എയര്‍ കേരള ചിറക് മുളച്ചില്ല; പദ്ധതി അനിശ്ചിതത്വത്തില്‍

ദുബായ്| WEBDUNIA|
PRO
PRO
‘എമര്‍ജിംഗ് കേരള’ക്ക് ഒരു വര്‍ഷം തികയുമ്പോഴും പ്രവാസികളുടെ ‘എയര്‍ കേരള’ വിമാനം എന്ന സ്വപ്നത്തിന് ഇനിയും ചിറകുമുളച്ചില്ല. ഗള്‍ഫിലേക്കുള്ള യാത്രാ ക്ളേശം പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടങ്ങാന്‍ ഉദ്ദേശിച്ച വിമാന കമ്പനിയുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രണ്ടു തട്ടിലായതോടെ ബന്ധപ്പെട്ടവര്‍ ഏറെക്കുറെ കൈയ്യൊഴിഞ്ഞ മട്ടാണ്.

2012 സപ്തംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടന്ന ‘‘എമര്‍ജിംഗ് കേരള’ നിക്ഷേപക സംഗമത്തിലാണ് ‘എയര്‍ കേരള’ വിമാനം സര്‍വീസ് എന്ന ആശയത്തി ന് പ്രഥമ പരിഗണനയോടെ ഒദ്യോഗിക പ്രഖ്യാപനമുണ്ടായത്.എന്നാല്‍ വര്‍ഷം ഒന്ന് തികഞ്ഞിട്ടും പ്രഖ്യാപനം ജലരേഖയായതിനാല്‍ യാത്രാ ക്ളേശത്തിന് പരിഹാരമാവാതെ കേരളത്തിലെ പ്രവാസികള്‍ ദുരിതക്കയത്തിലാണ്.

വ്യോമയാന മന്ത്രാലയത്തിന് മുമ്പില്‍ പദ്ധതിയുടെ ആവശ്യകത അവതരിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ ഇതിനുവേണ്ടി വന്‍തുക നിക്ഷേപിക്കാന്‍ തയാറായ പല പ്രമുഖ പ്രവാസി ഇന്ത്യക്കാരും പിന്‍വാങ്ങിയതാണ് പദ്ധതി അനിശ്ചിതത്വത്തിലാവാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്.

കോടികള്‍ നിക്ഷേപിക്കാന്‍ കഴിവുള്ളവര്‍ മാറിനില്‍ക്കുമ്പോള്‍ ഗള്‍ഫിലെ സാധാരണക്കാരില്‍നിന്ന് പണം പിരിച്ച് പദ്ധതി നടപ്പാക്കേണ്ടായെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍െറ നിലപാട്. വ്യോമയാന നിയമപ്രകാരം ചുരുങ്ങിയത് അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയമുള്ളതും കുറഞ്ഞത് 20 വിമാനങ്ങളുള്ളതുമായ ഇന്ത്യന്‍ കമ്പനി ക്ക് മാത്രമേ വിദേശ സര്‍വീസിന് അനുമതി ലഭ്യമാകൂവെന്ന സാങ്കേതിക കുരുക്കും എയര്‍ കേരളക്ക് മുന്നിലുണ്ട്.

ഈ രണ്ട് നിബന്ധനകളില്‍ എയര്‍ കേരളക്ക് ഇളവ് നല്‍കണമെന്ന കേരളത്തിന്‍റെ അപേക്ഷയില്‍ ഇതുവരെ വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല. ഉദ്ദേശം 300 കോടി രൂപയാണ് പ്രവര്‍ത്തനം തുടങ്ങാന്‍ ആവശ്യമുള്ളത്. ഇതിനായി 25 പ്രമുഖ എന്‍ആര്‍ഐ കളില്‍ നിന്ന് 250 കോടി രൂപയും കൊച്ചി രാജ്യാന്തര വിമാന താവള കമ്പനി (സിയാല്‍) യും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് 50 കോടിയും ചേര്‍ത്ത് 300 കോടി സ്വരൂപിക്കാന്‍ നടത്തിയ ശ്രമവും വിജയിച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :