മാവേലിയോട് വരം ചോദിച്ച റാഫി-മെക്കാര്‍ട്ടിന്‍

WEBDUNIA|
PRO
മലയാളിയെ ഒട്ടേറെ ചിരിപ്പിച്ചിട്ടുള്ള സംവിധായക ജോഡിയാണ് റാഫി-മെക്കാര്‍ട്ടിന്‍. ‘ലവ്-ഇന്‍-സിംഗപ്പോര്‍’ എന്ന മമ്മൂട്ടിച്ചിത്രത്തിന് ശേഷം വീണ്ടുമൊരു ചിത്രത്തിന്റെ ‘ആലോചനാ’ ജോലികളില്‍ മുഴുകിയിരിക്കുകയാണ് ഇരുവരും. ഇത്തവണ മാവേലി കേരളക്കരയില്‍ വരുമ്പോള്‍, അവസരം ലഭിക്കുകയാണെങ്കില്‍, എന്ത് വരം ചോദിക്കുമെന്ന് ചോദിച്ചപ്പോള്‍ റാഫി - മെക്കാര്‍ട്ടിന്‍ ടീമില്‍ നിന്ന് കിട്ടിയ ഉത്തരം ഏറെ രസകരമായിരുന്നു.

വര്‍ഷത്തിലൊരു തവണ മാത്രമുള്ള സന്ദര്‍ശനം രണ്ടുതവണയാക്കണമെന്നാണ് മാവേലിയോട് റാഫി ആവശ്യപ്പെടുക. വന്നാല്‍ അന്നുതന്നെ മടങ്ങിപ്പോകരുത്. കുറഞ്ഞത് ഒരാഴ്ചക്കാലത്തേക്കെങ്കിലും കേരളം ഒന്നുകൂടെ ഭരിക്കാനുള്ള അധികാരം ഏറ്റെടുക്കണം. കള്ളവും ചതിയും പൊളിവചനമില്ലാത്ത ഭരണനൈപുണ്യം ഇപ്പോള്‍ കേരളം ഭരിക്കുന്നവര്‍ക്കും ഭരിക്കപ്പെടുന്നവര്‍ക്കും മനസിലാക്കി കൊടുക്കണമെന്നാണ് റാഫി മാവേലിയോട് വരം ചോദിക്കുക.

വാമനന്‍ ചേട്ടനെ കണ്ടാല്‍ ഒന്നുകൂടി കേരളത്തിലേക്ക് പറഞ്ഞയയ്ക്കണം എന്നും മാവേലിയോട് ആവശ്യപ്പെടും. ഇവിടുത്തെ രാഷ്‌ട്രീയക്കാരുടെ ശിരസില്‍ രണ്ടുകാലും വച്ച് ആഞ്ഞുചവുട്ടി പാതാളത്തിലേക്ക് താഴ്ത്താന്‍ വാമനനോട് അപേക്ഷിക്കണമെന്ന വരമാണ് മെക്കാര്‍ട്ടിന്‍ മാവേലിയോട് ചോദിക്കുക.

പക്ഷേ കഷ്ടകാലത്തിനെങ്ങാനും രാഷ്ട്രീയക്കാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ കേരളം സന്ദര്‍ശിക്കാനുള്ള വരം വാമനന്‍ നല്‍‌കിയേക്കുമോ എന്നും മെക്കാര്‍ട്ടിന് ഭയമുണ്ട്. അതുകൊണ്ട് അങ്ങനെ ഒരു വരം അവര്‍ക്ക് നല്‍‌കരുതെന്ന പ്രത്യേക ശുപാര്‍ശ കൂടെ വാമനനോട് നടത്താന്‍ മെക്കാര്‍‌ട്ടിന്‍ ആവശ്യപ്പെടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :