സൌദി അറേബ്യയില്‍ ഇന്ത്യക്കാരെ കാലികളെപ്പോലെ വില്‍ക്കുന്നു എന്ന് എയര്‍ ഇന്ത്യ വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഇന്ത്യയിലേക്ക് ഒളിച്ചു കടന്ന മൊറാദാബാദുകാരന്‍ ഹബീബ് ഹുസൈന്‍ വെളിപ്പെടുത്തുന്നു. ഇയാള്‍ ഒരു മാധ്യമത്തിനോട് സംസാരിക്കവെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഇന്ത്യക്കാരെ കാലികളെ പോലെയാണ് സൌദിയില്‍ വില്‍ക്കുന്നത്. ബംഗാളില്‍ നിന്നും യുപിയില്‍ നിന്നുമുള്ള നിരവധി തൊഴിലാളികള്‍ അവിടെ ദുരിതമനുഭവിക്കുന്നു. സൌദിയില്‍ എത്തിയപ്പോള്‍ ആദ്യം ജിദ്ദയില്‍ ആടിനെ മേയ്ക്കുന്ന ജോലിയാണ് ലഭിച്ചത്. അവിടെ, വൈകുന്നേരത്ത് വിമാനത്താവളത്തിലെ തൂപ്പുജോലിക്കും പോകുമായിരുന്ന താന്‍ ദിവസം 14-18 മണിക്കൂര്‍ വരെ ജോലി ചെയ്യുമായിരുന്നു എന്ന് ഹബീബ് പറയുന്നു.പിന്നീട് ജിദ്ദയില്‍ നിന്ന് തന്നെ മദീനയിലെ ഒരു ഏജന്റിന് വില്‍ക്കുകയായിരുന്നു. അവിടെ തനിക്ക് 15 മണിക്കൂര്‍ ജോലിയുണ്ടായിരുന്നു.
പിതാവ് മരിച്ച ശേഷമാണ് താന്‍ തൊഴില്‍ അന്വേഷിച്ച് സൌദിയിലെത്തിയത്. പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയുടെയും ചികിത്സ വേണ്ടുന്ന അമ്മയുടെയും കാര്യമോര്‍ത്തപ്പോള്‍ എങ്ങനെയും നാട്ടിലെത്തണമെന്ന ആഗ്രഹം ശക്തമാവുകയായിരുന്നു. നാട്ടിലുള്ളപ്പോള്‍ ദിവസം 80 രൂപയെങ്കിലും സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നു, എന്നാല്‍ ഗള്‍ഫില്‍ ഒരു രൂപ പോലും ജോലിയില്‍ നിന്ന് ലഭിച്ചില്ല എന്നും ഹബീബ് പറയുന്നു.
സ്വന്തമായുള്ള സ്ഥലം വിറ്റ് ലഭിച്ച ഒരുലക്ഷത്തില്‍ കൂടുതല്‍ രൂപ നല്‍കിയാണ് തനിക്ക് വിസ ലഭിച്ചതെന്നും എന്നാല്‍ ഇതുവരെ സൌദിയില്‍ വേതനം ലഭിച്ചിരുന്നില്ല എന്നും ഹബീബ് പറയുന്നു. വൈകുന്നേരങ്ങളില്‍ വിമാനത്താവളത്തില്‍ ഹാജിമാരുടെ ലഗേജും മറ്റും എടുത്ത് സഹായിക്കുമ്പോള്‍ ലഭിക്കുന്ന തുകയില്‍ നിന്നാണ് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്. എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ വേണ്ടി ഭക്ഷണം പോലും ചുരുക്കി ഹാജിമാരുടെ കൈയ്യില്‍ നിന്ന് ലഭിക്കുന്ന നാമമാത്രമായ തുക സ്വരുക്കൂട്ടി താന്‍ 800 രൂപ സമ്പാദിച്ചു. എന്നാല്‍, പാസ്പോര്‍ട്ട് ചോദിക്കുമ്പോഴൊക്കെ ക്രൂര മര്‍ദ്ദനമാണ് ലഭിച്ചിരുന്നത് എന്നും ഹബീബ് വെളിപ്പെടുത്തി.
ഒടുവില്‍, ഒരു ഹാജിയെ സഹായിച്ചശേഷം എങ്ങനെയും നാട്ടിലെത്താന്‍ വേണ്ടി വിമാനത്തില്‍ ഒളിച്ചു കടക്കുകയായിരുന്നു. വിമാനം പറന്നുയര്‍ന്ന് 45 മിനിറ്റിനു ശേഷം എയര്‍ ഹോസ്റ്റസ് തന്നെ കണ്ടു. തന്റെ കഥ കേട്ടശേഷം അവര്‍ തനിക്ക് ഇരിക്കാന്‍ സീറ്റും കഴിക്കാന്‍ ഭക്ഷണവും നല്‍കി. വിമാനത്തില്‍ ഒളിച്ചു കടക്കുന്നത് ഗുരുതരമായ പ്രശ്നമുണ്ടാക്കുമെന്ന് അറിയാമെങ്കിലും തന്റെ നാട്ടുകാര്‍ക്ക് തന്നെ മനസ്സിലാക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും ഹബീബ് പറയുന്നു.