അശ്ലീല വെബ്‌സൈറ്റുകളോട് എതിര്‍പ്പുമായി സൌദി യുവത്വം

ദമാം| WEBDUNIA|
PRO
PRO
അശ്ലീലം പറയുന്ന വെബ്‌സൈറ്റുകളോട് സൌദി യുവത്വത്തിന് എതിര്‍പ്പ്. ദിനംപ്രതി ആയിരത്തോളം അപേക്ഷകളാണ് അശ്ലീല വെബ്‌സൈറ്റുകള്‍ രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്നത്.

സമൂഹത്തെയും യുവതലമുറയെയും വഴിതെറ്റിക്കുന്ന അശ്ലീല സൈറ്റുകളും മറ്റും ലഭ്യമാകുന്നത് തടയണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളില്‍നിന്ന് ദിവസവും 700നും 1,000ത്തിനും ഇടയില്‍ അപേക്ഷകള്‍ ലഭിക്കുന്നതായി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന്‍ (സി ഐ ടി സി) വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ദിവസം 1000 എന്ന കണക്കനുസരിച്ച് വര്‍ഷം മൂന്ന് ലക്ഷത്തിലധികം അപേക്ഷകളാണ് ഇത്തരത്തില്‍ ലഭിക്കുന്നത്. അശ്ലീലസൈറ്റുകള്‍ നിരോധിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ രാജ്യത്ത് നിരോധിച്ച സൈറ്റുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നവരും സജീവമാണ്. എന്നാല്‍ ബ്ലോക്ക് ചെയ്ത വെബ്സൈറ്റുകളുടെ നിരോധനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഏതാണ്ട് 200ഓളം അപേക്ഷകള്‍ മാത്രമാണ് പ്രതിദിനം ലഭിക്കുന്നത്.

സൌദിയില്‍ നിരോധിച്ച വെബ്സൈറ്റുകളില്‍ 93 ശതമാനവും അശ്ലീല സൈറ്റുകളാണ്. സൈറ്റുകള്‍ നിരോധിക്കുന്നതിനോ നിരോധനം നീക്കുന്നതിനോ പൊതുജനങ്ങളില്‍നിന്ന് സി ഐ ടി സിക്ക് ലഭിക്കുന്ന ഓരോ അപേക്ഷയും 48 മണിക്കൂറിനകം പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനമെടുക്കുന്നത്.

സമൂഹത്തിന്‍റെ നല്ല മൂല്യങ്ങള്‍ക്ക് ഒട്ടും അനുകൂലമല്ലാത്ത ഇത്തരത്തിലുള്ള സൈറ്റുകള്‍ നിരോധിക്കാന്‍ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളില്‍നിന്ന് തന്നെ അപേക്ഷകള്‍ ലഭിക്കുന്നത് ശ്രദ്ധേയമാണ്. അശ്ലീലത്തിന് പുറമെ ചൂതാട്ടം, മയക്കുമരുന്ന്, തീവ്രവാദം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകളും വിലക്കാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :