് വരവേല്‍പ്പേകി പ്രവാസി മലയാളിലോകം

Onam special, Onam Celebration, Onam Cookery, Onam News, Onam Food, Celebrity Onam, Onam Culture, Onam Pookkalam, ഓണം സ്പെഷ്യല്‍, ഓണാഘോഷം, ഓണസദ്യ, ഓണവാര്‍ത്ത, ഓണച്ചമയം, ഓണപ്പൂക്കളം, പ്രശസ്തരുടെ ഓണം, ഓണവിശേഷം, പ്രവാസി ഓണം
BIJU| Last Updated: വെള്ളി, 11 ഓഗസ്റ്റ് 2017 (14:39 IST)
മലയാളിയുടെ ഉത്സവമാണ് ഓണം. ലോകത്തിന്റെ ഏതു കോണിലായാലും മലയാളികളെ മനസു കൊണ്ട് ഒന്നിപ്പിക്കുന്ന ആഘോഷം കൂടിയാണ് ഓണം. ജന്മനാട്ടില്‍ നിന്നും, ഉറ്റവരേയും, ഉടയവരേയും വിട്ട് അകലങ്ങളില്‍ കഴിയുമ്പോളും ഓണം ആഘോഷ സമൃദ്ധമാക്കാന്‍ ശ്രദ്ധിക്കുന്നവരാണ് ഒരോ മലയാളിയും. ജീവിതമെന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ പ്രവാസമെന്ന വേവ് അനുഭവിക്കുമ്പോള്‍ പോലും ഒരു തുള്ളി ദാഹജലത്തിന്റെ നനവാണ് സ്വന്തം നാടിന്റെ ആഘോഷങ്ങളുടെ ഓര്‍മ്മ ഓരോ പ്രവാസിയ്ക്കും നല്‍കുന്നത്.

മാവേലി മന്നനോടൊപ്പം മലയാള നാട്ടില്‍ മഴയെത്തിയെങ്കിലും മഴയും, വെയിലുമേല്‍ക്കാതെ ഓണം ആഘോഷമാക്കുകയാണ് ഓരോ പ്രവാസി മലയാളികളും ചെയ്യാറുള്ളത്. ഗൃഹാതുരത്വത്തിന്‍റെ പൊന്നോണ ഓര്‍മ്മകളാണ് ഫ്ലാറ്റുകളിലും, ഓഫീസുകളിലും ഓണക്കോടി ഉടുത്തെത്തുന്നവര്‍ പങ്കിടുന്നത്. നാട്ടിലുള്ളവരുടെ ഓണ വിശേഷങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും അറിയുന്ന ഇവര്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ് ആഘോഷിക്കുന്നത്.

കേരളീയ സമാജങ്ങളും അസോസിയേഷനുകളും ഇതിന് ചുക്കാന്‍ പിടിക്കുമ്പോള്‍ പ്രവാസികളുടെ ആഘോഷങ്ങള്‍ക്ക് നാട്ടിലേതിനെക്കാള്‍ മാറ്റ് കൂടുന്നു. അത്തത്തിന് കളമിട്ട് തുടങ്ങിയതും, അത്തം പത്തിന് പൊന്നോണത്തില്‍ സദ്യവട്ടങ്ങളൊരുക്കി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ വാഴയിലയില്‍ ചോറും, അവിയലും, തോരനും, കാളനും മറ്റു വിഭവങ്ങളും കൂട്ടി ഒരുപിടി ചോറു കഴിക്കുമ്പോള്‍ പല പ്രവാസികളുടേയും കണ്ണു നിറയുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്.

പൂക്കളങ്ങളും ഓണപ്പാട്ടുകളും പായസങ്ങളുമൊക്കെയായി അന്യദേശക്കാര്‍ക്ക് മുമ്പില്‍ വിളമ്പി മലയാള നാടിന്‍റെ മാറ്റ് ഉയര്‍ത്താനാണ് ഓരോ മലയാളിയും ശ്രമിക്കുന്നത്. ഒറ്റയ്ക്കു താമസിക്കുന്നവര്‍ക്കായി ഓണ സദ്യയൊരുക്കി കേരള റസ്‌റ്ററന്‍റുകളും മെസ്സുകളും സജീവമായി രംഗത്തുണ്ടാകും. കുടുംബമായി താമസിക്കുന്നവര്‍ ഒരുക്കി കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വിളമ്പുന്ന സൌഹൃദക്കൂട്ടങ്ങളും ഇവിടെ സജീവമാണ്. എന്നാല്‍, ജീവിതതിരക്കിനിടയില്‍ അന്യനാട്ടില്‍ ഓണം ഉണ്ണാന്‍ കഴിയാതെ പോയ വലിയൊരു സംഘം മലയാളികളുമുണ്ട്.

ആഘോഷങ്ങളുടെ അർത്ഥം തന്നെ നഷ്ടപെട്ട ഇക്കാലത്ത് പ്രവാസികളുടെ ഓണാഘോഷം വളരെ പ്രസക്തമാണ്. ജീവിത പ്രാരാബ്ദങ്ങള്‍ മൂലം മറുനാടുകളിലേക്ക് പോകേണ്ടിവന്ന ഓരോ മലയാളിയ്ക്കും ഓണമെന്നത് പലപ്പോഴും ഒരു നഷ്ട സ്മൃതിയായി മാറിക്കൊണ്ടിരിക്കുകയാണ്. യാത്രയ്ക്ക് വേണ്ടിവരുന്ന ഭീമമായ ചെലവും യാത്രാ സൗകര്യക്കുറവുമാണ് പ്രവാസി മലയാളികള്‍ക്ക് ഓണം എന്നത് പ്രവാസത്തോളത്തോളം തന്നെ നീറ്റലാക്കി മാറ്റുന്നത്. എന്നിരുന്നാലും എത്രത്തോളം ജീവിത ദു:ഖങ്ങള്‍ക്കിടയിലും അതിനെ നെഞ്ചിലേറ്റി ലാളിക്കാന്‍ പ്രവാസി മലയാളിക്ക് കഴിയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :