തമിഴ്നാട്ടിലും മലയാളിക്കുട്ടികള്‍ക്ക് യുവജനോത്സവം

ചെന്നൈ| WEBDUNIA| Last Modified ഞായര്‍, 4 ജൂലൈ 2010 (11:28 IST)
PRO
കേരളത്തില്‍ സ്കൂള്‍ തലത്തിലും കൊളേജ് തലത്തിലും നടക്കുന്ന കലാമത്സരങ്ങള്‍ക്ക് സമാന്തരമായി തമിഴ്നാട്ടിലും യുവജനോത്സവം സംഘടിപ്പിക്കുന്നു. തമിഴ്നാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മലയാളി കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുവാനായി ഈ യുവജനോത്സവം സംഘടിപ്പിക്കുന്നത് സി‌ടി‌എം‌എ (കോണ്‍‌ഫഡറേഷന്‍ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷന്‍സ്) ആണ്. ‘ഉത്സവ് 2010’ എന്ന് പേരിട്ടിട്ടുള്ള ഈ മത്സരങ്ങള്‍, ജൂലായ് 10, 11 തീയതികളില്‍ വിപുലമായ രീതിയിലാണ് സംഘടിപ്പിക്കപ്പെടുന്നത്.

ചെന്നൈയിലെ എഗ്‌മോറിലുള്ള ആശാന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ ‘ഉത്സവ് 2010’ നടക്കും. സി.ടി.എം.എ.യില്‍ അംഗങ്ങളായ 43 സംഘടനകളെ പ്രതിനിധീകരിച്ച് വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലുമായി 600 -ഓളം മത്സരാര്‍ഥികള്‍ പങ്കെടുക്കും. മത്സരം നടക്കുന്ന രണ്ട് ദിവസങ്ങളിലും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയും ഒരുക്കുന്നുണ്ട്.

13 മുതല്‍ 17 വയസ്സുവരെയുള്ളവരുടെ ജൂനിയര്‍, 18 മുതല്‍ 23 വയസ്സുവരെയുള്ളവരുടെ സീനിയര്‍, 24 മുതല്‍ 35 വയസ്സ് വരെയുള്ളവരുടെ സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഈ മൂന്നു വിഭാഗങ്ങളിലുമായി 85 ഇനങ്ങളിലാണ് മത്സരം.

ചെന്നൈ നഗരത്തിലെ മലയാളി സംഘടനകളെ കൂടാതെ കോയമ്പത്തൂര്‍, സുലൂര്‍, പൊള്ളാച്ചി, ഈറോഡ്, മലുമച്ചാംപട്ടി, കല്‍പ്പാക്കം, തിരുപ്പൂര്‍, പോത്തന്നൂര്‍, സിംഗനല്ലൂര്‍, പള്ളടം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സംഘടനകളും യുവജനോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് സമ്മാനമുണ്ടാകും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആണ്‍കുട്ടിക്ക് 'കലാപ്രതിഭ' , പെണ്‍കുട്ടിക്ക് 'കലാതിലകം' പുരസ്‌കരങ്ങള്‍ നല്‍കും. സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ കൂടുതല്‍ പോയന്റു നേടുന്ന സ്ത്രീക്കും പുരുഷനും പ്രത്യേക പുരസ്‌കാരം നല്‍കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അംഗ സംഘടനകള്‍ക്ക് എവര്‍ റോളിങ് ട്രോഫിയുണ്ടാകും.

ജൂലായ് 10ന് ശനിയാഴ്ച രാവിലെ 9.30 -ന് പ്രശസ്ത കവിയും കേരള അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ യുവജനോത്സവം ഉദ്ഘാടനം ചെയ്യും. പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം ക്ഷേമാവതി മത്സരാര്‍ഥികളെ അനുഗ്രഹിക്കും. 11 -ന് ഞായറാഴ്ച വൈകിട്ട് 5 -ന് നടക്കുന്ന സമാപനച്ചടങ്ങില്‍ സമ്മാനം വിതരണം ചെയ്യും.

സിനിമാ താരങ്ങളായ മധു, ഷീല, മുകേഷ്, തമിഴ്‌നടന്‍ നാസര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സി.ടി.എം.എ. പ്രസിഡന്റ് എം. നന്ദഗോവിന്ദ്, 'ഉത്സവ്' ചെയര്‍മാന്‍ എം.എ. സലീം, ജനറല്‍ കണ്‍വീനര്‍ കെ.എസ്. ഗോപാല്‍, പ്രധാന കോര്‍ഡിനേറ്റര്‍ സോമന്‍ കൈതക്കാട്, പി‌എന്‍ ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.

ഭരതനാട്യം, നാടോടി നൃത്തം, ലളിതഗാനം, സംഘനൃത്തം, മോഹനിയാട്ടം, കൈകൊട്ടിക്കളി, കേരളനടനം, ഫാന്‍സി ഡ്രസ്, കഥാരചന, കവിതാരചന, പെന്‍സില്‍ ഡ്രോയിങ്, ഉപന്യാസരചന, കര്‍ണാടക സംഗീതം, മാപ്പിളപ്പാട്ട്, മാര്‍ഗം കളി, ദേശഭക്തിഗാനം, ഉപകരണസംഗീതം, ടാബ്ലോ, ഒപ്പന, മോണോആക്‌ട്, മിമിക്രി, പ്രസംഗം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.

ഭാവിയില്‍ ഈ മത്സരങ്ങള്‍ കുറച്ചുകൂടി വിപുലമായ രീതിയില്‍ ഒരുക്കാനും അന്യനാട്ടിലായാലും കേരളീയ സംസ്കാരം പുതുതലമുറയ്ക്ക് അന്യം‌നിന്ന് പോകാതിരിക്കാനും സി‌ടി‌എം‌എ പദ്ധതിയിടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :