തൊഴില്‍ നിയമങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക പദ്ധതി

റിയാദ്| WEBDUNIA|
PRO
PRO
നിതാഖാത് വ്യവസ്ഥകളടക്കം തൊഴില്‍ മന്ത്രാലയം നിഷ്കര്‍ശിച്ച നിയമങ്ങള്‍ സ്വയം വിലയിരുത്താന്‍ മന്ത്രാലയം പ്രത്യേക പദ്ധതിക്ക് രൂപംനല്‍കുന്നു. ഇത് നവംബര്‍ മാസത്തോടെ നിലവില്‍വരുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ പരിശോധന, പശ്ചാത്തല വികസന വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല നാസിര്‍ അബൂഥുനൈന്‍ പറഞ്ഞു. തൊഴില്‍ മന്ത്രാലയ വെബ്സൈറ്റ് വഴിയാണ് പദ്ധതി നിര്‍വഹണം. വിലയിരുത്തല്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ തൊഴില്‍ പരിശോധകരും നിരീക്ഷകരും ഇല്ലാതാവുകയില്ലെന്നും മറിച്ച് അവര്‍ക്ക് സഹായകമാവുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപനങ്ങള്‍ സ്വയം വിലയിരുത്താന്‍ മന്ത്രാലയം മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ താല്‍പര്യം കാണിക്കുന്നതായി ബോധ്യപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്നതിനെക്കുറിച്ച് പഠിക്കുന്നതായി അദ്ദേഹം പറഞ്ഞു. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

രാജ്യത്ത് സ്വകാര്യ മേഖലയില്‍ 12 ലക്ഷം സ്ഥാപനങ്ങളും 80 ലക്ഷം തൊഴിലാളികളുമുണ്ട്. ഇതിനുപുറമെ, മന്ത്രാലയ തീരുമാനങ്ങളും നടപ്പാക്കപ്പെടേണ്ടതുണ്ട്. ഇവയുടെ ക്രമീകരണവും ചിട്ടപ്പെടുത്തലും കരുതലോടെ നിര്‍വഹിക്കാന്‍ ഏറെ അധ്വാനവും ആള്‍ശേഷിയും ആവശ്യമായ പശ്ചാത്തലത്തിലാണ് ഓരോ സ്ഥാപനത്തിനും സ്വയം വിലയിരുത്താനും പരിഹാരം കാണാനും സാധ്യമാകുന്ന പദ്ധതിക്ക് രൂപം കൊടുത്തത്. നിരവധി മാനദണ്ഡങ്ങള്‍ മുന്നില്‍വെച്ചാണ് സ്ഥാപനങ്ങള്‍ സ്ഥിതിവിവരങ്ങള്‍ സ്വയം വിലയിരുത്തുക. ഇതിനായി 30 മാനദണ്ഡങ്ങളാണ് മന്ത്രാലയം നിശ്ചയിച്ചത്. ഓരോ സ്ഥാപനവും ഇവ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :