‘യാസീന്‍ ഭട്കല്‍’ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; പൊലീസിന്റെ പഴി യുവാവിന്!

അഹമ്മദാബാദ്| WEBDUNIA|
PRO
PRO
പോസ്റ്ററില്‍ കണ്ട ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ യാസീന്‍ ഭട്കലിനെ താന്‍ മാര്‍ക്കറ്റില്‍ നേരിട്ടുകണ്ടു എന്ന് അറിയിക്കാനാണ് സാഗര്‍ പട്ടേല്‍(19) പൊലീസിനെ വിളിച്ചത്. തങ്ങള്‍ എത്തുന്നത് വരെ അവിടെ തന്നെ തുടരണമെന്നും അയാളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും പൊലീസ് ഈ യുവാവിനോട് പറഞ്ഞു. എന്നാല്‍ പൊലീസ് കൃത്യവിലോപം കാണിച്ചു എന്ന് മാത്രമല്ല, ഭട്കല്‍ എന്ന് സംശയിക്കപ്പെടുന്നയാള്‍ രക്ഷപ്പെട്ടതിന് തന്നെ ശകാരിക്കുകയും ചെയ്തു എന്നാണ് ഈ യുവാവ് ഇപ്പോള്‍ പറയുന്നത്.

ഗുജറാത്തിലെ സരസ്പൂര്‍ സ്വദേശിയായ സാഗര്‍ കലുപൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ വച്ചാണ് യാസീന്‍ ഭട്കലിനെ പോലെയിരിക്കുന്ന ഒരാളെ കണ്ടത്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് തിരക്കേറിയ മാര്‍ക്കറ്റില്‍ നിന്ന് ഇയാള്‍ ഡയറിയില്‍ എന്തോ കുറിച്ചെടുക്കുകയായിരുന്നു. പൊലീസ് പതിച്ച യാസീന്‍ ഭട്കലിന്റെ പോസ്റ്റര്‍ സാഗര്‍ കണ്ടിട്ടുണ്ട്. അങ്ങനെയാണ് സംശയം തോന്നിയത്. ഭട്കലിനെ കണ്ടെത്തുന്നവര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കണം എന്നും പോസ്റ്ററില്‍ ഉണ്ടായിരുന്നു. സാഗര്‍ ഉടന്‍ തന്നെ 100ല്‍ വിളിച്ച് വിവരം ധരിപ്പിച്ചു. തങ്ങള്‍ എത്തുന്നത് വരെ അവിടെ തന്നെ തുടരണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. 15 മിനിറ്റ് കഴിഞ്ഞിട്ടും പൊലീസ് വരാത്തതിനെ തുടര്‍ന്ന് സാഗര്‍ വീണ്ടും വിളിച്ചു. എന്നാല്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം മറ്റൊരു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണെന്നും അവിടെ നിന്ന് പൊലീസ് സംഘം വരും എന്നുമായിരുന്നു അപ്പോള്‍ ലഭിച്ച മറുപടി.

45 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു പൊലീസുകാരന്‍ സാഗറിനെ മൊബൈലില്‍ വിളിച്ചു. മാര്‍ക്കറ്റിലേക്ക് കടക്കാന്‍ വഴി അറിയില്ലെന്നും അതിനാല്‍ സാഗര്‍ പുറത്തേക്ക് വരണം എന്നും ആവശ്യപ്പെട്ടു. സാഗര്‍ പുറത്ത് വന്ന് പൊലീസുകാരനേയും കൂട്ടി അകത്ത് എത്തുമ്പോഴേക്കും ഭട്കല്‍ എന്ന് സംശയിക്കപ്പെട്ടയാള്‍ സ്ഥലം വിട്ടിരുന്നു.

പൊലീസ് വരുന്നത് വരെ കാത്തുനില്‍ക്കാതെ കണ്ടയാളെ സാഗര്‍ എന്ത് കൊണ്ട് പിടികൂടിയില്ല എന്ന് പൊലീസ് ചോദിച്ചു. താടിവച്ച ആളുകള്‍ എല്ലാം യാസീന്‍ ഭട്കല്‍ അല്ലെന്നും സാഗര്‍ ഓവര്‍ സ്മാര്‍ട്ട് ആകരുതെന്നും പൊലീസ് പറഞ്ഞു എന്നും ഇയാള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :