പെപ്‌സിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്ന് ഒഴിയുന്നതായി അമിതാഭ് ബച്ചന്‍. പെപ്‌സി പാനിയം വിഷമാണെന്ന തിരിച്ചറിവാണ് തീരുമാനത്തിന് പിന്നിലെന്നും ബിഗ് ബി പറഞ്ഞു.
ഗുജറാത്ത് ടൂറിസം വിഷയത്തില്‍ അലഹബാദില്‍ കോളേജ് വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നതിനിടെയാണ് ബച്ചന്‍ തന്റെ നയം വ്യക്തമാക്കിയത്. പെപ്‌സി വിഷമാണെന്നും താങ്കള്‍ എന്തിനാണ് അതില്‍ അഭിനയിക്കുന്നത് എന്നുമുള്ള ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യമാണ് ഇതിനു പ്രേരണയായത്.
അതേ സമയം ഒരു ബ്രാന്റ് അംബാസിഡറില്‍നിന്ന് ഇത്തരത്തിലൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് പെപ്‌സി അധികൃതര്‍ പറഞ്ഞു. നീണ്ട എട്ട് വര്‍ഷം പെപ്‌സിയുടെ അംബാസിഡറായിരുന്ന ബച്ചന് പ്രതിമാസം മൂന്ന് കോടി രൂപയുടെ കരാറായിരുന്നു പെപ്‌സികോയുമായി ഉണ്ടായിരുന്നത്. ജനങ്ങളില്‍ ഹാനികരമായി ബാധിക്കുന്ന പരസ്യ ചിത്രങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായി ബച്ചനും ബിഗ് ബിയോട് ആവശ്യപ്പെട്ടതായും വാര്‍ത്തകളുണ്ട്.