ഒളിമ്പിക്‍സ്: വിവാദം നീളുന്നു

PROPRO
സ്റ്റേഡിയത്തിനു പുറത്തെ പൊടിയേക്കാളും മനുഷ്യാവകാശ ലംഘന പ്രവര്‍ത്തനങ്ങളേക്കാളും ഒളിമ്പിക്സില്‍ ഇപ്പോള്‍ വിവാദം ഉണ്ടാക്കുന്നത് ചൈനയെ പ്രതിനിധീകരിക്കാന്‍ ഒരുങ്ങുന്ന ജിയാന്‍ യുയുവാ, ഹീ കെക്‍സിന്‍ എന്നീ കൌമാരക്കാരികളാണ്. ചൈന മധുരപ്പതിനെട്ടുകാരികള്‍ എന്ന നിലയില്‍ മത്സരത്തിനായി വേഷം കെട്ടിച്ചെത്തിച്ചിരിക്കുന്ന താരങ്ങള്‍ പതിനഞ്ചു പോലും കടന്നില്ലെന്നാണ് മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് എതിരാളികളുടെ വാദം.

ഇരുവരെയും ഒളിമ്പിക്‍സില്‍ പങ്കെടുപ്പിക്കുന്നതിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നവരെ സഹായിക്കുന്ന തരത്തിലാണ് രേഖകളും. ന്യൂയോര്‍ക്ക് ടൈംസിന്‍റെ സന്‍‌ഡേ റിപ്പോര്‍ട്ടാണ് വിവാദത്തിനു പതിയെ തിരിയിട്ടതും കത്തിച്ചതും. ഒളിമ്പിക്സ് ജിംനാസ്റ്റിക്‍സില്‍ പങ്കെടുക്കാന്‍ കുറഞ്ഞത് 18 വയസ്സ് വേണമെന്നിരിക്കെ ബാര്‍ സ്പെഷ്യലിസ്റ്റായ ഹീ കെക്സിനും ജിയാംഗിനും ബീജിംഗ് ഒളിമ്പിക്‍സ് എത്തുമ്പോള്‍ പതിനാല് പോലും തികഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ കുറെ മാസങ്ങളായി ചൈനീസ് മാധ്യമങ്ങള്‍ ഉയര്‍ത്തിയ സംശയങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് എടുത്തു കാട്ടിയെന്ന് മാത്രമേയുള്ളൂ. ജിംനാസ്റ്റിക്‍സില്‍ കുട്ടികള്‍ പങ്കെടുക്കുന്നത് പതിവാക്കിയതു മൂലം 1997 ലാണ് ജിംനാസ്റ്റിക്‍സ് താരങ്ങള്‍ക്ക് 18 വയസ്സ് എങ്കിലും തികയണമെന്ന നിയമം കൊണ്ടു വന്നത്. ഈ നിയമം അനുസരിച്ച് 2008 ബീജിംഗ് ഒളിമ്പിക്‍സ് തുടങ്ങുന്ന സമയത്ത് താരങ്ങള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണമെന്നും നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.

അമേരിക്കന്‍ ജിംനാസ്റ്റിക്‍സ് ആരാധകരും കൂടി ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയതോടെ ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ജിം‌നാസ്റ്റിക്‍സ് ഫെഡറേഷനും സംശയമായി തുടങ്ങി. എന്നാല്‍ താരങ്ങളുടെ പാസ്പോര്‍ട്ട് രേഖകള്‍ പരിശോധിക്കാനാണ് ചൈനയുടെ വെല്ലുവിളി. ഇതില്‍ ഹീ കെക്‍സില്‍ 1992 ജനുവരി 1 നും ജിയാംഗ് 1991 നവംബര്‍ 1 നുമാണ് ജനിച്ചിരിക്കുന്നത്. ഇതു കണക്കാക്കിയാല്‍ രണ്ടു പേര്‍ക്കും ഒളിമ്പിക്‍സില്‍ പങ്കെടുക്കാമെന്നും ചൈന പറയുന്നു.

എന്നാല്‍ ചൈനീസ് മാധ്യമങ്ങളുടെ ചില വെബ്സൈറ്റുകള്‍ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നു. ഹീക്ക് 2007 നവംബറില്‍ 13 വയസ്സായിരുന്നു പ്രായമെന്ന് വെബ്സൈറ്റ് പറയുന്നു. മെയ് 23 ന് ഹീ യ്ക്ക് 13 വയസ്സേ ഉള്ളൂ എന്ന് വാര്‍ത്ത വിട്ട ഒരു ചൈനീസ് മാധ്യമം പിന്നീട് 16 വയസ്സായെന്ന് തിരുത്തിപ്പറയുകയും ചെയ്തു.

ഒളിമ്പിക്‍സില്‍ അരങ്ങേറ്റം കുറിക്കാന്‍ എത്തുന്ന ഹീ ഈ വര്‍ഷമാണ് ജിംനാസ്റ്റിക്‍സ് രംഗത്തേക്ക് പ്രവേശിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളായ ദോഹ ഏഷ്യന്‍ ഗെയിംസ്, ഖത്തര്‍, ജര്‍മ്മനിയിലെ കോട്ട് ബസ് എന്നിവിടങ്ങളില്‍ എല്ലാം സ്വര്‍ണ്ണം നേടിയ ഹീ യുടെ പ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ യൂ ട്യൂബിലും കിടപ്പുണ്ട്.

WEBDUNIA|
ഇതില്‍ പറയുന്ന കമന്‍ററിയില്‍ താരത്തിനു 14 വയസ്സ് എന്നാണ് പറയുന്നത്. അതിനേക്കാള്‍ തമാശ ചെംഗഡുവില്‍ നടന്ന ആഭ്യന്തര ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന്‍റെ ജനനത്തീയതി കുറിച്ചിരിക്കുന്നത് 1994 ജനുവരി1 എന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :