മോഡിയുടെ പാപക്കറ വാരാണസിയില്‍ കഴുകിക്കളയാനാകില്ലെന്ന് ലാലു പ്രസാദ് യാദവ്. ഗുജറാത്തില്‍ മോഡി ചെയ്തുകൂട്ടിയ പാപങ്ങള്‍ പൊറുക്കാനാവാത്തവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെഡിയു വിട്ട് തന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാക്കള്‍ക്ക് സ്വീകരണം നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് മോഡിക്കെതിരേ ആര്‍ജെഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് പൊട്ടിത്തെറിച്ചത്. ഗുജറാത്തില്‍ മോഡി എണ്ണമറ്റ പാപങ്ങളാണ് ചെയ്തുകൂട്ടിയത്. തന്റെ പാപക്കറ കഴികിക്കളയാനാണ് മോഡി വിശുദ്ധ നഗരമായ വാരാണസിയിലേക്ക് വരുന്നതെന്നും എന്നാല്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും ലാലു പറഞ്ഞു.
മാപ്പര്‍ഹിക്കാത്ത അത്രയും ഹീനമായ കൃത്യമാണ് മോഡി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ബീഹാറിലെ ജനങ്ങള്‍ മോഡിക്കെതിരേ ഒന്നിക്കുകയാണെന്നും രാജ്യത്തെ വര്‍ഗീയ ശക്തികളില്‍ നിന്നും സംരക്ഷിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജെഡി(യു) വിട്ട ഇജാസ് അലി, മുഹമ്മദ് കൈസ് അന്‍വര്‍ എന്നീ നേതാക്കള്‍ ഇന്നലെ ആര്‍ജെഡിയില്‍ ചേര്‍ന്നിരുന്നു.
തന്റെ റാലികള്‍ക്കിടയില്‍ പണം വിതരണം ചെയ്‌തെന്ന ആരോപണം ലാലു തള്ളി. ബിജെപി നേതാവ് എല്‍കെ അദ്വാനിയെ പാകിസ്ഥാന്‍ അഭയാര്‍ത്ഥി എന്ന് പരിഹസിച്ച ലാലു വിഭജനം അദ്വാനിക്ക് മുസ്ലിംങ്ങളോട് വിദ്വേഷമുണ്ടാക്കിയതായും നിരീക്ഷിച്ചു.