മലയാളി എവിടെയോ അവിടെ ഓണവുമുണ്ട്

WEBDUNIA| Last Modified ശനി, 29 ഓഗസ്റ്റ് 2009 (20:54 IST)
മലയാളിയുടെ പത്തായവും മനസ്സും ഒരുപോലെ നിറയുന്ന മാസമാണ് ചിങ്ങം. ചിങ്ങത്തിലെ തിരുവോണം നാളിലാണ് മലയാളിയുടെ ഏറ്റവും വലിയ ഉത്സവം - ഓണം. ഓണത്തിനോളം പ്രാധാന്യമുള്ള മറ്റൊരു ആഘോഷവും മലയാളിക്കില്ല.

ഓണം ഇന്ന് കേരളീയരുടെ ആഗോള ഉത്സവമാണ്. ലോകത്തിന്‍റെ ഏതു ഭാഗത്തും മലയാളി ഓണം ആഘോഷിച്ചിരിക്കും. അതിനു ജാതിമത വിലക്കുകളോ അതിര്‍ വരമ്പുകളോ ഇല്ല. കാരണം ഓണം ഒരു കാര്‍ഷിക - വിളവെടുപ്പ് ഉത്സവമാണ്. സാമൂഹിക ഉത്സവമാണ്.

മലയാളിയുടെ പത്തായങ്ങള്‍ നിറയുന്ന ഉത്സവം. കുടിയാന്മാരായ കൃഷിക്കാര്‍ കാര്‍ഷിക വിഭവങ്ങളുമായി ജന്മിമാരുടെ മുന്‍പില്‍ ഓണക്കാഴ്ച സമര്‍പ്പിക്കും. ജന്മിമാര്‍ അവരുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് ഓണക്കോടി നല്‍കും - ഇത് പഴങ്കഥ.

ഓണസദ്യയും ഓണക്കോടിയുമാണ് ഓണാഘോഷത്തിന്‍റെ മറ്റൊരു പ്രധാന ഇനം. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ണുന്നു. കേരളക്കരയാകെ ഒരു പോലെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. പ്രകൃതിയും മറ്റ് ജീവജാലങ്ങളും ഒരു പോലെ ഓണത്തെ വരവേല്‍ക്കുന്നു.

മാലോകരെല്ലാം ഒന്നു പോലെ വാണിരുന്ന ഭൂതകാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓണം. ലോകത്തെവിടെയായാലും ഓണം ആഘോഷിക്കാന്‍ മലയാളികള്‍ തയാര്‍. ആഘോഷങ്ങളും കളികളും ഓണപ്പാട്ടുകളും കൊണ്ട് അവര്‍ ഓണത്തെ വരവേല്‍ക്കുന്നു.

കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍ കൂടിയാണ് ഓണം. മലയാളക്കരയിലെത്തുന്ന മാവേലിയുടെ കൂടെ പാക്കനാരും തേവിയമ്മയും വരുമെന്നും പഴമക്കാര്‍ പറയുന്നു. മഹാബലി എത്തുമ്പോള്‍ പൂക്കളവും, പൂജയും, വിശിഷ്ടഭോജ്യവും ഒക്കെ വേണം.

കര്‍ക്കടകത്തിലെ തിരുവോണം പിള്ളേരോണമാണ്. അന്നു മുതല്‍ ഓണാഘോഷം ആരംഭിക്കും. സാധാരണ ഗതിയില്‍ ചതയത്തോടെ ആഘോഷം സമാപിക്കും എന്നാല്‍, മധ്യതിരുവിതാംകൂറിലെ ആറന്മുളയില്‍ ഉതൃട്ടാതി നാളില്‍ നടക്കുന്ന വള്ളംകളിയോടെയാണ് ഓണത്തിന് തിരശ്ശീല വീഴുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :