“കോലി കൊലപ്പെടുത്തിയ രീതി ഞെട്ടിച്ചു”

ന്യൂഡല്‍ഹി| WEBDUNIA|
PTI
നിതാരി കൂട്ടക്കൊലക്കേസില്‍ പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. റിംപ ഹല്‍ദറിനെ കൊലപ്പെടുത്തിയ കേസിലാണ്‌ വിചാരണക്കോടതിയുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചത്‌. കൊല്ലപ്പെട്ട 19 പേരില്‍ ഒരാളാണ് റിം‌പ ഹല്‍ദര്‍.

പ്രാകൃതവും ഞെട്ടിപ്പിക്കുന്നതുമായ രീതിയിലാണ് നിതാരിയില്‍ കോലി കൊലപാതകങ്ങള്‍ നടത്തിയതെന്ന് കോടതി പറഞ്ഞു. 2009 ഫെബ്രുവരിയിലാണ്‌ റിംപ ഹല്‍ദര്‍ കേസില്‍ സി ബി ഐ പ്രത്യേക കോടതി സുരേന്ദ്ര കോലിയ്ക്ക്‌ വധശിക്ഷ വിധിച്ചത്‌.

എന്നാല്‍, ഈ കേസില്‍ ബിസിനസുകാരന്‍ മൊനീന്ദര്‍ സിംഗ്‌ പാന്ഥറിനെ അലഹബാദ്‌ കോടതി വെറുതെവിട്ട നടപടിയെ ചോദ്യം ചെയ്‌ത് സി ബി ഐ സമര്‍പ്പിച്ച അപ്പീലില്‍ സുപ്രീംകോടതി വിധി പറഞ്ഞില്ല. ഈ കേസില്‍ വിധി പ്രഖ്യാപിച്ചാല്‍ അത് പാന്ഥറിനെതിരെയുള്ള മറ്റു കേസുകളെ ബാധിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചത്.

പെണ്‍കുട്ടികളും യുവതികളും ഉള്‍പ്പടെ 19 പേരെയാണ് നിതാരിയില്‍ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരുടെ മൃതാവശിഷ്ടങ്ങള്‍ മൊനീന്ദര്‍ സിംഗ് പാന്ഥറിന്‍റെ വസതിക്കടുത്തുള്ള ഓടയില്‍ കണ്ടെത്തിയതോടെയാണ് കൂട്ടക്കൊലയുടെ രഹസ്യം പുറത്തുവന്നത്. പാന്ഥറെയും വേലക്കാരനായ സുരീന്ദര്‍ കോലിയെയും പൊലീസ് പിന്നീട് അറസ്റ്റുചെയ്യുകയായിരുന്നു.

19 കേസുകളില്‍ 16 എണ്ണത്തിലാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന്‌ കേസുകളില്‍ തെളിവില്ലാത്തതിനാല്‍ അവസാനിപ്പിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :